Enter your Email Address to subscribe to our newsletters

Thiruvanathapuram, 24 ജനുവരി (H.S.)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബിജെപിക്ക് നോട്ടീസ് നല്‍കി തിരുവനന്തപുരം കോര്‍പ്പറേഷന്‍. ഫ്‌ലെക്‌സ് ബോര്‍ഡുകളും കൊടികളും ബാനറുകളും പൊതുസ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപയുടെ പിഴ നോട്ടീസാണ് നല്‍കിയിരിക്കുന്നത്.
അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും മറ്റും നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് നടപടി. സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനാണ് ബിജെപി തന്നെ ഭരിക്കുന്ന കോര്‍പറേഷന്‍ പിഴ നോട്ടിസ് നല്‍കിയത്. ബുധന്‍, വ്യാഴം ദിവസങ്ങളിലായാണു പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്. നടപ്പാതകള്‍ക്കു കുറുകെയും ഡിവൈഡറുകളിലും വരെ ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ വ്യാപക പരാതിയുയര്‍ന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇവ 2 മണിക്കൂറിനുള്ളില്‍ നീക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോര്‍പറേഷന്‍ കത്ത് നല്‍കി. എന്നാല്‍ നടപ്പാതയ്ക്കു കുറുകെ സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റിയതൊഴിച്ചാല്‍ കാര്യമായ ഇടപെടല്‍ പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടായില്ല. തുടര്‍ന്ന്, വിമാനത്താവളം മുതല്‍ പുത്തരിക്കണ്ടം വരെയുള്ള റോഡില്‍ സ്ഥാപിച്ച ബോര്‍ഡുകളുടെയും മറ്റും കണക്കെടുത്തു. തുടര്‍ന്നാണ് കോര്‍പറേഷന്‍ സെക്രട്ടറി പിഴ നോട്ടിസ് നല്‍കിയത്.
ആദ്യ നോട്ടിസിന് മറുപടി നല്‍കിയില്ലെങ്കില്‍ നിശ്ചിത ദിവസങ്ങള്‍ക്കകം രണ്ടാമത് നോട്ടിസ് നല്‍കുകയാണ് അടുത്ത നടപടിക്രമം. ഇതിനും മറുപടി കിട്ടിയില്ലെങ്കില്‍ രണ്ടു തവണ ഹിയറിങ് നടത്തണം. ഈ ഹിയറിങ്ങിലും പങ്കെടുത്തില്ലെങ്കില്‍ ജപ്തി നടപടികളിലേക്കു കടക്കാമെന്ന് റവന്യു വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കോര്‍പ്പറേഷനിലെ സിപിഎം ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരാണ് ഈ നോട്ടീസിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ ഭരണസമിതി എന്ത് തീരുമാനം എടുക്കും എന്നാണ് ഇനി അറിയാനുളളത്.
---------------
Hindusthan Samachar / Sreejith S