കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫുള്‍ബോഡി സ്‌കാനറിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിച്ചു.
Kochi, 24 ജനുവരി (H.S.) കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (സിയാല്‍) കൂടുതല്‍ പരിഷ്‌കാരങ്ങള്‍. യാത്രക്കാരുടെ സുരക്ഷാ പരിശോധന വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഫുള്‍ ബോഡി സ്‌കാനറിന്റെ പരീക്ഷണാടിസ്ഥാ
Cochin International Airport


Kochi, 24 ജനുവരി (H.S.)

കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (സിയാല്‍) കൂടുതല്‍ പരിഷ്‌കാരങ്ങള്‍.

യാത്രക്കാരുടെ സുരക്ഷാ പരിശോധന വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഫുള്‍ ബോഡി സ്‌കാനറിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിച്ചു. ഏറെക്കാലമായി വിമാനത്താവളം കാത്തിരിക്കുന്ന ഈ അപ്‌ഡേറ്റ് അടുത്തിടെയാണ് അവിടേക്ക് കൊണ്ട് വന്നത്.

ആദ്യഘത്തില്‍ ഇത് പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. ഇതിന്റെ പുരോഗതി അനുസരിച്ചായിരിക്കും തുടർ നടപടികള്‍. ഫുള്‍ ബോഡി സ്‌കാനറുകള്‍ക്ക് പുറമേ സുരക്ഷാ പരിശോധനയ്ക്കിടെ ക്യാബിൻ ബാഗേജുകള്‍ വേഗത്തില്‍ നീക്കം ചെയ്യാനായി ഒരു ഓട്ടോമേറ്റഡ് ട്രേ റിട്രീവല്‍ സിസ്‌റ്റം (എടിആർഎസ്) കൂടി കൊച്ചി വിമാനത്താവളത്തില്‍ അധികൃതർ അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

ആഭ്യന്തര ടെർമിനലിലെ സുരക്ഷാ പരിശോധനാ മേഖലയില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ സിയാല്‍ മാനേജിംഗ് ഡയറക്‌ടർ എസ് സുഹാസ് ഫുള്‍ ബോഡി സ്‌കാനർ ഉദ്ഘാടനം ചെയ്‌തു. എയർപോർട്ട് ഡയറ്കടർ ജി മനു, ചീഫ് ടെക്നോളജി ഓഫീസർ എസ് സന്തോഷ്, ചീഫ് എയറോഡ്രോം സെക്യൂരിറ്റി ഓഫീസർ നാഗേന്ദ്ര ദേവ്റാരി, സിയാലിലെ വിവിധ വകുപ്പുകളുടെ തലവൻമാർ എന്നിവർ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.

നിലവില്‍, രണ്ട് ടെർമിനലുകളിലുമായി 32 ഡിഎഫ്‌എംഡി പോയിന്റുകളാണ് പരിശോധനയ്ക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതുവഴി കടന്നുപോകുന്ന യാത്രക്കാർ പിന്നീട് ശാരീരിക പരിശോധനകള്‍ക്ക് വിധേയരാകുന്നു. എന്നാല്‍ ഇപ്പോള്‍ അവതരിപ്പിച്ച ഫുള്‍ ബോഡി സ്‌കാനറുകള്‍ പൂർണ്ണമായി പ്രവർത്തനക്ഷമമാകുന്നതോടെ, സുരക്ഷാ ഉദ്യോഗസ്ഥർ നടത്തുന്ന ശാരീരിക പരിശോധനകള്‍ ഒഴിവാക്കാൻ സാധിക്കും.

രണ്ട് ടെർമിനലുകളിലും ഓരോ ഫുള്‍ ബോഡി സ്‌കാനറുകള്‍ വീതമാണ് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) അംഗീകാരം ലഭിച്ചതിന് ശേഷം എല്ലാ സുരക്ഷാ പോയിന്റുകളിലും ഫുള്‍ ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. അങ്ങനെ വരുമ്പോള്‍ യാത്രക്കാർക്ക് അധിക സമയം ഇതിനായി ചിലവഴിക്കേണ്ടി വരില്ല.

അതിനിടെ വിമാനത്താവളത്തിലെ രണ്ടാം റണ്‍വേയും ടാക്‌സി ബേ, അനുബന്ധ വ്യോമ ഭാഗത്തെ വികസന പ്രവർത്തനങ്ങള്‍, പുതിയ പാസഞ്ചർ ടെർമിനലുകളും കാർഗോ കോംപ്ലക്‌സും, വിമാനത്താവളത്തിലേയ്ക്കുള്ള മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റി, സിയാലിന്റെ കൈവശമുള്ള ഭൂമിയുടെ പരമാവധി വികസന സാധ്യതകള്‍ എന്നിവ ഉള്‍പ്പെടുന്ന മാസ്‌റ്റർ പ്ലാനും തയ്യാറാവുന്നുണ്ട്.

10 മാസമാണ് പ്ലാൻ തയാറാക്കാൻ അനുവദിച്ചിരിക്കുന്ന സമയം. ടെൻഡറുകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ തുറന്ന് കണ്‍സല്‍റ്റൻസിയെ കണ്ടെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിലെ രീതിയില്‍ കാര്യങ്ങള്‍ പുരോഗമിച്ചാല്‍ ഈ വർഷം അവസാനത്തോടെ മാസ്‌റ്റർ പ്ലാൻ തയ്യാറാവുമെന്നാണ് ലഭ്യമായ വിവരം. കൂടാതെ മറ്റ് പല മാറ്റങ്ങളും വിമാനത്താവളത്തില്‍ അധികൃതർ പടിപടിയായി നടപ്പാക്കുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News