തിരുപ്പറകുന്ദ്രം ക്ഷേത്രത്തിന്റെ നിയന്ത്രണം എഎസ്ഐ ഏറ്റെടുക്കേണ്ട; ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി.
New delhi, 23 ജനുവരി (H.S.) തിരുപ്പറകുന്ദ്രം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന്റെ നിയന്ത്രണം സംബന്ധിച്ച് ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി. ക്ഷേത്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് (എ
Supreme Court HD


New delhi, 23 ജനുവരി (H.S.)

തിരുപ്പറകുന്ദ്രം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന്റെ നിയന്ത്രണം സംബന്ധിച്ച് ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി. ക്ഷേത്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് (എഎസ്ഐ) നിര്‍ദേശിക്കണമെന്ന ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. തിരുപ്പറംകുന്ദ്രം കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ദീപസ്തംഭത്തില്‍ 24 മണിക്കൂറും സ്ഥിരമായി വിളക്ക് കത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ വാദവും കോടതി നിരസിച്ചു. പകരം ഹൈക്കോടതി കേസില്‍ വിധി പറഞ്ഞതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ദീപസ്തംഭം വിളക്ക് കൊളുത്തല്‍ വിവാദത്തിലാണ് മധുരൈ ആസ്ഥാനമായുള്ള ഹിന്ദു അവകാശ സംഘടനയായ ഹിന്ദു ധര്‍മ്മ പരിഷത്ത് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും വിപുല്‍ എം പഞ്ചോളിയും അടങ്ങുന്ന ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

നേരത്തെ ജനുവരി ആറിന് ഹൈക്കോടതി ഈ കേസ് തീര്‍പ്പാക്കിയിരുന്നുവെന്ന് ബെഞ്ച് നിരീക്ഷിച്ചു. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട് കക്ഷികള്‍ പ്രത്യേക ഹര്‍ജി ഫയല്‍ ചെയ്യാന്‍ ആലോചിക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 'മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിളക്ക് കൊളുത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിനാല്‍, കക്ഷികള്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ ആലോചിക്കുന്നു,' - അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

അതേസമയം ജനുവരി ആറിന്, തിരുപ്പറംകുന്ദ്രം കുന്നിന്‍ മുകളില്‍ പരമ്പരാഗത കാര്‍ത്തിക ദീപം കത്തിക്കാന്‍ നിര്‍ദ്ദേശിച്ച മുന്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. തമിഴ്നാട് സര്‍ക്കാരും ക്ഷേത്ര ഭരണകൂടവും സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് മദ്രാസ് ഹൈക്കോടതി വിധി പറഞ്ഞത്. സിംഗിള്‍ ജഡ്ജി ജസ്റ്റിസ് ജിആര്‍ സ്വാമിനാഥന്‍ പുറപ്പെടുവിച്ച ഉത്തരവ് വീണ്ടും ശരിവച്ചുകൊണ്ട് ജസ്റ്റിസുമാരായ ജി ജയചന്ദ്രനും കെകെ രാമകൃഷ്ണനും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

കുന്നിന്‍ മുകളില്‍ ഒരു വിളക്ക് സ്തംഭം ഉണ്ടെന്ന് സ്ഥാപിക്കുന്നതിന് നിര്‍ണായകമായ തെളിവില്ലെന്നാണ് ക്ഷേത്ര ഭരണകൂടം റിട്ട് ഹര്‍ജിയെ എതിര്‍ത്ത് വാദിച്ചത്. സിക്കന്ദര്‍ ദര്‍ഗയ്ക്ക് സമീപമുള്ള നിര്‍ദ്ദിഷ്ട സ്ഥലത്ത് വിളക്ക് കൊളുത്തുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ഭയന്ന് സര്‍ക്കാര്‍ അവിടെ വിളക്ക് കൊളുത്തുന്നതിനോട് വിമുഖത കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങള്‍ ഉടലെടുത്തത്. എന്നാല്‍ കേസില്‍ ദീപം കൊളുത്തുന്ന ആചാരത്തിന് ചരിത്രപരമായ പിന്‍ബലമുണ്ടെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു. ഈ കേസിലാണ് മദ്രാസ് ഹൈക്കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

---------------

Hindusthan Samachar / Sreejith S


Latest News