Enter your Email Address to subscribe to our newsletters

New delhi, 15 ജനുവരി (H.S.)
പൊങ്കല്‍ റിലീസായി എത്തിക്കാന്‍ ശ്രമിച്ച വിജയ് ചിത്രം ജനനായകന്റെ റിലീസ് വൈകും. റിലീസിനുള്ള സ്റ്റേ നീക്കാന്‍ സുപ്രീം കോടതിയെ സമീപിച്ച നിര്‍മ്മാതാക്കള്‍ക്ക് കനത്ത തിരിച്ചടി. റിലീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ നിര്‍മാതാക്കളോട് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
ഇതോടെ പൊങ്കലിന് ചിത്രം ഇറങ്ങില്ലെന്ന് ഉറപ്പായി. ഇനി പൊങ്കല്‍ അവധി കഴിഞ്ഞ് ജനുവരി 20-ന് ശേഷം മാത്രമേ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കുകയുള്ളൂ. ജനുവരി ഒമ്പതിനാണ് ജനനായകന്‍ റിലീസ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയത്. യുഎ സര്‍ട്ടിഫിക്കറ്റോടെ റിലീസിനാണ് സിംഗിള്‍ ബെഞ്ഞ് നിര്‍ദേശിച്ചത്.
ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാനുള്ള സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്റെ തീരുമാനവും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ അപ്പീലില്‍ അന്ന് തന്നെ ചിത്രത്തിന്റെ റീലീസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. ഇതിന് എതിരായാണ് നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെത്തുടര്‍ന്ന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചത്.
വിജയിന്റെ ജനനായകനെ പിന്തുണച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചത്. സിനിമയുടെ പ്രദര്‍ശനം തടയാനുള്ള ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണമാണെന്നും തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിജയിക്കാന്‍ കഴിയില്ലെന്നുമാണ് രാഹുല്‍ കുറിച്ചത്. സെന്‍സര്‍ കുരുക്കിന്റെ പേരില്‍ സിനിമയുടെ റിലീസ് അനിശ്ചിതമായി വൈകുന്ന സാഹചര്യത്തിലാണ് ടിവികെ നേതാവു കൂടിയായ വിജയ്ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധിയെത്തിയത്.
നേരത്തേ തമിഴ്നാട് മുഖ്യമന്ത്രിയും വിജയ്യുടെ രാഷ്ട്രീയ എതിരാളിയുമായ എം.കെ. സ്റ്റാലിനും ചിത്രത്തെ പരോക്ഷമായി പിന്തുണച്ചിരുന്നു. ഇഡി, സിബിഐ തുടങ്ങിയവയ്ക്ക് പിന്നാലെ സെന്‍സര്‍ ബോര്‍ഡിനേയും യൂണിയന്‍ സര്‍ക്കാര്‍ ആയുധമാക്കി മാറ്റിയെന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.
---------------
Hindusthan Samachar / Sreejith S