Enter your Email Address to subscribe to our newsletters

Kollam, 15 ജനുവരി (H.S.)
തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഒരിക്കലും കൈവിടില്ലെന്ന കരുതിയ കോര്‍പ്പറേഷനുകളിലും പഞ്ചായത്തുകളലും കനത്ത് തോല്‍വി നേരിടേണ്ടി വന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ ഈ തിരിച്ചടി നേരിടാന്‍ വീടുകയറുകയാണ് സിപിഎം. ഇന്നു മുതല്‍ ജനുവരി 22 വരെ നേതാക്കളും പ്രവര്‍ത്തകരുമെല്ലാം വീടുകളില്‍ എത്തും. ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടിയുളള സന്ദര്‍ശനം എന്നാണ് സിപിഎം ഔദ്യോഗികമായി നല്‍കിയിരിക്കുന്ന വിശദീകരണം.
ശബരിമല സ്വര്‍ണക്കൊള്ള തന്നെയാണ് ഈ തിരഞ്ഞെടുപ്പിലെ തിരച്ചടിക്കുളള പ്രധാന കാരണം എന്നാണ് സിപിഎം വിലയിരുത്തല്‍. ഇക്കാര്യം പാര്‍ട്ടി പരസ്യമായി സമ്മതിച്ചിട്ടില്ല. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ എല്ലാം ഇതാണ് ഉയര്‍ന്ന് കേട്ടത്. അതുകൊണ്ട് തന്നെയാണ് വീടുകളില്‍ എത്തി അയ്യപ്പന്റെ സ്വര്‍ണം അടിച്ചുമാറ്റി ആരേയും വിടില്ലെന്ന പ്രചരണത്തിന് ശ്രമിക്കുന്നത്. നേരത്തെ ശബരിമല യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയും സര്‍ക്കാര്‍ നിലപാടും അതിന് എതിരായ പ്രക്ഷേഭവും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വലിയ തിരിച്ചടി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം സിപിഎം നേതാക്കളും പ്രവര്‍ത്തകരും ഇതുപോലെ വീടുകളില്‍ എത്തി തെറ്റ് ഏറ്റുപറഞ്ഞിരുന്നു. ഇതിന്റെ ഗുണം തുടര്‍ ഭരണമായി സിപിഎമ്മിന് ലഭിക്കുകയും ചെയ്തു.
ഇതേ മാതൃകയില്‍ പിഴവുകള്‍ ഏറ്റുപറഞ്ഞും സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ജനക്ഷേമപ്രവര്‍ത്തനങ്ങളും പ്രചരിപ്പിക്കുക എന്നതാണ് ഇത്തവണത്തെ ഗൃഹസന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഇതിലൂടെ മൂന്നാം പിണറായി സര്‍ക്കാര്‍ എന്നതാണ് സിപിഎം ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിനെ ജനം എങ്ങനെ സ്വീകരിച്ചു എന്നറിയാം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കണം.
ഗൃഹസന്ദര്‍ശനത്തിന് സിപിഎം വിശദീകരണം
തദ്ദേശ തെരഞ്ഞെടുപ്പ്, സര്‍ക്കാരിന്റെ വികസന- ക്ഷേമപ്രവര്‍ത്തനങ്ങള്‍, മതനിരപേക്ഷത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവ ജനങ്ങളുമായി സംവദിക്കും. പാര്‍ടി വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തുറന്ന സംവാദം നടത്തും. എല്ലാ തലത്തിലുമുള്ള സിപിഐ എം നേതാക്കള്‍ ഉള്‍പ്പെടെ ഇതിന്റെ ഭാഗമാകും. തുടര്‍ന്ന് വാര്‍ഡ് അടിസ്ഥാനത്തില്‍ കുടുംബ യോഗങ്ങളും ലോക്കല്‍ അടിസ്ഥാനത്തില്‍ പൊതുയോഗവും സംഘടിപ്പിക്കും.
മതനിരപേക്ഷ കേരളത്തിന്റെ അടിത്തറ തകര്‍ന്നുകൂടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. ബിജെപിയും യുഡിഎഫും വീട് കയറിയും സമൂഹമാധ്യമങ്ങളിലൂടെയും നടത്തിയ പ്രചാരണങ്ങള്‍ മതനിരപേക്ഷത തകര്‍ക്കുന്നതും വിശ്വാസത്തെ രാഷ്ട്രീയത്തിനായി ദുരുപയോഗം ചെയ്യുന്നതുമായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂവെന്ന വസ്തുതയും ജനങ്ങളോട് പറയും. തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്നത് ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹ നിലപാടുകള്‍ക്കും വര്‍ഗീയതക്കുമെതിരായി ശക്തമായ പ്രക്ഷോഭവും നടത്തും.
---------------
Hindusthan Samachar / Sreejith S