Enter your Email Address to subscribe to our newsletters

Kolkkatha, 23 ജനുവരി (H.S.)
ബിജെപിക്കും കേന്ദ്ര സര്‍ക്കാരും ചരിത്ര നേതാക്കളെ വിമര്‍ശിക്കുന്നു എന്ന രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് മമത ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി, ബി.ആര്‍. അംബേദ്കര്‍ തുടങ്ങിയ ദേശീയ പ്രതിഭകളെ ബിജെപി അപമാനിക്കുകയാണെന്നും കേന്ദ്രം രാജ്യത്തിന്റെ ചരിത്രത്തെ വികലമാക്കാന്‍ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു.
ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹേബ് അംബേദ്കര്‍ തുടങ്ങിയ മഹദ്വ്യക്തികളോടുള്ള അനാദരവും നന്ദികേടും ഭരണതലത്തില്‍ പ്രകടമാണെന്ന് മമത പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ ബിജെപി തകര്‍ക്കുകയാണെന്നും നേതാജിയുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെങ്കിലും അദ്ദേഹത്തിന്റെ ജന്മദിനം ഇതുവരെ ഒരു ദേശീയ അവധിയായി പ്രഖ്യാപിച്ചിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ മുതല്‍ നേതാജി വരെയുള്ളവര്‍ സ്വപ്നംകണ്ട സ്വതന്ത്ര ഇന്ത്യ ഇല്ലാതാകുകയാണെന്നും രാജ്യത്തിന്റെ ചരിത്രവുമായി ബന്ധമില്ലാത്ത പുതിയ ചരിത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക പുതുക്കുന്ന നടപടിയെയും മമത രൂക്ഷമായി വിമര്‍ശിച്ചു. നേതാജി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ പോലും അദ്ദേഹത്തോട് പൗരത്വം തെളിയിക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുമായിരുന്നുവെന്ന് അവര്‍ പരിഹസിച്ചു. നേതാജിയുടെ പേരക്കുട്ടി ചന്ദ്രകുമാര്‍ ബോസിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിപ്പിച്ചത് ഇതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടി.
എസ്‌ഐആര്‍ നടപടിക്കിടെ 110-ലധികം ആളുകള്‍ മരിച്ചുവെന്നും ഇതിന്റെ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരും ഏറ്റെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തെ 'ചക്രന്തനഗരി' (ഗൂഢാലോചനകളുടെ നഗരം) എന്ന് വിശേഷിപ്പിച്ച മമത, ബംഗാളിന്റെ സംസ്‌കാരവും ഭാഷയും സംരക്ഷിക്കാന്‍ ബംഗാളിലെ ജനങ്ങള്‍ ഒന്നിക്കുമെന്നും വ്യക്തമാക്കി.
നേതാജിയുമായി ബന്ധപ്പെട്ട കേന്ദ്ര ആര്‍ക്കൈവ്‌സിലുള്ള എല്ലാ ഫയലുകളും അടിയന്തരമായി പരസ്യപ്പെടുത്തണമെന്നും മമത ആവശ്യപ്പെട്ടു. 1945-ന് ശേഷം നേതാജിക്ക് എന്ത് സംഭവിച്ചു എന്ന ദുരൂഹത ഇപ്പോഴും മാറിയിട്ടില്ല എന്നത് എല്ലാവര്‍ക്കും സങ്കടകരമായ കാര്യമാണെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും അഭ്യര്‍ഥിക്കുകയാണെന്നും മമത പറഞ്ഞു.
---------------
Hindusthan Samachar / Sreejith S