Enter your Email Address to subscribe to our newsletters

Thiruvanathapuram, 12 ജനുവരി (H.S.)
സമഗ്രശിക്ഷാ കേരള പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ബിആര്‍സി, ഭിന്നശേഷി കുട്ടികള്‍ക്കായി 'സഫലമീയാത്ര' എന്ന പേരില്‍ ഒരു വിമാനയാത്ര സംഘടിപ്പിച്ചു. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് 19 കുട്ടികളാണ് പറന്നെത്തിയത്. വിമാനയാത്രക്ക് ശേഷം കുട്ടികള്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ കണ്ട് സന്തോഷം പങ്കുവച്ചു. നിയമസഭയിലെ മന്ത്രിയുടെ ചേംബറിലെത്തിയ കുട്ടികള്‍ക്ക് മന്ത്രി മധുരവും പൂക്കളും സമ്മാനിച്ചു. കുട്ടികള്‍ വിമാന യാത്രാ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും പാട്ട് പാടുകയും ചെയ്തു.
വിവിധ ഭിന്നശേഷി (CWSN) വിഭാഗത്തില്‍പ്പെട്ട കുട്ടികളും മൂന്ന് രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന 27 അംഗ സംഘമാണ് സംഘത്തിലുള്ളത്. 'കുട്ടികള്‍ക്ക് ആത്മവിശ്വാസവും മനോധൈര്യവും നല്‍കുന്നതിനായാണ് യാത്ര സംഘടിപ്പിച്ചത്. സാധാരണ കുട്ടികള്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ തങ്ങള്‍ക്കും പ്രാപ്യമാണെന്ന് തിരിച്ചറിയുന്നത് ഈ കുട്ടികളില്‍ വലിയ ആത്മവിശ്വാസം വളര്‍ത്തും. 'എനിക്കും ഇത് സാധിക്കും' എന്ന ചിന്ത അവരുടെ മാനസിക വളര്‍ച്ചയ്ക്ക് വലിയ കരുത്തേകും. വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍, സുരക്ഷാ പരിശോധനകള്‍ എന്നിവ പുതിയ അറിവുകള്‍ നല്‍കുന്നതായിരുന്നു.
കുട്ടികള്‍ക്കായി ഈ യാത്ര സ്പോണ്‍സര്‍ ചെയ്തത് ലോക കേരളസഭാ അംഗം ജയിംസ് ചക്കാട്ടും, യാത്ര കോര്‍ഡിനേറ്റ് ചെയ്തത് പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസും ആണ്. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ രശ്മിയും പങ്കെടുത്തു. ചൈല്‍ഡ് ഹെല്‍ത്ത് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. രാഹുല്‍ കുട്ടികളെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.
---------------
Hindusthan Samachar / Sreejith S