സി.കെ. നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെതിരെ കേരളം 165 റൺസിന് പുറത്ത്
Thiruvananthapuram, 23 ജനുവരി (H.S.) 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 165 റൺസിന് അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സർവാശീഷ് സിങ്ങിന്റെ മികച്ച ബൗളിങ്ങാണ് കേരളത്തെ ചെറിയ സ്
C K Naidu trophy


Thiruvananthapuram, 23 ജനുവരി (H.S.)

23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 165 റൺസിന് അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സർവാശീഷ് സിങ്ങിന്റെ മികച്ച ബൗളിങ്ങാണ് കേരളത്തെ ചെറിയ സ്കോറിൽ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീർ ആദ്യ ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 70 റൺസെന്ന നിലയിലാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് മികച്ച കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാൻ കഴിയാത്തത് തിരിച്ചടിയായി. 11 റൺസെടുത്ത ഓപ്പണർ കൃഷ്ണ നാരായണിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. തുടർന്ന് രോഹൻ നായരും വരുൺ നായനാരും ചേർന്ന് രണ്ടാം വിക്കറ്റിൽ 46 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 10 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഇരുവരും പുറത്തായത് കേരളത്തിന് തിരിച്ചടിയായി. വരുൺ 32 റൺസും രോഹൻ 24 റൺസുമാണ് നേടിയത്.

മധ്യനിരയിൽ അഹ്മദ് ഇമ്രാൻ ഒരറ്റത്ത് ഉറച്ചുനിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ മുറയ്ക്ക് വീണു. ഷോൺ റോജർ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും 17 റൺസെടുത്ത് പുറത്തായി. മാനവ് കൃഷ്ണ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായപ്പോൾ പവൻ ശ്രീധറിന് അഞ്ച് റൺസ് മാത്രമാണ് നേടാനായത്. തുടർന്നെത്തിയ ക്യാപ്റ്റൻ അഭിജിത് പ്രവീണും അഹ്മദ് ഇമ്രാനും ചേർന്നുള്ള 48 റൺസ് കൂട്ടുകെട്ടാണ് വലിയൊരു തകർച്ചയിൽ നിന്ന് കേരളത്തെ കരകയറ്റിയത്. എന്നാൽ 43 റൺസെടുത്ത അഹ്മദ് ഇമ്രാൻ മടങ്ങിയതോടെ കേരളത്തിന്റെ ഇന്നിങ്സ് അധികം നീണ്ടില്ല. അഭിജിത് പ്രവീൺ 24 റൺസെടുത്ത് മടങ്ങിയപ്പോൾ ആദിത്യ ബൈജു ഒരു റണ്ണും, ജെ.എസ്. അനുരാജ് രണ്ട് റൺസും നേടി പുറത്തായി. ജമ്മു കശ്മീരിനായി സർവാശീഷ് സിങ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ വിശാൽ കുമാറും ബാസിത് ബഷീറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീരിനായി ഓപ്പണർമാരായ കമക്ഷ് ശർമ്മയും ബാസിത് നസീറും ചേർന്ന് ആദ്യ വിക്കറ്റിൽ 44 റൺസ് കൂട്ടിച്ചേർത്തു. കമക്ഷ് 41ഉം ബാസിത് നസീർ 11ഉം റൺസെടുത്ത് പുറത്തായി. കളി നിർത്തുമ്പോൾ ജമ്മു കശ്മീ‍ർ രണ്ട് വിക്കറ്റിന് 70 റൺസെന്ന നിലയിലാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News