രാജ്യം 77-ാമത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ; മുഖ്യ അതിഥികളായി യൂറോപ്യൻ നേതാക്കൾ
Newdelhi, 26 ജനുവരി (H.S.) 77-മത് റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം. ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ രാജ്യവുമായി മാറിയിട്ട് ഇന്നേക്ക് 77 വർഷം പൂർത്തിയാകുകയാണ്. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ന്യൂഡൽഡിയിലെ ചെങ്കോട്ടയിൽ വിവ
REPUBLIC DAY 2026


Newdelhi, 26 ജനുവരി (H.S.)

77-മത് റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം. ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ രാജ്യവുമായി മാറിയിട്ട് ഇന്നേക്ക് 77 വർഷം പൂർത്തിയാകുകയാണ്. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ന്യൂഡൽഡിയിലെ ചെങ്കോട്ടയിൽ വിവിധ പരിപാടികൾ അരങ്ങേറും.

യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ അധ്യക്ഷൻ അൻ്റോണിയോ കോസ്റ്റ എന്നിവരാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിന മുഖ്യ അതിഥികൾ. തിങ്കളാഴ്‌ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ദേശീയ യുദ്ധ സ്‌മാരകത്തിൽ എത്തുന്നതോടെ റിപ്പബ്ലിക് ദിന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും.

രാവിലെ പത്തരയോടെ കർത്തവ്യപഥിൽ റിപ്പബ്ലിക് ദിന പരേഡ് നടക്കും. ഇന്ത്യയുടെ സൈനിക-സാംസ്‌കാരിക ശേഷി പ്രകടമാകുന്നതാണ് പരേഡ്. കേരളം അടക്കമുള്ള വിവധ സംസ്ഥാനങ്ങളിലെ നിശ്ചല ദൃശ്യങ്ങളടക്കമുള്ളവ അണിനിരക്കും. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതാ നേട്ടവും​ കൊച്ചി വാട്ടർ മെട്രോയുമാണ് കേരളം പ്രദർശിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളുടെ പ്രമേയം. റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

കനത്ത സുരക്ഷയിൽ രാജ്യ തലസ്ഥാനം

രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ന്യൂഡൽഹിയിലും പരിസരങ്ങളിലും ഉള്ളത്. ഡൽഹി-എൻ‌സി‌ആർ മേഖലയിലുടനീളം പരിശോധനകൾ സുരക്ഷാ സേന ശക്തമാക്കിയിട്ടുണ്ട്.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിൽ ഉടനീളം 30,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ജില്ലയിൽ മാത്രം 10,000 പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷാ പരിശോധനകൾ നടത്തുമെന്നും അഡീഷണൽ പൊലീസ് കമ്മിഷണർ ദേവേഷ്‌കുമാർ മഹല പറഞ്ഞു.

പരേഡ് നടക്കുന്ന ഇടങ്ങളിലും സമീപ പ്രദേശങ്ങളിലും നൂതന വീഡിയോ അനലിറ്റിക്‌റ്റ്‌സും ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റവും (എഫ്ആർഎസ്) സജ്ജീകരിച്ച 3,000 ത്തിലധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ദേവേഷ്‌കുമാർ മഹല കൂട്ടിച്ചേർത്തു.

റിപ്പബ്ലിക് ദിനാഘോഷത്തിനായുള്ള സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരിക്കെ ഗുരുഗ്രാം, ചില്ല, തിക്രി, സിംഗു, കപഷേര, ബദർപൂർ, ധൗള കുവാൻ അതിർത്തികളിൽ പൊലീസ് വാഹന പരിശോധനകൾ നടത്തുന്നുണ്ട്. സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിരോധിത വസ്‌തുക്കൾ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും അഡീഷണൽ പൊലീസ് കമ്മിഷണർ നിർദേശം നൽകി. ജമ്മുകശ്‌മീര്‍ അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളിലും കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ഉത്തർപ്രദേശിലെ ഇറ്റാവയിൽ, റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സർക്കാർ കെട്ടിടങ്ങൾ ത്രിവർണ വിളക്കുകൾ കൊണ്ട് പ്രകാശിപ്പിച്ചു. റാഞ്ചിയിലെ ജാർഖണ്ഡ് വിധാൻ സഭ, ഗേറ്റ്‌വേ ഓഫ് ഇന്ത്യ, ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) കെട്ടിടം എന്നിവ ദേശീയ പതാകയുടെ നിറങ്ങളിൽ അലങ്കരിച്ചു.

കേരളാ ഹൗസിലും ആഘോഷം

77-മത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി ഇന്ന് ന്യൂഡല്‍ഹിയിലെ കേരള ഹൗസില്‍ ദേശീയ പതാക ഉയര്‍ത്തും. ന്യൂഡൽഹിയിലെ കേരള സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി പ്രൊഫ കെവി തോമസ് രാവിലെ ഒൻപതിന് ദേശീയ പതാക ഉയര്‍ത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തുടര്‍ന്ന് ദേശീയ ഗാനം ആലപിക്കും.

ചടങ്ങില്‍ കേരള ഹൗസ് അഡീഷണല്‍ റസിഡൻ്റ് കമ്മിഷണര്‍ ഡോ അശ്വതി ശ്രീനിവാസ് , ലെയ്‌സണ്‍ ഓഫീസര്‍ രാഹുല്‍ കെ ജെയ്‌സ്വാര്‍, കണ്‍ട്രോളര്‍ എഎസ് ഹരികുമാര്‍, പ്രോട്ടോകോള്‍ ഓഫീസര്‍ എംകെ ജയപ്രകാശ് എന്നിവർ പങ്കെടുക്കും.

സംസ്ഥാനത്ത് ഉടനീളം റിപ്പബ്ലിക് ദിന ആഘോഷം

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സംസ്ഥാന തല റിപ്പബ്ലിക് ദിന ആഘോഷം നടക്കുന്നത്. റിപ്പബ്ലിക് ദിന പരേഡിൽ സംസ്ഥാന ഗവർണർ രാജേന്ദ്ര അ‍ർലെക്കർ അഭിവാദ്യം സ്വീകരിക്കും. രാവിലെ ഒൻപത് മണിക്കാണ് ആരംഭിക്കുന്ന പരേഡിൽ വിവിധ സേനാവിഭാഗങ്ങൾ, എൻസിസി- സ്റ്റു‍ഡന്‍റ് പൊലീസ് കേഡറ്റുകൾ തുടങ്ങിയവർ അണിനിരക്കും.

ജില്ലകളില്‍ മന്ത്രിമാര്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും.

സംസ്ഥാനത്തെ നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാർ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും. വിവിധ സർവകലാശാലകളിൽ നിന്നുളള നാൽപ്പത് വിദ്യാർഥികളാണ് എൻഎസ്എസിൻ്റെ പരേഡിൽ പങ്കെടുക്കുക.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News