Enter your Email Address to subscribe to our newsletters

Kannur, 25 ജനുവരി (H.S.)
കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് ഉൾപ്പെടെയുള്ള വിവിധ പാർട്ടി ഫണ്ടുകളിൽ ക്രമക്കേട് നടന്നുവെന്ന ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയ സി.പി.ഐ.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെതിരെ പാർട്ടി ഇന്ന് കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചേക്കും. ഇന്ന് ചേരുന്ന സി.പി.ഐ.എം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. മേൽക്കമ്മിറ്റിയുടെ അനുമതിയോടെയാകും നടപടി പ്രഖ്യാപിക്കുക.
വിഭാഗീയതയെന്ന് നേതൃത്വം; ആരോപണം തള്ളി എം.വി. ജയരാജൻ
രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം പാർട്ടിയെയും സർക്കാരിനെയും വൻ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് കുഞ്ഞികൃഷ്ണനെതിരെ കർശന നടപടിയെടുക്കാൻ നേതൃത്വം തീരുമാനിച്ചത്. ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ യാതൊരുവിധ ക്രമക്കേടും നടന്നിട്ടില്ലെന്ന് വരുത്തിത്തീർക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. നേരത്തെ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ തള്ളിക്കളഞ്ഞ ആരോപണങ്ങൾ വീണ്ടും പൊതുസമൂഹത്തിൽ ഉന്നയിക്കുന്നത് വിഭാഗീയ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.
സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങളെ രൂക്ഷമായ ഭാഷയിൽ തള്ളിക്കളഞ്ഞു. പാർട്ടിയെ തകർക്കാനുള്ള ബോധപൂർവമായ നീക്കമാണ് ഇതെന്നും, താനൊഴികെ മറ്റെല്ലാവരും കള്ളന്മാരാണെന്ന് സ്ഥാപിക്കാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടി ചട്ടക്കൂടുകൾ ലംഘിച്ച് പരസ്യ പ്രതികരണം നടത്തിയതിനെ ഗൗരവകരമായാണ് സംസ്ഥാന കമ്മിറ്റിയും കാണുന്നത്.
കുഞ്ഞികൃഷ്ണന്റെ ഉറച്ച നിലപാട്
അതേസമയം, തന്റെ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണ് വി. കുഞ്ഞികൃഷ്ണൻ. പയ്യന്നൂരിലെ പാർട്ടി ഫണ്ടുകളിൽ നടന്ന ക്രമക്കേടുകൾക്ക് കൃത്യമായ തെളിവുണ്ടെന്നും, നേതൃത്വം തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവർത്തിച്ചു. പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട്, കെട്ടിട നിർമ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ വ്യാപകമായ വെട്ടിപ്പ് നടന്നതായാണ് കുഞ്ഞികൃഷ്ണൻ നേരത്തെ ഉന്നയിച്ചിരുന്നത്. ഈ വിഷയത്തിൽ പയ്യന്നൂർ എം.എൽ.എ ടി.എ. മധുസൂദനൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ആരോപണം ഉയർന്നത്.
പ്രതിഷേധവുമായി കോൺഗ്രസ്; സംഘർഷം
ഫണ്ട് വെട്ടിപ്പ് വിവാദം രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷം. പയ്യന്നൂർ എം.എൽ.എ ടി.എ. മധുസൂദനൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. സി.പി.ഐ.എം പ്രവർത്തകർ തങ്ങളെ അക്രമിച്ചതായി കോൺഗ്രസ് ആരോപിച്ചു. വിഷയം സജീവമായി നിലനിർത്താനാണ് യു.ഡി.എഫ് തീരുമാനം.
നേതാക്കൾ നാവടക്കണമെന്നും പാർട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകൾ പാടില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണനെതിരെയുള്ള അച്ചടക്ക നടപടിയിലേക്ക് പാർട്ടി നീങ്ങുന്നത്. കേരള രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിൽ വലിയ ചർച്ചയാകാൻ സാധ്യതയുള്ള ഒന്നാണ് പയ്യന്നൂരിലെ ഈ ആഭ്യന്തര കലഹം.
---------------
Hindusthan Samachar / Roshith K