Enter your Email Address to subscribe to our newsletters

Thiruvanathapuram, 22 ജനുവരി (H.S.)
മൂന്ന് ബലാത്സംഗക്കേസില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ ലഭിച്ച പരാതി എതിക്‌സ് കമ്മറ്റിക്ക് കൈമാറി സ്പീക്കര്‍ എഎന്‍ ഷംസീര്‍. ഡി.കെ. മുരളി എംഎല്‍എ നല്‍കിയ പരാതിയിലാണ് സ്പീക്കര്‍ നടപടി എടുത്തത്. നിയമസഭയുടെ അന്തസ്സിന് നിരക്കാത്ത കുറ്റകൃത്യങ്ങള്‍ചെയ്ത രാഹുലിനെതിരേ ഉചിതമായ നടപടിവേണമെന്നാണ് മുരളി ആവശ്യപ്പെട്ടത്.
അധാര്‍മികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എംഎല്‍എമാരെ നിയമസഭയ്ക്ക് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കാം. ഇതിന് എംഎല്‍എമാരുടെ പരാതിവേണം. ഈ സാഹചര്യത്തിലാണ് ഡി.കെ. മുരളി പരാതിനല്‍കിയത്. സ്പീക്കര്‍ കമ്മിറ്റിക്ക് വിട്ടതിനാല്‍ മുരളിക്ക് ഇനി ആ പരാതി നിയമസഭയില്‍ ഉന്നയിക്കാനാവില്ല. കമ്മിറ്റി റിപ്പോര്‍ട്ടായിരിക്കും ഇനി സഭയുടെ മുന്നിലെത്തുക. അതനുസരിച്ചുള്ള ശിക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയം സഭ പാസാക്കണം. ശാസനമുതല്‍ പുറത്താക്കല്‍വരെയുള്ള ശിക്ഷ സഭയ്ക്ക് നടപ്പാക്കാം.
നിയമസഭയിലെ അവകാശങ്ങളും പെരുമാറ്റച്ചട്ടവും (പ്രിവിലേജസ് ആന്‍ഡ് എത്തിക്സ്) കമ്മിറ്റി അധ്യക്ഷന്‍ മുരളി പെരുന്നെല്ലിയാണ്. പി. ബാലചന്ദ്രന്‍, എം.വി. ഗോവിന്ദന്‍, യു.എ. ലത്തീഫ്, മാത്യു ടി. തോമസ്, ടി.പി. രാമകൃഷ്ണന്‍, റോജി എം. ജോണ്‍, എച്ച്. സലാം, കെ.കെ. ശൈലജ എന്നിവരാണ് സമിതി അംഗങ്ങള്‍. ഇതില്‍ യു.എ. ലത്തീഫും റോജിയുമാണ് പ്രതിപക്ഷ അംഗങ്ങള്‍.
സമിതി രാഹുലിന്റെയും മുരളിയുടെയും മൊഴിയെടുക്കും. പരാതിക്ക് അനുബന്ധമായ തെളിവുകള്‍ പരാതിക്കാരന്‍ ഹാജരാക്കണം. കോടതി നിരീക്ഷണങ്ങളും അതിജീവിതമാരുടെ പരാതികളും അടിസ്ഥാനമാക്കിയാണ് മുരളിയുടെ പരാതി. മൊഴിയെടുക്കാന്‍ ആരേയും വിളിച്ചുവരുത്താന്‍ സമിതിക്ക് അധികാരമുണ്ടായിരിക്കും.
സമിതി തീരുമാനം പൊതുവേ ഏകകണ്ഠമായിരിക്കും. യോജിക്കാത്തവര്‍ക്ക് വിയോജനം രേഖപ്പെടുത്താം. അതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടാണ് സഭയുടെ പരിഗണനയ്ക്കുവരുക. രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ കോണ്‍ഗ്രസും സഖ്യകക്ഷിയായ മുസ്ലിം ലീഗും കമ്മിറ്റിയില്‍ എന്ത് സമീപനം സ്വീകരിക്കുമെന്നത് ശ്രദ്ധേയമാകും.
ഈ സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനമാണ് ഇപ്പോള്‍ നടക്കുന്നത്. രാഹുലിനെതിരേ നിയമസഭയില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് താത്പര്യമുണ്ടെങ്കില്‍ സമ്മേളനം അവസാനിപ്പക്കുംമുന്‍പുതന്നെ നടപടികള്‍ പൂര്‍ത്തിയാക്കണം. മാര്‍ച്ച് 26 വരെയാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. അതിനുമുന്‍പ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ സമ്മേളനം നേരത്തേ പിരിയും. കമ്മിറ്റി ഉടന്‍ യോഗംചേര്‍ന്ന് നടപടികള്‍ തുടങ്ങിയേക്കും.
പ്രവാസിയായ യുവതിയെ സ്വകാര്യ ഹോട്ടലില്‍ ബലാത്സംഗ ചെയ്തു എ്‌ന കേസിലാണ് രാഹുല്‍ റിമാന്‍ഡിലുള്ളത്. ആദ്യ രണ്ട് കേസുകളില്‍ ഒന്നിലെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. മറ്റൊന്ന് ഹൈക്കോടതി പരിഗണനയിലാണ്. പരാതി വ്യാപകമായതോടെ കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയിരുന്നു.
---------------
Hindusthan Samachar / Sreejith S