Enter your Email Address to subscribe to our newsletters

Thiruvanathapuram, 23 ജനുവരി (H.S.)
ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പതിനൊന്നാം പ്രതിയായ കെ.പി.ശങ്കരദാസിനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. മെഡിക്കല്‍ കോളജില്‍നിന്നാണ് ശങ്കരദാസിനെ ജയിലിലേക്ക് മാറ്റിയത്. ജയില്‍ ആശുപത്രിയിലെ സെല്ലില്‍ അഡ്മിറ്റ് ചെയ്തു. ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചതിനു പിന്നാലെ ആശുപത്രിയിലെത്തി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. എ.പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു ശങ്കരദാസ്. സിപിഐ പ്രതിനിധിയായാണ് ദേവസ്വം ബോര്‍ഡിലെത്തിയത്.
അതേ സമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന മുരാരി ബാബുവിന് ജാമ്യം അനുവദിച്ചു.
ദ്വാരപാലക ശില്‍പം, കട്ടിളപ്പൊളി എന്നീ രണ്ട് കേസുകളിലാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കഴിയാത്ത സാഹചര്യത്തിലാണ് നടപടി.
സാങ്കേതിക കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കോടതി മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം നല്‍കിയത്. ഇതോടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ആദ്യ പ്രതിയായി അദ്ദേഹം മാറും. നിലവില്‍ തിരുവനന്തപുരം കരമനയിലെ സ്‌പെഷ്യല്‍ ജയിലില്‍ കഴിയുന്ന അദ്ദേഹം ഉത്തരവ് ജയിലില്‍ എത്തുന്നതോടെ ഇന്ന് വൈകുന്നേരത്തോട് കൂടി മോചിതനാകുമെന്നാണ് വിവരം. എന്നാല്‍ കടുത്ത ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോടതിയുടെ പരിധി വിട്ടു പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയവയാണ് പ്രധാന വ്യവസ്ഥകള്‍. 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കുന്നത് സ്വാഭാവിക നീതിയാണെന്ന നിരീക്ഷണം കോടതി നടത്തി. പ്രതിഭാഗം അഭിഭാഷകര്‍ ഈ വാദം ശക്തമായി ഉന്നയിച്ചിരുന്നു.
എസ്ഐടിക്ക് തിരിച്ചടി
കുറ്റപത്രം സമര്‍പ്പിക്കാത്തത് എസ്ഐടിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ അടക്കം ലഭിക്കാനുള്ളതും കൂടുതല്‍ വിവരശേഖരണം ആവശ്യമായതുമാണ് കുറ്റപത്രം വൈകാന്‍ കാരണമായി അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നത്. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കും നേരത്തെ ദ്വാരപാലക ശില്‍പ കേസില്‍ ജാമ്യം ലഭിച്ചിരുന്നു. ഫെബ്രുവരി ആദ്യ വാരത്തോടെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ റിമാന്‍ഡ് കാലാവധിയും 90 ദിവസം തികയുകയാണ്. കുറ്റപത്രം നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തിനും ഇതേ രീതിയില്‍ പുറത്തിറങ്ങാന്‍ സാധിക്കും. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും പ്രതികള്‍ ഇനിയും അറസ്റ്റിലാകാനുണ്ടെന്നുമാണ് കുറ്റപത്രം വൈകുന്നതിന് കാരണമായി അന്വേഷണ സംഘം നല്‍കുന്ന വിശദീകരണം. പ്രതികള്‍ ജാമ്യത്തിലിറങ്ങുന്നത് അന്വേഷണത്തെയും തെളിവുശേഖരണത്തെയും ബാധിക്കുമെന്നതിനാല്‍ എത്രയും വേഗം പ്രാഥമിക കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് എസ്ഐടി.
---------------
Hindusthan Samachar / Sreejith S