ദീപക്കിന്റെ മരണം : ഷിംജിത അറസ്റ്റില്‍ ; ഒളിവില്‍ കഴിഞ്ഞത് വടകരയിലെ ബന്ധുവീട്ടില്‍
Kozhikkode, 21 ജനുവരി (H.S.) ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ പകര്‍ത്തി പങ്കുവെച്ച വടകര സ്വദേശി ഷിംജിത മുസ്തഫ പിടിയില്‍ . വടകരയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ
deepak


Kozhikkode, 21 ജനുവരി (H.S.)

ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ പകര്‍ത്തി പങ്കുവെച്ച വടകര സ്വദേശി ഷിംജിത മുസ്തഫ പിടിയില്‍ .

വടകരയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഷിംജിതയെ പിടികൂടിയത് . ഇവര്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ യുവതി ഒളിവില്‍ പോയി. ഇതിനിടെ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോഴിക്കോട് ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കി. അഡ്വ. നല്‍സണ്‍ ജോസ് മുഖാന്തരമാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്.സംഭവത്തില്‍ ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ ചെയ്ത ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

കോഴിക്കോട്ട് സ്വകാര്യ ബസില്‍ നിന്നുള്ള വീഡിയോ ദൃശ്യം പുറത്തുവന്നതിനു പിന്നാലെ ദീപക്ക് എന്ന യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഷിംജിത മുസ്തഫക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു. ഷിംജിത സംസ്ഥാനം വിട്ട് മംഗളൂരുവിലേക്ക് കടന്നതായാണ് സൂചന. യുവതിക്കെതിരെ ആത്മഹത്യാ പ്രേരാണാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പൊലീസില്‍ പരാതി നല്‍കാതെ യുവതി വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അന്വേഷിക്കുന്നുണ്ട്. ഇതിനിടെ മെന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ദീപക്കിന്റ വീട്ടില്‍ എത്തി സഹായധനം കൈമാറി.

ഗോവിന്ദപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യു.ദീപക് പയ്യന്നൂരില്‍ അല്‍ അമീന്‍ എന്ന സ്വകാര്യ ബസിലാണ് കയറിയതെന്നതില്‍ സ്ഥിരീകരണമായി. ബസിന്റെ ഡ്രൈവര്‍ ക്യാബിനു സമീപമുള്ള സിസിടിവിയിലാണ് ദീപക് വെള്ളിയാഴ്ച ബസിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. വലിയ തിരക്കുണ്ടായിരുന്ന ബസില്‍ മുന്‍വാതിലിലൂടെ കയറി പിന്‍ഭാഗത്തേക്കു പോയ ദീപക്കിന്റെ മറ്റു ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല.

രാമന്തളിയില്‍നിന്ന് പയ്യന്നൂരിലേക്കു വരികയായിരുന്ന ബസില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ന് ദീപക് കയറുന്ന ദൃശ്യമാണ് പുറത്തുവന്നത്. പിന്നില്‍ ഒരു ബാഗ് തൂക്കിയിട്ടാണ് ദീപക് കയറുന്നതെന്നു ദൃശ്യത്തില്‍ കാണാം. ബസിലെ ജീവനക്കാരുടെയും മറ്റു യാത്രക്കാരുടെയും മൊഴി അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് രേഖപ്പെടുത്തുമെന്നാണു വിവരം. ബസില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ബസ് ജീവനക്കാര്‍ വെളിപ്പെടുത്തുന്നത്. മോശം അനുഭവം ഉണ്ടായി എന്ന് വിഡിയോ പകര്‍ത്തിയ യുവതി പരാതി നല്‍കുകയോ ശ്രദ്ധയില്‍പ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നു ബസ് കണ്ടക്ടര്‍ രാമകൃഷ്ണനും വിശദീകരിച്ചു. ബസ് ഉടമ ഇത്തരത്തില്‍ ഒരു വിഡിയോ പ്രചരിക്കുന്നതായി പറഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതായി അറിഞ്ഞതെന്നും ബസ് ജീവനക്കാര്‍ പറയുന്നു.

---------------

Hindusthan Samachar / Sreejith S


Latest News