Enter your Email Address to subscribe to our newsletters

Newdelhi, 15 ജനുവരി (H.S.)
ഇറാനില്‍ സര്‍ക്കാരിനെതിരേ നടക്കുന്ന ആക്രമാസക്തമായ പ്രതിഷേധങ്ങളുടെയും അമേരിക്കയുമായുള്ള സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ വ്യോമാതിര്‍ത്തി അടച്ചിട്ടത് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകളെയും ബാധിക്കുന്നു.
അന്താരാഷ്ട്ര യാത്രകള്‍ നടത്തുന്ന യാത്രക്കാര്‍ക്കായി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.ആഴ്ച്ചകളായി ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുകയാണ്. ഈ സംഘര്‍ഷത്തില്‍ യുഎസിന്റെ ഇടപെടലും മറ്റും രാജ്യാന്തര തലത്തിലേക്കു പ്രശ്‌നം വ്യാപിപ്പിച്ചിരിക്കുകയാണ്.
ഇതേതുടര്‍ന്നാണ് ഇറാന്‍ വ്യോമാതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ചത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള പ്രധാന വിമാനക്കമ്പനികള്‍ യാത്രാ റൂട്ടുകളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ഇറാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി ബദല്‍ പാതകളിലൂടെയാണ് ഇപ്പോള്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്.
ഇതിനാല്‍ വിമാനങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ സാധാരണയേക്കാള്‍ കൂടുതല്‍ സമയമെടുത്തേക്കാം.റൂട്ട് മാറ്റാന്‍ കഴിയാത്ത ചില വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് തിരിക്കും മുന്‍പ് തങ്ങളുടെ വിമാനം പുറപ്പെടുന്ന കൃത്യമായ സമയം പരിശോധിക്കണമെന്ന് കമ്പനികള്‍ അഭ്യര്‍ത്ഥിച്ചു.
ഇറാനില്‍ രൂക്ഷമായ സംഘര്‍ഷം നടക്കുന്നതിനാല്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും പെട്ടെന്നുണ്ടായ ഈ മാറ്റത്തില്‍ ഖേദിക്കുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു. ഏതു നിമിഷവും ഉണ്ടായേക്കാവുന്ന വ്യോമാക്രമണങ്ങളും കൂടി പരിഗണിച്ചാണ് റൂട്ട് മാറ്റാനുള്ള വിമാനക്കമ്പനികളുടെ തീരുമാനം.
ഇന്‍ഡിഗോ വിമാനങ്ങളില്‍ യാത്ര നിശ്ചയിച്ചിരുന്നവര്‍ക്ക് തടസങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ വെബ്‌സൈറ്റ് വഴി റീബുക്കിങ് ഓപ്ഷനുകള്‍ പരിശോധിക്കാവുന്നതാണ്. സ്പൈസ്ജെറ്റും സമാനമായ ഒരു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിലേക്കു പോകുന്നതിന് മുന്‍പ് യാത്രക്കാര്‍ അവരുടെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് സ്പൈസ്ജെറ്റ് അറിയിച്ചിട്ടുണ്ട്.
ഇറാനിലെ ആഭ്യന്തര പ്രശ്‌നങ്ങളും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയും മുന്‍നിര്‍ത്തിയാണ് വ്യോമാതിര്‍ത്തി അടച്ചത്. ഔദ്യോഗിക അനുമതിയുള്ള വിമാനങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ അവിടെ പ്രവേശനമുള്ളത്. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്തുണ പ്രഖ്യാപിച്ചത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്.
ഇറാനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനാണ് ട്രംപ് ആവശ്യപ്പെട്ടത്. അമേരിക്ക ആക്രമിച്ചാല്‍ യുഎസിന്റെ സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭീഷണിയെതുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ യുഎസ് താവളങ്ങളില്‍ നിന്ന് സൈനിക ഉദ്യോഗസ്ഥരെ അമേരിക്ക പിന്‍വലിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇസ്രായേലിനെതിരെ 12 ദിവസം നീണ്ടു നിന്ന യുദ്ധത്തിന്റെ സമയത്തും ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ലോകമെമ്പാടും നിരവധി വിമാനക്കമ്പനികള്‍ ഇതിനകം ഇറാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കിയിട്ടുണ്ട്.
ഈ പാതയിലൂടെയുള്ള വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും ചിലത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും റൂട്ട് മാറ്റുകയും ചെയ്തിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR