Enter your Email Address to subscribe to our newsletters

Karnataka, 23 ജനുവരി (H.S.)
കര്‍ണാടകത്തില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹലോട്ടിനെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സര്‍ക്കാര്‍. ഇന്നലെ വൈകിട്ട് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കാന്‍ ആകുന്ന നിയമനടപടികള്‍ ചര്‍ച്ച ചെയ്തു. മന്ത്രിസഭ തയാറാക്കി നല്‍കിയ നയപ്രഖ്യാപന പ്രസംഗം വായിക്കാതിരുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഗവര്‍ണറെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് അയക്കാനുള്ള സാധ്യതയും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു.
നയപ്രഖ്യാപന പ്രസംഗം രണ്ട് വരി മാത്രം വായിച്ച് ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്ലോത് ഇറങ്ങിപ്പോയി. ഇതോടെ പ്രകോപിതരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണറെ തടയാന്‍ ശ്രമിച്ചു. ഇതോടെ നാടകീയത രംഗങ്ങളാണ് നിയമസഭയില്‍ സംഭവിച്ചത്.
'സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക, ഭൗതിക വികസനം ഇരട്ടിയാക്കാന്‍ എന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജയ് ഹിന്ദ്, ജയ് കര്‍ണാടക' എന്ന് ഹിന്ദിയില്‍ പറഞ്ഞതിന് പിന്നാലെ ഗവര്‍ണര്‍ നിയമസഭ വിടുകയായിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയതിന് സമാനമായ നടപടികളാണ് കര്‍ണാടകത്തിലും കണ്ടത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വിബി-ജി റാം ജി പദ്ധതിയെപ്പറ്റി ചര്‍ച്ചചെയ്യാനാണ് പത്തുദിവസത്തെ സംയുക്ത നിയമസഭാ സമ്മേളനം വിളിച്ചിരിക്കുന്നത്. തൊഴിലുറപ്പുപദ്ധതി തിരിച്ചു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.
നയപ്രഖ്യാപന പ്രസംഗം സര്‍ക്കാരിന്റെ പ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ വായിക്കാന്‍ തയ്യാറാകാതിരുന്നത്. ആമുഖത്തിലെ രണ്ട് വരി മാത്രം വായിച്ച് സഭയില്‍നിന്ന് ഗവര്‍ണര്‍ ഇറങ്ങിയപ്പോള്‍ മുദ്രവാക്യം വിളിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിന്നാലെ കൂടുകയും ഘെരാവോ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. മാര്‍ഷലുകള്‍ ഇടപെട്ടാണ് ഗഹ്ലോതിനെ പുറത്തേക്കെത്തിച്ചത്.
---------------
Hindusthan Samachar / Sreejith S