Enter your Email Address to subscribe to our newsletters

New delhi, 22 ജനുവരി (H.S.)
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന് കനത്ത് തിരിച്ചടി. രൂക്ഷ വിമര്‍ശനങ്ങളോടെ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവ് ശേഖരണവുമുള്‍പ്പടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നായിരുന്നു വാസുവിന്റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണം എന്നുമായിരുന്നു വാസു ആവശ്യപ്പെട്ടത്.
ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന് ചോദിച്ച് തള്ളി. താന്‍ കമ്മീഷണര്‍ മാത്രമായിരുന്നു എന്നായിരുന്നു വാസുവിന്റെ വാദം. എന്നാല്‍, കവര്‍ച്ച സമയത്ത് ചുമതലയിലുണ്ടായിരുന്ന ആളാണ് എന്‍ വാസുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എസ്ഐടി എന്‍ വാസുവിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തല്ലോ എന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേസില്‍ ഇടപെടുന്നില്ലെന്ന് അറിയിച്ച് കൊണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്.
വിശ്വാസി എന്ന് അവകാശപ്പെടുന്ന നിങ്ങള്‍ ദൈവത്തെ കൊള്ളയടിക്കുകയാണോ എന്ന് ജാമ്യഹര്‍ജി തള്ളിക്കൊണ്ട് ബെഞ്ച് ആരാഞ്ഞു. സ്വര്‍ണ്ണപ്പാളികളില്‍ വീണ്ടും സ്വര്‍ണം പൂശുന്നത് എന്തിനാണെന്നും സുപ്രീം കോടതി ആരാഞ്ഞു. കഴിഞ്ഞ 77 ദിവസമായി വാസു ജയിലില്‍ ആണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഷാജി പി ചാലി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. 75 വയസ്സിലധികം പ്രായമായി. വാസു ദേവസ്വം കമ്മിഷണര്‍ ആയിരുന്നുവെന്നും, തിരുവാഭരണം കമ്മിഷണര്‍ ആയിരുന്നില്ലെന്നും ഷാജി പി ചാലി ചൂണ്ടിക്കാട്ടി. അതിനാല്‍ ശബരിമലയിലെ സ്വര്‍ണം പൂശലുമായി വസുവിന് ബന്ധം ഇല്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. അഭിഭാഷക, ആന്‍ മാത്യുവും വാസുവിന് വേണ്ടി ഹാജരായിരുന്നു.
വസുവിന് ജാമ്യം അനുവദിക്കാന്‍ കഴിയില്ല എന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ജാമ്യത്തതിനായി അദ്ദേഹത്തിന് കീഴ്‌കോടതികളെ സമീപിക്കാമെന്നും അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശി ഹാജര്‍ ആയി.
---------------
Hindusthan Samachar / Sreejith S