Enter your Email Address to subscribe to our newsletters

Newdelhi, 25 ജനുവരി (H.S.)
നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെയും വിശ്വാസ്യതയെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍.
പൂനെയിലെ ഐഎല്‍എസ് ലോ കോളജില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍, കോടതികളും ജഡ്ജിമാരും അവിടെ ഉണ്ടാകുമെങ്കിലും ജുഡീഷ്യറിയുടെ ഹൃദയവും ആത്മാവും നഷ്ടപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയാണ്. അത് മാറ്റാന്‍ കഴിയില്ല. അതിന്റെ പ്രസക്തി ഉറപ്പാക്കുന്നതിന്, എന്തു വിലകൊടുത്തും അതിന്റെ സ്വാതന്ത്ര്യം നിലനിര്‍ത്തേണ്ടത് ജുഡീഷ്യറിയിലെ അംഗങ്ങളുടെ ഉത്തരവാദിത്തമാണ്.
ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലം മാറ്റത്തിലും കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഢ് ഹൈക്കോടതിയില്‍ നിന്ന് ജസ്റ്റിസ് അതുല്‍ ശ്രീധരനെ അലഹബാദിലേക്ക് മാറ്റാന്‍ സുപ്രീം കോടതി കൊളീജിയം എടുത്ത തീരുമാനത്തെ അദ്ദേഹം പരോക്ഷമായി പരാമര്‍ശിച്ചു. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഈ സ്ഥലംമാറ്റമെന്ന് അന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയുടെ നേതൃത്വത്തിലുള്ള കൊളീജിയം രേഖപ്പെടുത്തിയത് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ഇടപെടലുകള്‍ തടയാന്‍ രൂപീകരിച്ച കൊളീജിയം സംവിധാനത്തില്‍ തന്നെ എക്‌സിക്യൂട്ടീവ് സ്വാധീനം കടന്നുകൂടുന്നത് ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ ജഡ്ജിമാര്‍ വിട്ടുവീഴ്ച ചെയ്യരുത്. ജുഡീഷ്യല്‍ സ്ഥലംമാറ്റങ്ങള്‍ ജുഡീഷ്യറിയുടെ ആന്തരികമായ കാര്യമാണ്. ഏത് ജഡ്ജിയെ എങ്ങോട്ട് മാറ്റണം എന്ന് തീരുമാനിക്കാന്‍ കേന്ദ്രത്തിന് അവകാശമില്ല. സ്വന്തം രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ താല്പര്യങ്ങള്‍ വിധിന്യായങ്ങളെ സ്വാധീനിക്കാന്‍ ജഡ്ജിമാര്‍ അനുവദിക്കരുത്.
കോടതികളെ സംരക്ഷിക്കാന്‍ പൊലീസിന്റെയോ സൈന്യത്തിന്റെയോ ആവശ്യമില്ലെന്ന് ജസ്റ്റിസ് ഭുയാന്‍ പറഞ്ഞു. ജുഡീഷ്യറിക്ക് വാളിന്റെയോ പണത്തിന്റെയോ ശക്തിയില്ല; പകരം പൊതുജനങ്ങളുടെ വിശ്വാസം മാത്രമാണ് അതിന്റെ കരുത്ത്. ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റങ്ങള്‍ക്കെതിരെ ജഡ്ജിമാര്‍ എപ്പോഴും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR