Enter your Email Address to subscribe to our newsletters

Newdelhi, 24 ജനുവരി (H.S.)
രാജ്യത്തെ യുവ ജനങ്ങൾക്ക് വിദേശത്തും സ്വദേശത്തുമായി നിരവധി തൊഴില്‍ അവസരങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി വിവിധ രാജ്യങ്ങളുമായി വ്യാപാര, ചരക്ക് കരാറുകളിൽ ഏർപ്പെടുകയാണെന്ന് മോദി അറിയിച്ചു.
പതിനെട്ടാമത് റോസ്‌ഗർ മേളയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 61,000 ത്തിൽ അധികം നിയമന കത്തുകൾ വിതരണം ചെയ്‌തുകൊണ്ടാണ് മോദി പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ പുതിയ കരാർ പ്രകാരം രാജ്യത്തെ യുവജനങ്ങൾക്ക് നിരവധി പുതിയ അവസരങ്ങൾ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് ഏറ്റവും കൂടുതൽ യുവജനങ്ങലുള്ളത് ഇന്ത്യയിലാണെന്നും രാജ്യത്തിനകത്തും പുറത്തും യുവജനങ്ങൾക്ക് പുതിയ അവസരങ്ങൾ നൽകാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ നേതൃത്വത്തിൽ നടത്തിവരികയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കേന്ദ്ര ആണവോർജം, ബഹിരാകാശ വകുപ്പുകളുടെ ചുമതലയുമുള്ള കേന്ദ്ര സഹ മന്ത്രി ജിതേന്ദ്ര സിങ്, ഐപിഎസ്, സിആർപിഎഫ്, സായുധ സേന തുടങ്ങിയ നിരവധി മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു.
രാജ്യത്ത് നിരവധി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിന് മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമാണ് റോസ്‌ഗർ പദ്ധതി. ഇവ പ്രാവർത്തികമാക്കാൻ ലക്ഷ്യമിട്ടുള്ള പ്രധാന സംരംഭമാണ് റോസ്‌ഗർ പദ്ധതിയെന്ന് മോദി കൂട്ടിച്ചേർത്തു. രാജ്യത്തുടനീളം സംഘടിപ്പിച്ച റോസ്‌ഗർ മേളകൾ വഴി 11 ലക്ഷത്തിലധികം നിയമനങ്ങൾ നടന്നതായും മോദി വ്യക്തമാക്കി.
ഇന്ത്യയൊട്ടാകെ 45 സ്ഥലങ്ങളിലാണ് റോസ്‌ഗർ മേള സംഘടിപ്പിച്ചത്. 18-ാമത് റോസ്‌ഗർ മേളയിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾ സർക്കാരിൻ്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ജോലി ചെയ്യുന്നുണ്ട്. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ധനകാര്യ സേവന വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയിലാണ് പുതിയതായുള്ള ഉദ്യോഗാർഥികൾ നിയമിതരായതെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് പത്ത് ലക്ഷത്തോളം യുവാക്കള്‍ക്കാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സ്ഥിരം സര്‍ക്കാര്‍ ജോലി നല്‍കിയതെന്നും മോദി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ തൊഴില്‍ദാന മേളയായ റോസ്‌ഗർ മേളയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 71,000ത്തിലധികം പേര്‍ക്ക് നിയമന കത്ത് ഓണ്‍ലൈനായി 2024 ൽ കൈമാറിയിരുന്നു.
യുവജനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെയും പരിപാടികളുടെയും കേന്ദ്രബിന്ദുവായി കണക്കാക്കുന്നതെന്ന് ഔദ്യോഗിക വൃത്തം അഭിപ്രായപ്പെടുന്നു. സത്യസന്ധതയും സുതാര്യതയും ഉറപ്പുവരുത്തിയാണ് തൊഴില്‍മേളയിലൂടെ അര്‍ഹരായവരെ തെരഞ്ഞെടുത്തതെന്നും വനിതകളാണ് തൊഴില്‍ നേടിയവരില്‍ ഭൂരിഭാഗം പേരുമെന്നും പദ്ധതിയുടെ ആരംഭത്തിൽ മോദി പറഞ്ഞിരുന്നു. സ്ത്രീകളെ സ്വയം പര്യാപ്‌തരാക്കുക എന്നതാണ് തന്‍റെ സര്‍ക്കാരിന്‍റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌ത്രീകള്‍ക്ക് 26 ആഴ്‌ചത്തെ പ്രസവാവധി അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഏറെ പ്രയോജനപ്രദമായെന്ന് വിവിധ നിരീക്ഷകർ പറയുന്നു. 'പിഎം ആവാസ് യോജന' പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളുടെ ഭൂരിഭാഗം ഉടമസ്ഥരും സ്‌ത്രീകളാണെന്നും സ്‌ത്രീകളുടെ നേതൃത്വത്തിലാണ് രാജ്യത്ത് വികസനവും നടക്കുന്നതെന്നും കേന്ദ്രം പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR