Enter your Email Address to subscribe to our newsletters

Thiruvananthapuram, 25 ജനുവരി (H.S.)
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ തന്ത്രങ്ങളുമായി ബിജെപി നേതൃത്വം നല്‍കുന്ന എൻഡിഎ മുന്നണി.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഒക്കെയും പയറ്റി പരാജയപ്പെട്ട പഴകിയ രീതികള്‍ മാറ്റിവച്ച് കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങളാണ് തിരഞ്ഞെടുപ്പ് തന്ത്രത്തില്‍ എൻഡിഎ കൊണ്ട് വരുന്നത്. ഇതിന് വഴികാട്ടുന്നതാവട്ടെ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് വിജയവും.
കാടടച്ച് വെടിവയ്ക്കുക എന്നുള്ളതായിരുന്നു മുന്നണിയുടെയും ബിജെപിയുടെയും ഇതുവരെയുള്ള രീതി. അതായത് കേരളത്തിലെ 140 മണ്ഡലങ്ങളിലും ഒരുപോലെ സാന്നിധ്യമാവുക എന്നതായിരുന്നു അവർ പയറ്റിയ തന്ത്രം. അതിന് മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് കൂടി സീറ്റുകള്‍ പങ്കിട്ട് കൊണ്ടുള്ള പഴയ സമീപനം മാറ്റാനാണ് പാർട്ടിയുടെ തീരുമാനം. നിലവിലെ റിപ്പോർട്ടുകള്‍ ശരിയാവുകയാണെങ്കില്‍ എൻഡിഎ സീറ്റ് വിഭജന ചർച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.
അതില്‍ വലിയ പുരോഗതി തന്നെയുണ്ടായി എന്നും പറയപ്പെടുന്നു. ഇത്തരം സീറ്റു ചർച്ചകള്‍ ഉള്‍പ്പെടെ പൂർത്തിയാക്കിയ ശേഷമാണ് സാബു ജേക്കബ് നേതൃത്വം നല്‍കുന്ന ട്വന്റി-20 എൻഡിഎയിലേക്ക് ചേക്കേറിയതെന്നും വിവരങ്ങളുണ്ട്. എന്തായാലും ഇക്കുറി ഘടകകക്ഷികളെ കാണേണ്ട രീതിയില്‍ തന്നെ കാണാനാണ് ബിജെപിയുടെ തീരുമാനം. അത് സ്ഥാനാർത്ഥി നിർണയത്തിലും സീറ്റ് വിഭജനത്തിലും കൃത്യമായി പ്രകടമാകും.
അതായത് മുന്നണിയിലെ പ്രധാന കക്ഷികളില്‍ ഒന്നായ ബിഡിജെഎസിന് ഇക്കുറി കൂടുതല്‍ സീറ്റുകള്‍ കിട്ടുമെന്നാണ് വിവരം. അതും അവർക്ക് വിജയ സാധ്യതയുള്ള മേഖലകളില്‍ തന്നെ ഈ സീറ്റുകള്‍ കൊടുക്കുക എന്നതാണ് എൻഡിഎ തീരുമാനം. മുപ്പതോളം സീറ്റുകള്‍ ഈ നിലയ്ക്ക് ബിഡിജെഎസിന് നല്‍കുമെന്നാണ് വിവരം. അവരുടെ സ്വാധീന മേഖലകളില്‍ കൃത്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചാല്‍ അത് മുന്നണിക്ക് മൂത്തകൂട്ടാവും എന്നാണ് വിലയിരുത്തല്‍.
കേരളത്തിലെ പ്രബല സമുദായമായ ഈഴവരുടെ പിന്തുണ ഉറപ്പാക്കാനും എസ്‌എൻഡിപി യോഗത്തെ കൂടെ നിർത്താനും ബിഡിജെഎസിന് കാര്യമായ പരിഗണന നല്‍കണമെന്നാണ് ബിജെപിക്കുള്ളില്‍ നിന്ന് ഉയരുന്ന അഭിപ്രായം. അതുകൊണ്ട് തന്നെയാണ് അവർക്ക് മുപ്പത് സീറ്റ്, എന്ന് വച്ചാല്‍ ബിജെപി മത്സരിക്കുന്നതിന്റെ ഏതാണ്ട് മൂന്നിലൊന്ന് സീറ്റ് അനുവദിക്കുന്നത്.
നൂറ് സീറ്റില്‍ പൊതുപ്രസക്തർ ഉള്‍പ്പെടെ ബിജെപി സ്ഥാനാർത്ഥികള്‍ മത്സരിക്കും. അതായത് കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന, പൊതു സ്വീകാര്യരായ വ്യക്തിത്വങ്ങളെയും ഇക്കുറി മത്സര രംഗത്ത് പരിഗണിക്കുമെന്ന് അർത്ഥം. കൂടാതെ പാർട്ടിയുടെ മുതിർന്ന നേതാക്കളും ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ മാറ്റുരയ്ക്കും.
അതേസമയം, അടുത്തിടെ മുന്നണിയിലേക്ക് ചേക്കേറിയ സാബു ജേക്കബിന്റെ ട്വന്റി-20യെയും എൻഡിഎ വേണ്ടവിധം പരിഗണിച്ചേക്കും. പത്ത് സീറ്റ് ട്വന്റി 20 ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് നല്‍കുമെന്നാണ് വിവരം. ഇത് ഏതൊക്കെ എന്നതില്‍ വരും ദിവസങ്ങളില്‍ ധാരണയാവും. ട്വന്റി-20യ്ക്ക് മധ്യ കേരളത്തില്‍, പ്രത്യേകിച്ച് എറണാകുളത്ത് തന്നെയാവും സീറ്റുകള്‍ നല്‍കുക. ഇക്കാര്യത്തില്‍ അധികം വൈകാതെ തന്നെ തീരുമാനം ഉണ്ടായേക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR