Enter your Email Address to subscribe to our newsletters

New delhi, 26 ജനുവരി (H.S.)
രാജ്യം 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ആശംസയുമായി ചൈന. ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് ആശംസകള്‍ നേര്‍ന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് . ഇന്ത്യയും ചൈനയും 'നല്ല അയല്‍ക്കാരും സുഹൃത്തുക്കളും പങ്കാളികളുമാണ്' എന്ന് ആശംസാ സന്ദേശത്തില്‍ അദ്ദേഹം വിശേഷിപ്പിച്ചത്.
ഇരുരാജ്യങ്ങളെയും പ്രതീകാത്മകമായി 'ഒന്നിച്ചു നൃത്തം ചെയ്യുന്ന ഡ്രാഗണും ആനയും' എന്ന് മുന്‍പ് പലതവണ ഉപയോഗിച്ചിട്ടുള്ള പ്രയോഗം റിപ്പബ്ലിക് ദിന ആശംസയില്‍ അദ്ദേഹം വീണ്ടും പരാമര്‍ശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കണമെന്നും നയതന്ത്ര ബന്ധത്തില്‍ സ്ഥിരത കൈവരിക്കുന്നതിനായി പരസ്പരമുള്ള ആശങ്കകള്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
2020-ലെ ഗാല്‍വന്‍ വാലി അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് നാല് വര്‍ഷത്തോളമായി വഷളായിരുന്ന ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് ഷി ജിന്‍പിങ്ങിന്റെ റിപ്പബ്ലിക് ദിന ആശംസ. 2024 ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിന്‍പിങ്ങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയാണ് ഇരുരാജ്യങ്ങളുടെയും ബന്ധത്തില്‍ പുരോഗതിക്ക് വഴിതുറന്നത്. അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരുപക്ഷവും അന്ന് ധാരണയിലെത്തിയിരുന്നു. തുടര്‍ന്ന് 2025 ജൂലൈയില്‍ ചൈന സന്ദര്‍ശിച്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, അതിര്‍ത്തിയിലെ സേനാ പിന്മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൈവരിച്ച പുരോഗതി തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി, നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയും വിസ നടപടികള്‍ ലഘൂകരിക്കുകയും ചെയ്തിരുന്നു. കൂടാതെ, ടിബറ്റിലെ കൈലാസ് മാനസസരോവര്‍ തീര്‍ഥാടനം പുനരാരംഭിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു.
---------------
Hindusthan Samachar / Sreejith S