Enter your Email Address to subscribe to our newsletters

New delhi, 23 ജനുവരി (H.S.)
വധശിക്ഷ നടപ്പാക്കാന്‍ തൂക്കുമരത്തിനുപകരം മറ്റേതെങ്കിലും മാര്‍ഗമുപയോഗിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി വിധിപറയാന്‍ മാറ്റി. തൂക്കിക്കൊല പ്രാകൃതവും ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നാണ് ഹര്‍ജിയിലെ വാദം. അതിനാല്‍ വിഷംകുത്തിവെച്ചോ വെടിയുതിര്‍ത്തോ വൈദ്യുതാഘാതമേല്‍പ്പിച്ചോ പെട്ടെന്ന് മരണം സംഭവിക്കുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് ഹര്‍ജി നല്‍കിയ അഡ്വ. റിഷി മല്‍ഹോത്രയുടെ ആവശ്യം. തൂക്കിക്കൊല്ലുന്നത് ആരാച്ചാര്‍ക്കും കണ്ടുനില്‍ക്കുന്നവര്‍ക്കുമെല്ലാം ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ജസ്റ്റിസ് സന്ദീപ് മേത്തയും ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ ഉന്നതതലത്തില്‍ തന്നെ പരിശോധിക്കുകയാണെന്ന് കേന്ദ്രത്തിനുവേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയും അറിയിച്ചു.
വധശിക്ഷയ്ക്ക് മറ്റു മികച്ച മാര്‍ഗങ്ങളുടെ സാധ്യത പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ വെക്കണമെന്ന് ഈ വിഷയത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്റ്റ് 39-എ എന്ന സംഘടനയും ആവശ്യപ്പെട്ടു. വിഷം കുത്തിവെക്കല്‍, വെടിയുതിര്‍ക്കല്‍, വൈദ്യുതാഘാതമേല്‍പ്പിക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളില്‍ മരണത്തിനു നിമിഷങ്ങള്‍മാത്രം മതി. എന്നാല്‍, തൂക്കിലേറ്റുമ്പോള്‍ മരണം ഉറപ്പാക്കാന്‍ 40 മിനിറ്റുവരെ വേണ്ടിവരുമെന്ന് ഹര്‍ജിയില്‍ പറഞ്ഞു. വിഷം കുത്തിവെച്ച് കൊലപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ മതിയെന്നുപറയാന്‍ പ്രതിക്ക് അവകാശം നല്‍കണമെന്ന നിര്‍ദേശത്തെ കേന്ദ്രം എതിര്‍ത്തു. പ്രതിക്ക് ഇത്തരത്തില്‍ ഒരവകാശം നല്‍കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മൂന്നാഴ്ചയ്ക്കകം നിര്‍ദേശങ്ങളെല്ലാം സമര്‍പ്പിക്കാന്‍ കക്ഷികളോടാവശ്യപ്പെട്ട സുപ്രീംകോടതി, കേസ് വിധിപറയാന്‍ മാറ്റി.
---------------
Hindusthan Samachar / Sreejith S