Enter your Email Address to subscribe to our newsletters

Thiruvanathapuram, 22 ജനുവരി (H.S.)
ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ ഒരു ചര്‍ച്ചയുടെയും ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദേവസ്വം മന്ത്രിയുടെ രാജിയാണ് വേണ്ടത്. എസ്.ഐ.ടിക്ക് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനാവശ്യ സമ്മര്‍ദ്ദം അവസാനിപ്പിക്കുകയും വേണം. ഈ രണ്ട് ആവശ്യങ്ങളാണ് പ്രതിപക്ഷം മുന്നോട്ടു വയ്ക്കുന്നത്. നേരത്തെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ചവിട്ടി പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പിന്നീട് അയാളെ സര്‍ക്കാര്‍ ആ സ്ഥാനത്ത് നിന്നും മാറ്റി. അയാളെ തുടരാന്‍ അനുവദിക്കാനായിരുന്നു പദ്ധതി. ഞങ്ങളുടെ സമരത്തിന്റെ ഭാഗമായാണ് പുതിയ ദേവസ്വം പ്രസിഡന്റ് വന്നത്. പക്ഷെ മന്ത്രി വാസവന്‍ അതേ സ്ഥാനത്ത് തുടരുകയാണ്.
നവംബര്‍ അഞ്ചിലെ ഉത്തരവില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് കോടതി നടത്തിയിരിക്കുന്നത്. 2019ല്‍ നടത്തിയ കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി 475 ഗ്രാം സ്വര്‍ണം തിരിമറി നടത്തിയ വ്യക്തിയാണെന്ന് അറിഞ്ഞിട്ടും അയാള്‍ക്ക് തന്നെ സ്വര്‍ണം പൂശാന്‍ ശില്‍പങ്ങള്‍ നല്‍കിയത് കോടതിവിധിയുടെ ലംഘനമാണ്. 2019-ല്‍ നടത്തിയ സ്വര്‍ണക്കൊള്ളയെ കുറിച്ച് കൃത്യമായി അറിയാമിയിരുന്നിട്ടും 2024-ല്‍ വീണ്ടും പോറ്റിയെ വിളിച്ചു വരുത്തി. അതില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കത്തുണ്ടായിരുന്നു. അടിയന്തിരമായി ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. 27-ന് സ്പോണ്‍സര്‍ഷിപ്പില്‍ ഈ പ്രവര്‍ത്തി നടത്താന്‍ ബോര്‍ഡ് ഉത്തരവിറക്കുകയും ചെയ്തു. 2024-ല്‍ ഇത് നടക്കാത്തതു കൊണ്ട് 2025-ല്‍ കൃത്രിമമായി അര്‍ജന്‍സിയുണ്ടാക്കി ശില്‍പങ്ങള്‍ കൊണ്ടുപോകാന്‍ വീണ്ടും ശ്രമം ആരംഭിച്ചെന്നാണ് കോടതി പറയുന്നത്. നവംബറില്‍ ആരംഭിക്കുന്ന മണ്ഡലകാലത്തിന് മുന്‍പ് തന്നെ ശബരിമലയില്‍ അറ്റകുറ്റപ്പണി നടത്താന്‍ സമയമുണ്ടായിട്ടും ദ്വാരപാലക ശില്‍പങ്ങള്‍ പുറത്ത് കൊടുത്തുവിടാന്‍ സൗകര്യം ഒരുക്കിയെന്നും കോടതി വിധിയിലുണ്ട്. ഇക്കാര്യത്തില്‍ ദേവസ്വം മന്ത്രി വാസവനും ദേവസ്വം പ്രസിഡന്റായിരുന്ന വാസവനും പൂര്‍ണമായ ഉത്തരവാദിത്വമുണ്ട്. മന്ത്രി വാസവന്‍ രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിനാണ് കോടതി അടിവരയിട്ടിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇവര്‍ക്കെല്ലാം ഉത്തരവാദിത്തമുണ്ട്. ഇവരെല്ലാം മാന്യന്‍മാരായി മന്ത്രിസഭയില്‍ ഇരിക്കുമ്പോള്‍ എന്ത് ചര്‍ച്ചയാണ് നടത്തേണ്ടത്? എന്ത് മറുപടിയാണുള്ളത്? മന്ത്രിമാരായ എം.ബി രാജേഷും ശിവന്‍കുട്ടിയും നിയമസഭയില്‍ എന്താണ് പറഞ്ഞത്? സമനിലതെറ്റിയവരെ പോലെയാണ് രണ്ട് മന്ത്രിമാരും സംസാരിച്ചത്. സോണിയ ഗാന്ധിയാണോ സ്വര്‍ണക്കൊള്ള നടത്തിയത്? സ്വര്‍ണക്കൊള്ള നടത്തിയ മൂന്ന് സി.പി.എം നേതാക്കള്‍ ജയിലിലാണ്. അവര്‍ക്കെതിരെ നടപടി എടുക്കാന്‍ പോലും ധൈര്യമില്ലാത്ത പാര്‍ട്ടിയാണ് സി.പി.എം.
സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളി സുരേന്ദ്രന് വ്യക്തമായ പങ്കുണ്ട്. കടകംപള്ളിയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സമ്മര്‍ദ്ദം ചെലുത്തുകയാണ്. കൂടുതല്‍ നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന ഭയംകൊണ്ടാണ് ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ സി.പി.എം തയാറാകാത്തത്. സ്വര്‍ണക്കൊള്ളയെ കുറിച്ച് സി.പി.എം നേതൃത്വത്തിന് അറിയാമായിരുന്നു. അറിഞ്ഞിട്ടും ഒന്നുകൂടി കൊള്ള നടത്തുവാന്‍ 2024ലും 25ലും ശ്രമം നടത്തി. അതുകൊണ്ടാണ് മന്ത്രി വാസവന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. ഉത്തരവാദികളായവര്‍ ക്യൂ നില്‍ക്കുകയാണ്. ആ സാഹചര്യത്തില്‍ ഒരു ചര്‍ച്ചയുടെയും ആവശ്യമില്ല. ഇതേ വിഷയം നിയമസഭയ്ക്കുള്ളിലും പുറത്തും ചര്‍ച്ച ചെയ്തതാണ്. പ്രതിപക്ഷം സഭാ നടപടികള്‍ സ്തംഭിപ്പിക്കുന്നത് ആദ്യമായാണോ? ചരിത്രത്തില്‍ ആദ്യമാണെന്നാണ് സ്പീക്കര്‍ പറഞ്ഞത്. സഭയുടെ ചരിത്രം സ്പീക്കര്‍ പരിശോധിക്കണം. സ്പീക്കറുടെ കസേരയില്‍ ഇരുന്ന് തെറ്റ് പറയാന്‍ പാടില്ല. നിയമസഭ തല്ലിപ്പൊളിച്ചത് നോട്ടീസ് നല്‍കിയ ശേഷമാണോ? മുണ്ട് മടക്കിക്കുത്തി ശിവന്‍കിട്ടി ഡെസ്‌ക്കിന് മുകളില്‍ കയറി എല്ലാ തല്ലിപ്പൊളിച്ചത് നോട്ടീസ് നല്‍കിയിട്ടാണോ? ഈ അഞ്ച് വര്‍ഷത്തിനിടെ പ്രതിപക്ഷം നിയമസഭയില്‍ ഒരു അതിക്രമമവും കാട്ടിയിട്ടില്ല. ഭരണപക്ഷമാണ് മന്ത്രിമാരുടെ പ്രസംഗവും നന്ദി പ്രമേയ ചര്‍ച്ചയും തടസപ്പെടുത്തിയത്. ഭരണപക്ഷം ബഹളമുണ്ടാക്കിയതും പ്രതിപക്ഷം വരുന്നതു പോലെ പുറത്തേക്ക് വന്ന് മാധ്യമങ്ങളെ കണ്ടതും നല്ലകാര്യമാണ്. വരാന്‍ പോകുന്ന അഞ്ച് വര്‍ഷത്തേക്കുള്ള റിഹേഴ്സലാണ് ഭരണകക്ഷി നടത്തിയത്. അവര്‍ പ്രതിപക്ഷത്താകുമ്പോള്‍ ചെയ്യേണ്ട കാര്യം ഇപ്പോള്‍ ചെയ്തെന്നാണ് ഞങ്ങള്‍ക്ക് തോന്നിയത്.
എത്രയോ ആളുകള്‍ സോണിയ ഗാന്ധിയെ കാണാന്‍ പോകുന്നത്. അന്ന് അയാള്‍ ഇത്തരമൊരു കേസില്‍ പെട്ടിട്ടുമില്ല. മുഖ്യമന്ത്രിക്കൊപ്പം പോറ്റി നില്‍ക്കുന്ന ചിത്രവുമുണ്ടല്ലോ. അതുകൊണ്ട് മുഖ്യമന്ത്രിയെ പ്രതിയാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടോ? കൊള്ളയില്‍ പങ്കില്ലെങ്കിലും കൊള്ളക്കാരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. കടകംപള്ളിയെ കൂടെ നിന്ന് ഫോട്ടോ എടുത്തതിനല്ല പറഞ്ഞത്. കടകംപള്ളി അന്ന് ദേവസ്വം മന്ത്രിയാണ്. മന്ത്രിയോട് ആലോചാക്കാതെ ദേവസ്വം ബോര്‍ഡ് ഒരു തീരുമാനങ്ങളും എടുക്കില്ല. മന്ത്രിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലേക്ക് അയച്ചത്. അതിനുള്ള തെളിവുകള്‍ എസ്.ഐ.ടിയുടെ കയ്യിലുണ്ട്.
ശബരിമല വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. അതുകൊണ്ടാണ് നോട്ടീസ് നല്‍കാതിരുന്നത്. നിയമസഭ തല്ലിപ്പൊളിച്ചവര്‍ നിയമസഭയിലെ ജനാധിപത്യം പ്രതിപക്ഷത്തെ പഠിപ്പിക്കേണ്ട. പ്രതിപക്ഷം നിയമസഭയില്‍ എങ്ങനെ പെരുമാറണം എന്നതിന് വി. ശിവന്‍കുട്ടിയുടെ ക്ലാസും ഞങ്ങള്‍ക്ക് വേണ്ട. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇതേ വിഷയം കൊണ്ടു വന്നപ്പോള്‍ അനുമതി നിഷേധിച്ചല്ലോ. അന്ന് പേടിച്ചിട്ടാണോ അനുമതി നിഷേധിച്ചത്.
സോണിയ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് പറഞ്ഞത് എന്ത് വിഡ്ഢിത്തവും വിളിച്ചു പറയുന്ന നിലവാരമില്ലാത്ത മന്ത്രിമാര്‍ മന്ത്രിസഭയില്‍ ഉണ്ടെന്നതിന്റെ ഉദാഹരണമാണിത്. കോടതിയില്‍ വന്ന തെളിവുകള്‍ പരിശോധിച്ചാണ് പ്രതികളെ ജയിലിലാക്കിയത്. ഇനിയും ആളുകള്‍ പുറത്തുണ്ടെന്നാണ് കോടതി പറഞ്ഞത്. ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല. പ്രതിപക്ഷം നിയമസഭയുടെ അകത്തും പുറത്തും സമരം തുടുരമെന്നും സതീശന്‍ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S