Enter your Email Address to subscribe to our newsletters

Srinagar, 26 ജനുവരി (H.S.)
പിറന്ന നാട്ടില്‍ അതിഥികളായി എത്തിയ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി രക്തസാക്ഷിത്വം വഹിച്ച ധീരതയുടെ പ്രതീകമായിരുന്നു സയ്യിദ് ആദില്‍ ഹുസൈൻ ഷാ. അദ്ദേഹം ഒരു പട്ടാളക്കാരനോ അല്ലെങ്കില്‍ ഉന്നത റാങ്കില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനോ ആയിരുന്നില്ല, കുതിര സവാരിയുമായി ജീവിതം മുന്നോട്ട് നിയിച്ചിരുന്ന ഒരു സാധാരണക്കാരൻ മാത്രം, കശ്‌മീരികളുടെ അതിഥി സ്‌നേഹം എന്തെന്ന് രാജ്യത്തിന് മുന്നില്‍ തുറന്നുകാട്ടിയ യുവാവ്.
2025 ഏപ്രിലിൽ രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് കശ്‌മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീരമൃത്യു വരിച്ച ധീരനായ യുവാവാണ് സയ്യിദ് ആദിൽ ഹുസൈൻ ഷാ. ജീവൻ നല്‍കിയും തങ്ങളുടെ അതിഥികളെ സംരക്ഷിക്കുമെന്നായിരുന്നു ആദിലിൻ്റെ രക്തസാക്ഷിത്വം രാജ്യത്തിന് നല്‍കിയ സന്ദേശം. അദ്ദേഹത്തിൻ്റെ ഈ ധീരതയെ ഇന്ത്യ എന്ന മഹാരാജ്യത്തിന് അത്ര പെട്ടെന്നൊന്നും മറക്കാനാകില്ല.
ഈ റിപ്പബ്ലിക് ദിനത്തില്‍ അദ്ദേഹത്തിൻ്റെ ധീരതയ്‌ക്ക് അര്‍ഹതപ്പെട്ട അംഗീകാരവുമായി എത്തിയിരിക്കുകയാണ് കശ്‌മീര്‍ ഭരണകൂടം. വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്‌ചവച്ച 56 വ്യക്തികളെ ജമ്മു കശ്‌മീര്‍ സർക്കാർ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചപ്പോള്‍ അതില്‍ മുൻപന്തിയില്‍ തന്നെയാണ് ആദിലിൻ്റെ മരണാനന്തര പുരസ്‌കാരവും. ആദിൽ ഹുസൈൻ ഷാ എന്ന യുവാവിന് മരണാനന്തര ബഹുമതിയായി ശൗര്യ പുരസ്‌കാരം (Award for Bravery) നൽകി ആദരിച്ചു. വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിനായി പൊതുഭരണ വകുപ്പ് കമ്മിഷണർ സെക്രട്ടറി എം. രാജുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പഹൽഗാമിലെ ഹപ്‌തനാർ ഗ്രാമവാസിയായ ആദിൽ ഹുസൈൻ ഷാ, ബൈസരൻ താഴ്വരയിൽ വിനോദസഞ്ചാരികൾക്ക് നേരെ പാക് ഭീകരർ നടത്തിയ വെടിവയ്പ്പിനിടെ അവരെ രക്ഷിക്കാൻ ധീരമായി പോരാടുകയും തുടർന്ന് കൊല്ലപ്പെടുകയുമായിരുന്നു. ഗ്രാമവാസിയായ ആദിൽ ഹുസൈൻ ഷാ പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ കുതിരസവാരി നടത്തി വിനോദസഞ്ചാരികളെ സഹായിക്കുന്ന ഗൈഡായി ജോലി ചെയ്‌തിരുന്നു. തൻ്റെ കുടുംബത്തിൻ്റെ ഏക വരുമാന മാർഗമായിരുന്നു 28-കാരനായ ഈ യുവാവ്.
2025 ഏപ്രിൽ 22-ന് ബൈസരൻ താഴ്വരയിൽ ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തപ്പോൾ, ആദിൽ ഹുസൈൻ ഭയന്നോടുന്നതിന് പകരം അവരെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങി. ആക്രമണത്തിനിടെ ഒരു ഭീകരനെ നിരായുധനാക്കാൻ അദ്ദേഹം ധീരമായി ശ്രമിക്കുകയും, ഇതിനിടെ വെടിയേറ്റു വീരമൃത്യു വരിക്കുകയുമായിരുന്നു. അദ്ദേഹത്തിൻ്റെ അസാമാന്യമായ ധീരത കണക്കിലെടുത്താണ് 2026 ജനുവരി 26-ന് നടന്ന 77-ാമത് റിപ്പബ്ലിക് ദിന ചടങ്ങിൽ ജമ്മുകശ്മീർ ഭരണകൂടം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ശൗര്യ പുരസ്‌കാരം നല്‍കിയത്. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവുമാണ് പുരസ്‌കാരമായി ലഭിച്ചത്.
ആദിലിൻ്റെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകുകയും അദ്ദേഹത്തിൻ്റെ ഭാര്യ ഗുൽനാസ് അക്തറിന് സർക്കാർ ജോലി നൽകുകയും ചെയ്‌തിട്ടുണ്ട്. കശ്‌മീരിൻ്റെ അതിഥി സൽക്കാര മനോഭാവത്തിന്റെയും മാനവികതയുടെയും പ്രതീകമായാണ് ആദിൽ ഹുസൈൻ ഷാ ഇന്ന് അറിയപ്പെടുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR