Enter your Email Address to subscribe to our newsletters

Hyderabad , 20 ജനുവരി (H.S.)
ഹൈദരാബാദ്: മഹാരാഷ്ട്ര മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ചതിന് പിന്നാലെ ഭാരതീയ ജനതാ പാർട്ടിയുമായി (ബിജെപി) യാതൊരു വിധത്തിലുള്ള രാഷ്ട്രീയ സഖ്യത്തിനും സാധ്യതയില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച് എഐഎംഐഎം (AIMIM) അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. കടലിന്റെ രണ്ട് തീരങ്ങൾ ഒരിക്കലും ഒത്തുചേരാത്തതുപോലെ ബിജെപിയും എഐഎംഐഎമ്മും രണ്ട് ധ്രുവങ്ങളിലാണെന്ന് അദ്ദേഹം പറഞ്ഞു. എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഒവൈസി തന്റെ നിലപാട് വ്യക്തമാക്കിയത്.
അക്കോട്ടിലെ സംഭവം; കർശന നടപടി:
മഹാരാഷ്ട്രയിലെ അക്കോട്ടിൽ അഞ്ച് എഐഎംഐഎം കോർപ്പറേറ്റർമാർ ബിജെപിയുമായി ചേർന്ന് ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ഇവർക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഒവൈസി വ്യക്തമാക്കി. തങ്ങൾ ചേരുന്ന ഗ്രൂപ്പിന് ബിജെപിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞില്ലെന്നായിരുന്നു കോർപ്പറേറ്റർമാരുടെ വിശദീകരണം. എന്നാൽ ഉടൻ തന്നെ മുനിസിപ്പൽ കമ്മീഷണർക്ക് കത്ത് നൽകി പിന്തുണ പിൻവലിക്കാൻ താൻ നിർദ്ദേശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയോ ഏക്നാഥ് ഷിൻഡെ വിഭാഗമോ അജിത് പവാർ വിഭാഗമോ ആരുമാകട്ടെ, ശത്രുപക്ഷത്തുള്ള രാഷ്ട്രീയ ചേരികളുമായി സഹകരിക്കുന്നവർക്കെതിരെ പാർട്ടി കർശന നടപടി സ്വീകരിക്കും. ഇംതിയാസ് ജലീൽ അത്തരക്കാരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ വൻ വിജയം:
മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എഐഎംഐഎം കാഴ്ചവെച്ച മികച്ച പ്രകടനത്തെ ഒവൈസി ശ്ലാഘിച്ചു. ഇത്തവണ 125 സീറ്റുകളിലാണ് പാർട്ടി വിജയിച്ചത്. ഒരു മാസം മുൻപ് നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ 85 സീറ്റുകൾ കൂടി ചേർത്താൽ സംസ്ഥാനത്താകെ പാർട്ടിക്ക് ഇപ്പോൾ 200-ലധികം കോർപ്പറേറ്റർമാരുണ്ട്. ചത്രപതി സംഭാജിനഗർ, മാലേഗാവ്, ധൂലെ, അമരാവതി, സോലാപൂർ, മുംബൈ എന്നിവിടങ്ങളിൽ പാർട്ടി കരുത്തു തെളിയിച്ചു. ചരിത്രത്തിലാദ്യമായി മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (BMC) എട്ട് സീറ്റുകൾ നേടി പ്രവേശനം ലഭിച്ചത് പാർട്ടിയുടെ വളർച്ചയുടെ അടയാളമാണെന്ന് അദ്ദേഹം വിലയിരുത്തി. താഴെത്തട്ടിൽ വർഷങ്ങളായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം നേതാവല്ല, ജനകീയ നേതാവ്:
താൻ ഒരു മുസ്ലിം നേതാവായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ഒവൈസി അഭിമുഖത്തിൽ ആവർത്തിച്ചു. ഞാൻ ഒരു മുസ്ലിം നേതാവല്ല, അങ്ങനെ ആകാൻ ആഗ്രഹിക്കുന്നുമില്ല. വരുംതലമുറയിൽ നൂറുകണക്കിന് പുതിയ നേതാക്കളെ വാർത്തെടുക്കുക എന്നതാണ് എന്റെ പാർട്ടിയുടെ ലക്ഷ്യം. അവർ ഭാവിയിൽ നേതൃത്വനിരയിലേക്ക് വരും, അദ്ദേഹം പറഞ്ഞു. എൻസിപി (ശരദ് പവാർ വിഭാഗം), മഹാരാഷ്ട്ര നവനിർമ്മാണ സേന (എംഎൻഎസ്) തുടങ്ങിയ പാർട്ടികളെ പിന്നിലാക്കി പലയിടങ്ങളിലും എഐഎംഐഎം മുന്നേറിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം ജനങ്ങളിലെത്തിക്കാൻ സാധിച്ചതുകൊണ്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പ് ചിത്രം:
മഹാരാഷ്ട്രയിലെ 2,869 തദ്ദേശ സ്വയംഭരണ സീറ്റുകളിൽ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം 1,824 സീറ്റുകൾ നേടി വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ശിവസേന (യുബിടി), എംഎൻഎസ് സഖ്യത്തിന് 168 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസ് - വഞ്ചിത് ബഹുജൻ അഘാഡി സഖ്യം 324 സീറ്റുകൾ നേടി. ശക്തമായ മത്സരത്തിനിടയിലും സ്വന്തം തട്ടകങ്ങളിൽ കരുത്തുറപ്പിക്കാൻ സാധിച്ചത് എഐഎംഐഎമ്മിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. ബിജെപിയുമായി ഒരു കാലത്തും കൈകോർക്കില്ലെന്ന ഒവൈസിയുടെ പ്രഖ്യാപനം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാർട്ടിയുടെ രാഷ്ട്രീയ നിലപാട് എന്തായിരിക്കുമെന്ന് വ്യക്തമാക്കുന്നു.
---------------
Hindusthan Samachar / Roshith K