സ്വര്‍ണക്കൊള്ള അന്വേഷണം അവസാനിപ്പിക്കുന്നത് എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളെ രക്ഷിക്കാന്‍: കെ. സുരേന്ദ്രന്‍
Thiruvanathapuram, 15 ജനുവരി (H.S.) തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള അന്വേഷണം സ്‌പെഷ്യന്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം ഏതാണ്ട് അവസാനിപ്പിച്ച മട്ടാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അന്വേഷണം മുന്നോട്ടുപോയാല്‍ എല്‍ഡിഎഫിലെ
K Surendran


Thiruvanathapuram, 15 ജനുവരി (H.S.)

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള അന്വേഷണം സ്‌പെഷ്യന്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം ഏതാണ്ട് അവസാനിപ്പിച്ച മട്ടാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അന്വേഷണം മുന്നോട്ടുപോയാല്‍ എല്‍ഡിഎഫിലെയും യുഡിഎഫിലെയും പല പ്രമുഖരായ നേതാക്കളും കുടുങ്ങുമെന്നതിനാലാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണക്കൊള്ളയില്‍ നേരിട്ടു പങ്കാളികളായ ഉന്നത രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടിക്ക് താല്പര്യമില്ലന്ന് സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഹൈക്കോടതി എസ്‌ഐടിയെ രൂക്ഷമായാണ് വിമര്‍ശിച്ചത്. അന്വേഷണത്തില്‍ കോടതിക്ക് തൃപ്തിയില്ലാത്തതിനാലാണത്. ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്യാത്തത് മകന്‍ ഐപിഎസ്സുകാരനായതിനാലാണോ എന്നാണ് കോടതി ചോദിച്ചത്. സാമാന്യ ജനത്തിനും ഈ സംശയമാണുള്ളത്. ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ വാജിവാഹനത്തെക്കുറിച്ചു പറയുന്നത് വിചിത്രമായ വാദങ്ങളാണ്. അജയ്തറയിലിനും അടൂര്‍പ്രകാശിനും കടകംപള്ളിസുരേന്ദ്രനുമെല്ലാം സ്വര്‍ണക്കൊള്ളയിലുള്ള പങ്കിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്.

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് കക്ഷിഭേദമില്ലാതെ ഇടതു വലതു മുന്നണികള്‍ നേതൃത്വം നല്‍കുകയായിരുന്നെന്ന് സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫ്- എല്‍ഡിഎഫ് കുറുവാ സംഘം ശബരിമല കൊള്ളയടിക്കുകയായിരുന്നു. കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതാവ് സോണിയക്കു ബന്ധമുള്ള പുരാവസ്തുക്കച്ചവടക്കാര്‍ക്ക് ഇവയെല്ലാം വിപണനം ചെയ്യുകയായിരുന്നു എന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണവും നടക്കുന്നില്ല. അന്വേഷണം അട്ടിമറിക്കുന്ന സര്‍ക്കാരിന്റെ നിലപാടിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഇന്ന് നാടെങ്ങും അയ്യപ്പ ജ്യോതിയായി തെളിയിച്ചിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കുന്നതു വരെ പ്രക്ഷോഭം ശക്തമാക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മാരാര്‍ജി ഭവനില്‍ നടന്ന ദീപം തെളിയിക്കലില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, സംസ്ഥാന സോഷ്യല്‍ മീഡിയ കണ്‍വീനര്‍ അഭിജിത് രാധാകൃഷ്ണന്‍, മേഖലാ സംഘടനാ സെക്രട്ടറി കു.വേ. സുരേഷ്, മുതിര്‍ന്ന നേതാക്കളായ പ്രൊഫ. കെ.കെ രമ, പി. രാഘവന്‍, എം. മോഹനചന്ദ്രന്‍നായര്‍ തുടങ്ങിയവരും സംബന്ധിച്ചു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിഷേധിച്ച് മകര സംക്രമ ദിനമായ ഇന്നലെ കേരളത്തിലെ പതിനായിരത്തിലധികം കേന്ദ്രങ്ങളില്‍ ബിജെപി, ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ചു. 'വീട്ടിലും നാട്ടിലും അയ്യപ്പജ്യോതി' പരിപാടിയില്‍ ലക്ഷക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ അണിചേര്‍ന്നു. ബിജെപി ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും ജ്യോതി തെളിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News