ഉത്തരാഖണ്ഡിൽ യുസിസി നടപ്പിലാക്കിയിട്ട് ഒരു വർഷം: ഏകീകൃത സിവിൽ കോഡ് സ്ത്രീസുരക്ഷ വർദ്ധിപ്പിച്ചു; മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി
Hrishikesh , 21 ജനുവരി (H.S.) ഋഷികേശ്: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കിയതോടെ സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ഗണ്യമായി വർദ്ധിച്ചുവെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. നിയമം നടപ്പിലാക്കിയതിന്റെ ഒന്നാം വാർഷികത്തോടനുബന
ഉത്തരാഖണ്ഡിൽ യുസിസി നടപ്പിലാക്കിയിട്ട് ഒരു വർഷം:  ഏകീകൃത സിവിൽ കോഡ് സ്ത്രീസുരക്ഷ വർദ്ധിപ്പിച്ചു; മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി


Hrishikesh , 21 ജനുവരി (H.S.)

ഋഷികേശ്: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കിയതോടെ സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ഗണ്യമായി വർദ്ധിച്ചുവെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. നിയമം നടപ്പിലാക്കിയതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഋഷികേശിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുസിസിയെക്കുറിച്ച് നിലനിന്നിരുന്ന എല്ലാ ആശങ്കകളും തെറ്റായ പ്രചാരണങ്ങളും ഇപ്പോൾ അവസാനിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശങ്കകൾ അവസാനിച്ചു, സ്വകാര്യത സുരക്ഷിതം യുസിസി നടപ്പിലാക്കുന്ന സമയത്ത് പല വിഭാഗങ്ങൾക്കിടയിലും വിവേചനത്തെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചും വലിയ രീതിയിലുള്ള സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അഞ്ച് ലക്ഷത്തിലധികം കേസുകൾ കൈകാര്യം ചെയ്തതിൽ ഒരിടത്തുപോലും സ്വകാര്യത ലംഘിക്കപ്പെട്ടതായി പരാതി ഉയർന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ മനസ്സിലുണ്ടായിരുന്ന സംശയങ്ങളും ഭയവും പൂർണ്ണമായും മാറി. കിംവദന്തികൾക്ക് ഇനി സ്ഥാനമില്ല, ധാമി പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിലും ഈ നിയമം വലിയ പങ്കുവഹിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

ഡിജിറ്റൽ സേവനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും യുസിസി സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുന്നതിനായി നൂതന സാങ്കേതികവിദ്യകളാണ് ഉത്തരാഖണ്ഡ് സർക്കാർ ഉപയോഗിക്കുന്നത്. യുസിസി വെബ്സൈറ്റ് മലയാളം ഉൾപ്പെടെ ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഭാഷകളിൽ ലഭ്യമാണ്. രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കാനും വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സഹായവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ സാധാരണക്കാർക്ക് ഇടനിലക്കാരുടെ സഹായമില്ലാതെ തന്നെ സ്വന്തമായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.

ജനക്ഷേമ പദ്ധതികൾ വീട്ടുപടിക്കൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികൾ അർഹരായവർക്ക് നേരിട്ട് എത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിസംബർ 17-ന് ആരംഭിച്ച പ്രത്യേക ക്യാമ്പയിനിലൂടെ ഇതുവരെ 1.75 ലക്ഷത്തിലധികം ആളുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ജനങ്ങളുടെ പരാതികൾ കേൾക്കാനും പരിഹരിക്കാനും നേരിട്ടുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലളിതവൽക്കരണത്തിലൂടെ പരിഹാരം എന്നതാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒരു വർഷത്തിനിടെ യുസിസി രജിസ്ട്രേഷൻ നടപടികളുമായി ബന്ധപ്പെട്ട് ഒരൊറ്റ പരാതി പോലും ലഭിച്ചിട്ടില്ല എന്നത് ഭരണസംവിധാനത്തിന്റെ മികവാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സാങ്കേതിക മികവിന്റെയും സുതാര്യതയുടെയും ഉത്തമ ഉദാഹരണമായി ഉത്തരാഖണ്ഡിലെ ഏകീകൃത സിവിൽ കോഡ് മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആദ്യമായി യുസിസി നടപ്പിലാക്കിയ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

---------------

Hindusthan Samachar / Roshith K


Latest News