Enter your Email Address to subscribe to our newsletters

Thiruvananthapuram, 25 ജനുവരി (H.S.)
സംസ്ഥാനത്തെ തൊഴിൽ മേഖലയുടെ ശാക്തീകരണത്തിനും, യുവജനങ്ങൾക്ക് മികച്ച നൈപുണ്യ പരിശീലനം ഉറപ്പാക്കുന്നതിനുമായി തൊഴിലും നൈപുണ്യവും വകുപ്പ് അടുത്ത മൂന്ന് മാസത്തിനുള്ളിൽ നടപ്പിലാക്കാൻ പോകുന്ന ബൃഹത്തായ പദ്ധതികളെക്കുറിച്ചുമാണ് ഇവിടെ വിശദീകരിക്കുന്നത്.
പ്രധാനമായും അഞ്ച് മേഖലകളിലായാണ് നമ്മുടെ പ്രവർത്തനങ്ങൾ നടക്കുന്നത്:
1. യുവജനങ്ങൾക്ക് സാമ്പത്തിക സഹായവും തൊഴിൽ സംസ്‌കാരവും
ഏറ്റവും പ്രധാനപ്പെട്ട രണ്ട് പദ്ധതികൾ:
കണക്ട് ടു വർക്ക്': നൈപുണ്യ പരിശീലനം നേടുന്നവർക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പഠനകാലയളവിൽ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്.
പ്രതിമാസം ആയിരം രൂപ ഇവർക്ക് സ്‌റ്റൈപ്പൻഡായി നൽകും.
ഇതിനായി അറുന്നൂറ് കോടി രൂപയുടെ ബഡ്ജറ്റ് വിഹിതമാണ് വകയിരുത്തിയിരിക്കുന്നത്.
കർമ്മചാരി പദ്ധതി: വിദ്യാർത്ഥികളിൽ പഠനത്തോടൊപ്പം തൊഴിൽ എന്ന
സംസ്‌കാരം വളർത്തുന്നതിനായി തൊഴിലുടമകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന കർമ്മചാരി പദ്ധതി
2026 ഫെബ്രുവരി ആദ്യ ആഴ്ച ഉദ്ഘാടനം ചെയ്യും.
2. ആഗോള തൊഴിലവസരങ്ങൾ: ജർമ്മനിയിലേക്ക് അവസരം
നമ്മുടെ കുട്ടികൾക്ക് വിദേശത്ത് മികച്ച അവസരങ്ങൾ ഉറപ്പാക്കും:
ജർമ്മനിയിൽ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ വരെ സ്‌റ്റൈപ്പൻഡ് ലഭിക്കുന്ന ഡ്യൂവൽ വൊക്കേഷണൽ ട്രെയിനിംഗിനായി വിദ്യാർത്ഥികളെ അയക്കും. ഇതിനായി ആദ്യത്തെ ഇൻഡോ-ജർമ്മൻ ട്രെയിനിംഗ് ഫെയർ 2026 ഫെബ്രുവരി നാലാം വാരം സംഘടിപ്പിക്കും. അഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവസരം ലഭിക്കും.കൂടാതെ, ജർമ്മനിയിലെ ഹെസ്സൻ സംസ്ഥാനവുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള ധാരാണാപത്രം മാർച്ച് രണ്ടാം വാരം ഒപ്പുവെക്കും.
3. ആധുനികവൽക്കരണവും അടിസ്ഥാന സൗകര്യ വികസനവും
ഡ്രോൺ ടെക്‌നോളജി: ഡ്രോൺ സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്നതിനായി കൊട്ടാരക്കരയിൽ ഇന്നോവേഷൻ ആൻഡ് റിസർച്ച് പാർക്ക് സ്ഥാപിക്കും. ഇതിന്റെ ട്രാൻസിറ്റ് ക്യാമ്പസ് ഫെബ്രുവരി രണ്ടാം വാരം എഴുകോൺ പോളിടെക്‌നിക്കിൽ പ്രവർത്തനം ആരംഭിക്കും.
സ്‌കിൽ കോംപ്ലക്‌സ്: 45 കോടി രൂപ ചെലവിൽ തിരുവനന്തപുരം ചാലയിൽ നിർമ്മിക്കുന്ന സ്‌കിൽ കോംപ്ലക്‌സിന്റെ നിർമ്മാണോദ്ഘാടനം മാർച്ച് മൂന്നാം വാരം നടക്കും.
ഐ.ടി.ഐ നവീകരണം: നാന്നൂറ്റി എൺപത്തി രണ്ട് കോടി രൂപ ചെലവിൽ വ്യവസായ മേഖലയുടെ സഹായത്തോടെ ഐ.ടി.ഐകളെ നവീകരിക്കുന്ന പദ്ധതി മാർച്ച് മാസം ആരംഭിക്കും.
കൂടാതെ വർക്കല, പെരിങ്ങോം (കണ്ണൂർ), കുറ്റിക്കോൽ (കാസർഗോഡ്), മണിയൂർ (കോഴിക്കോട്) ഐ.ടി.ഐകളുടെ
പുതിയ കെട്ടിടങ്ങൾ ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കും.
4. എംപ്ലോയ്‌മെന്റ് സേവനങ്ങൾ ഡിജിറ്റലാകുന്നു
തൊഴിലന്വേഷകർക്കായി മോഡൽ കരിയർ സെന്ററുകൾ കണ്ണൂരിലും തൃശ്ശൂർ തലപ്പള്ളിയിലും സജ്ജമായിക്കഴിഞ്ഞു.
കരമന, ചേലക്കര എന്നിവിടങ്ങളിൽ കരിയർ ഡെവലപ്പ്‌മെന്റ് സെന്ററുകൾ ഫെബ്രുവരിയിൽ തുറക്കും.
കോഴിക്കോട് മോഡൽ എംപ്ലോയ്‌മെന്റ്
എക്‌സ്‌ചേഞ്ച് ജനുവരി അവസാനം പ്രവർത്തനം തുടങ്ങും.
5. തൊഴിലാളി ക്ഷേമവും സുരക്ഷയും
ഇൻഷുറൻസ്: വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് 5 ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് പദ്ധതി ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കും. ഇതിൽ തൊഴിലാളിയുടെ വിഹിതം വെറും
150 രൂപ മാത്രമാണ്.
വായ്പാ പദ്ധതി: മോട്ടോർ തൊഴിലാളികൾക്ക് ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള പ്രത്യേക വായ്പാ പദ്ധതി ഫെബ്രുവരിയിൽ ആരംഭിക്കും.
പരാതി പരിഹാരം: 6 ലക്ഷത്തോളം വരുന്ന ഫാക്ടറി തൊഴിലാളികൾക്കായി 12 ഭാഷകളിൽ പരാതി നൽകാവുന്ന മൊബൈൽ ആപ്പ് ഫെബ്രുവരി മൂന്നാം വാരം പുറത്തിറക്കും.
സംസ്ഥാനത്തെ തൊഴിൽ മേഖലയെ അടിമുടി മാറ്റുന്ന ഈ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR