Enter your Email Address to subscribe to our newsletters

Ernakulam, 25 ജനുവരി (H.S.)
കൊച്ചിയില്‍ പ്രതിവര്‍ഷം ഒരാള്‍ക്ക് നഷ്‌ടപ്പെടുന്നത് 118 മണിക്കൂര്‍. അതായത് കൊച്ചിയിലെ റോഡുകളില്‍ പ്രതിവര്‍ഷം ഒരാള്‍ക്ക് 4 ദിവസവും 22 മണിക്കൂറും നഷ്‌ടപ്പെടും. കൊച്ചിലെ ഗതാഗതക്കുരുക്കില്‍ പെട്ട് ശരാശരി ഒരാള്‍ക്ക് നഷ്‌ടമാവുന്ന സമയമാണിത്.
തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർക്ക് 10 കിലോമീറ്റർ സഞ്ചരിക്കാൻ ഏകദേശം 28 മിനിറ്റ് എടുക്കും. അതിശയിക്കേണ്ട! ബെംഗളൂരുവിലും ഡല്‍ഹിയിലും മാത്രമല്ല എറണാകുളത്തും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നതെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ദക്ഷിണേന്ത്യയില്‍ തന്നെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ആദ്യത്തെ പത്ത് നഗരങ്ങളുടെ പട്ടികയില്‍ എറണാകുളവും ഉള്‍പ്പെടുന്നു. ടോംടോം ട്രാഫിക് ഇൻഡക്‌സ് 2025 ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ എറണാകുളം 9-ാം സ്ഥാനത്താണ്. എന്നാല്‍ തിരക്കേറിയ ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ ലിസ്റ്റില്‍ എറണാകുളം 52 ാം സ്ഥനത്താണ്. നെതർലൻഡ്‌സ് ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്നോളജി കമ്പനിയായ ടോംടോം, ലോകമെമ്പാടുമുള്ള 500-ഓളം നഗരങ്ങളിലെ യാത്രാ സമയം, ഇന്ധനച്ചെലവ്, കാർബൺ ഉദ്‌വമനം എന്നിവ വിശകലനം ചെയ്‌താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
സൂചിക പ്രകാരം എറണാകുളത്ത് കഴിഞ്ഞ വര്‍ഷം 54.5% ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ വര്‍ഷമാണ് വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതെന്ന് കരുതല്ലേ. എല്ലാ വര്‍ഷവും വൻ ഗതാഗതക്കുരുക്കാണ് കൊച്ചിയിലുണ്ടാകുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
വന്‍ തിരക്കുള്ള സമയങ്ങളില്‍ അടിയന്തരമായി എങ്ങോട്ടെങ്കിലും പോകണമെങ്കില്‍ കൊച്ചി വഴി സാധിക്കില്ലെന്നാണ് സൂചികയില്‍ നിന്ന് വ്യക്തമാകുന്നത്. അതായത് 15 മിനിറ്റിനുള്ളിൽ 4.0 കിലോമീറ്റർ മാത്രമാണ് പരമാവധി എറണാകുളം നഗരത്തിലൂടെ സഞ്ചരിക്കാന്‍ കഴിയുകയുള്ളുവെന്ന് ടോംടോം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നഗരത്തിലെ വർധിച്ചുവരുന്ന നഗര ജനസംഖ്യ, ടൂറിസം, ഇടുങ്ങിയ റോഡുകൾ, അടിസ്ഥാന സൗകര്യ പരിമിതികൾ എന്നിവയാണ് നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണം. ബെംഗളൂരു, പൂനെ, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത, ജയ്‌പൂര്‍, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ നഗരങ്ങള്‍ക്ക് പുറമെ എറണാകുളത്തും വന്‍ ഗതാഗതക്കുരുക്ക് ഉണ്ടെന്ന ട്രാഫിക് സൂചിക സർവേ പുറത്ത് വന്നു. ഇതോടെ ട്രാഫിക്ക് കുരുക്കിൻ്റെ കാര്യത്തില്‍ ബെംഗൂളുരുവിനോടും ഡല്‍ഹിയുടെയും കിടപിടിക്കാന്‍ എറണാകുളവും റെഡിയായി.
ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് രാജ്യത്ത് ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരങ്ങള്‍. ടോംടോം ട്രാഫിക് ഇൻഡക്‌സ് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരങ്ങളിൽ ബെംഗളൂരു രണ്ടാം സ്ഥാനത്താണ്. ഇന്ത്യയിലെ പൂനെ അഞ്ചാം സ്ഥാനത്താണ്. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ രണ്ട് ഇന്ത്യൻ നഗരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത് നഗരവികസനത്തിലെ പോരായ്‌മകളെ ചൂണ്ടിക്കാട്ടുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR