Enter your Email Address to subscribe to our newsletters

Tehran, 24 ജനുവരി (H.S.)
യുഎസില്‍ നിന്നുള്ള ശത്രുതാപരമായ പ്രസ്‌താവനകളില്‍ ഇറാൻ കുലുങ്ങുന്നില്ലെന്നും, ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യൻ പ്രതിനിധി അബ്‌ദുള്‍ മജീദ് ഹക്കീം ഇലാഹി.തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇറാനെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമർശങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രസ്‌താവന.
ഈ പ്രസ്‌താവനകള്‍ പുതിയതല്ലെന്നും എല്ലാത്തിനും ഞങ്ങള്‍ സജ്ജരാണെന്നും ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യൻ പ്രതിനിധിയായ ഇലാഹി എഎൻഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. യുഎസും ഇറാനും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷങ്ങള്‍ക്കിടയിലാണ് ഈ പരാമർശങ്ങളെന്ന് ഇലാഹി പറഞ്ഞു. നേരത്തെ ഇറാന്റെ പ്രതിഷേധങ്ങളെ യുഎസ് വിമർശിക്കുകയും, തിരിച്ചടിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തിരുന്നു.
ഇറാനിയൻ നേതാക്കളുടെ ഭാഗത്തുനിന്ന് തുടർന്നും വധഭീഷണികളുണ്ടായാല്‍ ഇറാനെ തകർക്കുമെന്ന് ട്രംപ് ചൊവ്വാഴ്‌ച മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്തെങ്കിലും സംഭവിച്ചാല്‍, ആ രാജ്യം മുഴുവൻ തകർക്കുമെന്ന് അദ്ദേഹം ന്യൂസ് നേഷനോട് സംസാരിക്കവെ പറഞ്ഞു. മാത്രമല്ല ഇറാനെതിരെ സൈനികാക്രമണ സാധ്യതയും ട്രംപ് ഉനടത്തുകയുണ്ടായി.
ഇറാൻ പരമോന്നത നേതാവിന്റെ 37 വർഷത്തെ ഭരണം അവസാനിപ്പിച്ച് പുതിയ നേതൃത്വത്തെ കണ്ടെത്താൻ സമയമായി എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെ മധ്യപൂർവദേശം ഉള്‍പ്പെടുന്ന യുഎസ് സെൻട്രല്‍ കമാൻഡ് മേഖലയിലേക്ക് ഒരു വിമാനവാഹിനി കപ്പല്‍ പുനർവിന്യസിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുകയും ചെയ്‌തിരുന്നു.
ഈ പരാമർശങ്ങള്‍ക്ക് മറുപടിയായി, ഇറാൻ ആണവായുധങ്ങള്‍ തേടിയിട്ടില്ലെന്നും ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിന് പ്രതിജ്ഞാബദ്ധമാണെന്നും ഇലാഹി എഎൻഐയോട് വ്യക്തമാക്കി.
'ആണവായുധങ്ങള്‍ നിഷിദ്ധം ആയതിനാല്‍ ഇറാൻ അവ ആഗ്രഹിച്ചിട്ടില്ല. വൈദ്യചികിത്സ, ഊർജ്ജോത്പാദനം, മാനുഷിക ആവശ്യങ്ങള്‍ എന്നിവയിലാണ് ഇറാനിലെ ആണവ പ്രവർത്തനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്' എന്നാണ് ഇലാഹി ചൂണ്ടിക്കാട്ടിയത്.
വിഷയത്തില്‍ അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ ഇരട്ടത്താപ്പുണ്ടെന്ന് ഇലാഹി ആരോപിച്ചു. ആണവശേഷിയുള്ള മറ്റ് രാജ്യങ്ങളില്‍ ഇല്ലാത്ത ഉപരോധങ്ങളും കടുത്ത നിരീക്ഷണങ്ങളും ഇറാൻ നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഇസ്രായേലും യുഎസും ഇറാനിയൻ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിരുന്നു.
നിലവിലെ സംഘർഷങ്ങള്‍ സാഹചര്യങ്ങള്‍ക്ക് ഇടയിലും ഇറാൻ സ്ഥിരത ആഗ്രഹിക്കുന്നുണ്ടെന്ന് ഇലാഹി പറഞ്ഞു. കൂടുതല്‍ സംഘർഷങ്ങള്‍ മേഖലയെ മുഴുവൻ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഞങ്ങള്‍ സമാധാനവും സുരക്ഷയും തേടുന്നു, എന്നാല്‍ ചിലർ അത് ആഗ്രഹിക്കുന്നില്ല എന്നാണ് യുഎസിനെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞത്.
ഈ സാഹചര്യം ചില ആളുകള്‍ സൃഷ്‌ടിച്ചതാണ്. ഇത് മേഖലയെയും മധ്യപൂർവദേശത്തെയും കത്തിക്കുകയും എല്ലാ രാജ്യങ്ങളെയും ബാധിക്കുകയും ചെയ്യുമെന്നുംഇലാഹി ചൂണ്ടിക്കാട്ടി. ഇറാനില്‍ തുടരുന്ന പ്രതിഷേധങ്ങള്‍ക്കിടെ ഇന്റർനെറ്റ് നിർത്തലാക്കിയതിനെതിരായ വിമർശനങ്ങളെയും ഇലാഹി അഭിസംബോധന ചെയ്‌തു.
സമാധാനം പുനഃസ്ഥാപിക്കാൻ ഇത് ആവശ്യമായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. 'ഇറാന് പുറത്തുള്ള ശത്രു സംഘങ്ങളില്‍ നിന്നാണ് ഭൂരിഭാഗം പേർക്കും നിർദ്ദേശങ്ങള്‍ ലഭിച്ചിരുന്നത്' എന്നാണ് അദ്ദേഹം ഇന്റർനെറ്റ് നിരോധനത്തെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞത്. അന്താരാഷ്ട്ര ഇന്റർനെറ്റ് വിച്ഛേദിച്ചെങ്കിലും, പ്രാദേശിക ഇന്റ്ർനെറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇലാഹി വ്യക്തമാക്കിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR