Enter your Email Address to subscribe to our newsletters

Thiruvananthapuram, 24 ജനുവരി (H.S.)
സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കിയ ക്രിസ്മസ് - പുതുവത്സര ബമ്പറിന്റെ നറുക്കെടുപ്പ് ഇന്ന്.ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്.
ഈ വര്‍ഷത്തെ ആദ്യത്തെ ബമ്പര്‍ നറുക്കെടുപ്പാണിത്. ലോട്ടറി വകുപ്പ് അച്ചടിച്ച 55 ലക്ഷം ടിക്കറ്റുകളില്‍ ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 54,08,880 ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞു. ഇത് റെക്കോഡാണ്.
നറുക്കെടുപ്പിന് തൊട്ട് മുന്‍പ് വരെ ടിക്കറ്റ് വാങ്ങാന്‍ അവസരമുണ്ട് എന്നതിനാല്‍ ശേഷിക്കുന്ന ടിക്കറ്റുകള്‍ വിറ്റ് പോകും എന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം 47,65,650 ടിക്കറ്റുകളാണ് വിറ്റ് പോയിരുന്നത്. പാലക്കാട് തന്നെയാണ് ടിക്കറ്റ് വില്‍പനയില്‍ മുന്നില്‍. ഏകദേശം 15 ലക്ഷത്തോളം ടിക്കറ്റുകളാണ് പാലക്കാട് ജില്ലയില്‍ മാത്രം വിറ്റ് പോയത്. രണ്ടാം സ്ഥാനത്ത് തൃശൂര്‍ ജില്ലയും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്.
400 രൂപയാണ് ക്രിസ്മസ് - പുതുവത്സര ബമ്പറിന്റെ ടിക്കറ്റ് വില. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കും. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് കമ്മീഷന്‍ തുകയായി 2 കോടിയോളം രൂപ ലഭിക്കും. അതായത് ഫലത്തില്‍ 22 പേരെയാണ് ക്രിസ്മസ് - പുതുവത്സര ബമ്പര്‍ കോടീശ്വരന്‍മാരാക്കുന്നത് എന്ന് സാരം.
ആകെ 93.22 കോടി രൂപയാണ് സമ്മാനത്തുകയായി നല്‍കുന്നത്. ക്രിസ്മസ് - പുതുവത്സര ബമ്പറിന്റെ സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപയാണ്. ഇത് ഒമ്പത് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേര്‍ക്ക്, നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വിതം 20 പേര്‍ക്ക്, അഞ്ചാം സമ്മാനം: രണ്ട് ലക്ഷം രൂപ വീതം 20 പേര്‍ക്ക് എന്നിങ്ങനെയാണ് സമ്മാന ഘടന. കൂടാതെ 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉള്‍പ്പെടെ ആകെ 6,21,990 എണ്ണം സമ്മാനങ്ങള്‍ ലഭിക്കുന്നു.
BR 107 നമ്പര്‍ ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ ഭാഗ്യക്കുറി XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ പത്ത് പരമ്പരകളിലായാണ് ടിക്കറ്റുകള്‍ ലഭ്യമാകുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR