Enter your Email Address to subscribe to our newsletters

Trivandrum, 25 ജനുവരി (H.S.)
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ജനവികാരമുണ്ടെന്ന പ്രതിപക്ഷ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.പി.ഐ.എം നടത്തിവരുന്ന ഗൃഹസന്ദർശന പരിപാടികളിൽ നിന്ന് ലഭിച്ച അനുഭവം സർക്കാരിന് അനുകൂലമായ ജനമനസ്സിനെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിനെ തകർക്കാൻ യു.ഡി.എഫ് ബോധപൂർവ്വം കള്ളക്കഥകൾ മെനയുകയാണെന്നും ഇതിന് ചില മാധ്യമങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫിന്റെ വർഗ്ഗീയ പ്രചാരണം കേരളത്തിന്റെ മതേതര സ്വഭാവത്തിന് ഭീഷണിയാകുന്ന രീതിയിലുള്ള പ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നതെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിപക്ഷം ഉന്നയിച്ച കള്ളക്കഥകൾ ഇപ്പോൾ പൊളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പദ്ധതിയാണെന്ന രീതിയിൽ വരെ പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ചു. എന്നാൽ ഗൃഹസന്ദർശനത്തിനിടെ ജനങ്ങൾ തന്നെ ഇത്തരം പ്രചാരണങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. ജനങ്ങളോട് കൂടുതൽ അടുത്ത് ഇടപഴകേണ്ടതിന്റെ ആവശ്യകത ഈ യാത്രയിൽ ബോധ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പിൽ സംഭവിച്ച ചെറിയ പിഴവുകൾ ജനങ്ങൾ തിരുത്തുമെന്ന ഉറപ്പ് തനിക്ക് ലഭിച്ചതായി അദ്ദേഹം പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കും. ജനങ്ങൾ നൽകിയ നിർദ്ദേശങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിച്ച യു.ഡി.എഫിനും ബിജെപിക്കും ഇപ്പോൾ ആയുധം നഷ്ടപ്പെട്ട അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു.
പ്രതിപക്ഷ നേതാവിനും പ്രധാനമന്ത്രിക്കും വിമർശനം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കോൺഗ്രസ് നേതാക്കളുടെ പങ്ക് പുറത്തുവന്നതോടെ മാധ്യമങ്ങൾക്കും യു.ഡി.എഫിനും പഴയ ആവേശം നഷ്ടപ്പെട്ടതായി എം.വി. ഗോവിന്ദൻ പരിഹസിച്ചു. സ്വർണ്ണം കട്ടവരും വിറ്റവരും എന്തിനാണ് സോണിയാ ഗാന്ധിയെ കാണാൻ പോയതെന്ന ചോദ്യത്തിന് പ്രതിപക്ഷത്തിന് മറുപടിയില്ല. ഈ ബന്ധം പുറത്തുവരുമെന്ന് പേടിച്ചാണ് നിയമസഭയിൽ യു.ഡി.എഫ് അടിയന്തര പ്രമേയ ചർച്ചയിൽ നിന്ന് ഒളിച്ചോടിയതെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദർശനത്തെയും അദ്ദേഹം വിമർശിച്ചു. വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് ബിജെപി പ്രചരിപ്പിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. വയനാട്ടിലെ മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തെക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരം പോലും മിണ്ടിയില്ല. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ കോൺഗ്രസ് സ്വീകരിച്ച ഇരട്ടത്താപ്പിനെയും അദ്ദേഹം തുറന്നുകാട്ടി. പദ്ധതി ഒരിഞ്ചുപോലും മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞവർ ഇപ്പോൾ അതിന്റെ അവകാശവാദവുമായി വരുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
---------------
Hindusthan Samachar / Roshith K