Enter your Email Address to subscribe to our newsletters

Thiruvanathapuram, 12 ജനുവരി (H.S.)
സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴയടയ്ക്കാതെ മുങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. നിയമലംഘനം നടത്തി പിഴയൊടുക്കാത്തവരുടെ ഡ്രൈവിംഗ് ലൈസന്‍സും വാഹനത്തിന്റെ ആര്‍സിയും (റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു.
നിയമലംഘനം നടത്തുന്നവര്‍ക്ക് ലഭിക്കുന്ന ചലാനുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഓണ്‍ലൈനായോ 15 ദിവസത്തിനുള്ളില്‍ നേരിട്ടോ കൈപ്പറ്റണം. ഇതിന് ശേഷം 45 ദിവസത്തിനുള്ളില്‍ പിഴയൊടുക്കണം. അല്ലാത്തപക്ഷം ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിലേക്കും ആര്‍ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുന്നതിലേക്കും നടപടികള്‍ നീങ്ങും.
അഞ്ചുതവണയില്‍ കൂടുതല്‍ ഗതാഗത നിയമലംഘനം നടത്തുകയും എന്നാല്‍ പിഴയടയ്ക്കാതിരിക്കുകയും ചെയ്യുന്ന വാഹനങ്ങളെ 'ബ്ലാക്ക് ലിസ്റ്റില്‍' ഉള്‍പ്പെടുത്തും. ഇത്തരം വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നുള്ള ഒരു സേവനവും ലഭിക്കില്ല.
ചുവപ്പ് സിഗ്‌നല്‍ ലംഘിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, അപകടകരമായ രീതിയില്‍ ഡ്രൈവിംഗ് നടത്തുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് പിഴയടച്ചില്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും വ്യവസ്ഥയുണ്ട്.
പൊലീസും മോട്ടോര്‍ വാഹന വകുപ്പും ചുമത്തുന്ന പിഴത്തുകയില്‍ ചെറിയൊരു ശതമാനം മാത്രമാണ് നിലവില്‍ ഖജനാവിലേക്ക് എത്തുന്നത്. നിയമത്തെ ഗൗരവമായി കാണാത്ത പ്രവണത വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടികള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിയമലംഘകരുടെ വിവരങ്ങള്‍ തത്സമയം 'വാഹന്‍', 'സാരഥി' പോര്‍ട്ടലുകളില്‍ ലഭ്യമാകും.
---------------
Hindusthan Samachar / Sreejith S