ഐസ് ഹോക്കിയില്‍ മിന്നും പ്രകടനവുമായി 'സ്നോ ലെപേര്‍ഡ്‌സ്
Srinagar, 26 ജനുവരി (H.S.) ലേയില്‍ നടക്കുന്ന ഖേലോ ഇന്ത്യ വിന്റർ ഗെയിംസ്(KIWG) ഐസ് ഹോക്കി മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച്‌ സൈന്യത്തിലെ വിദഗ്ദ്ധ പർവത ഇൻഫൻട്രി റെജിമെന്റായ ലഡാക്ക് സ്കൗട്ട്‌സ്. റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന പുരുഷന്മാരുടെ ഫ
Ice Hockey


Srinagar, 26 ജനുവരി (H.S.)

ലേയില്‍ നടക്കുന്ന ഖേലോ ഇന്ത്യ വിന്റർ ഗെയിംസ്(KIWG) ഐസ് ഹോക്കി മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച്‌ സൈന്യത്തിലെ വിദഗ്ദ്ധ പർവത ഇൻഫൻട്രി റെജിമെന്റായ ലഡാക്ക് സ്കൗട്ട്‌സ്.

റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന പുരുഷന്മാരുടെ ഫൈനലില്‍ ആർമി ടീം ഇന്ന് ചണ്ഡീഗഡിനെ നേരിടും.

ലഡാക്ക് സ്കൗട്ട്‌സിന്റെ യഥാർത്ഥ പ്രാധാന്യം കളിക്കളത്തിലെ വിജയങ്ങളേക്കാള്‍ വലുതാണെന്ന് സൈന്യം പറയുന്നു. ഖേലോ ഇന്ത്യ വിന്റർ ഗെയിംസിലെ നിരവധി സ്വർണ്ണമെഡലുകള്‍ക്കപ്പുറം ഐസ് ഹോക്കിയെ ലേയിലെ മഞ്ഞുമൂടിയ മലനിരകള്‍ക്കപ്പുറം ഇന്ത്യയുടെ സമതലങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് സൈന്യം വ്യക്തമാക്കി.

1970-കളുടെ അവസാനത്തോടെ തന്നെ ലഡാക് സ്കൌട്ട്സ് ഐസ് ഹോക്കി കളിക്കാൻ ആരംഭിച്ചിട്ടുണ്ട്. കളിക്കളമോ ഉപകരണങ്ങളോ ഇല്ലാതിരുന്നിട്ട് പോലും അവർ വിനോദത്തിനായി ഐസ് ഹോക്കി പരിശീലിച്ചു. 1980 കളോടെയാണ് കായികരംഗത്തേക്ക് ഗൗരവപൂർവം അവർ കടക്കുന്നത്. സ്വാഭാവിക ഐസ് റിങ്കുകള്‍ നിർമ്മിച്ച്‌ വിലയേറിയ ഉപകരണങ്ങള്‍ (ഇന്ന് ഒരാള്‍ക്ക് 4 ലക്ഷം രൂപ വരെ) ഇറക്കുമതി ചെയ്തു. 2000-ല്‍ പൂർണ്ണ ഇൻഫൻട്രിയായി ഉയർത്തപ്പെട്ടതോടെ ഐസ് ഹോക്കിയിലുള്ള അവരുടെ ശ്രമങ്ങള്‍ വർധിച്ചു.

നിലവില്‍ ഇന്ത്യയില്‍ ഡെറാഡൂണിലും ലേയിലെ ഇൻഡോർ നവാങ് ദോർജി സ്റ്റോബ്ദാൻ സ്റ്റേഡിയത്തിലുമായി രണ്ട് ഒളിമ്പിക് നിലവാരമുള്ള കൃത്രിമ ഐസ് റിങ്കുകള്‍ മാത്രമാണുള്ളത്.

'ഐസ് ഹോക്കിയെ യഥാർത്ഥത്തില്‍ ജനപ്രിയമാക്കാൻ രാജ്യത്തുടനീളം കൂടുതല്‍ റിങ്കുകള്‍ ആവശ്യമാണ്. നിലവില്‍ ഇത് ലേയില്‍ മാത്രമാണ് ഉള്ളത്. മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചാലേ ഈ കായിക വിനോദത്തിന് വളരാൻ സാധിക്കൂ', കെഐഡബ്ല്യുജെയില്‍ കളിക്കുന്ന ആർമി ടീമിന്റെ ഭാഗമായ ക്യാപ്റ്റൻ പാർത്ഥ് ജഗ്‌താപ് പറഞ്ഞു.

കഴിഞ്ഞ വർഷം മുംബൈയില്‍ മികച്ച കായിക, അക്കാദമിക് നേട്ടങ്ങള്‍ക്കുള്ള പുരസ്കാരം നേടിയ ക്യാപ്റ്റൻ ജഗ്‌താപ് ഖേലോ ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ചു. 'ഖേലോ ഇന്ത്യയുടെ പങ്കാളിത്തം വലിയ സഹായമായിട്ടുണ്ട്. മാധ്യമ കവറേജിലൂടെ ഐസ് ഹോക്കിയെക്കുറിച്ച്‌ കൂടുതല്‍ അവബോധമുണ്ടായി. ഇത് രാജ്യത്ത് ഐസ് ഹോക്കിയെ ജനപ്രിയമാക്കാൻ എന്തെല്ലാം ചെയ്യണമെന്ന് മനസ്സിലാക്കാനും സഹായിച്ചു' അദ്ദേഹം പറഞ്ഞു.

ഒരു ഐസ് റിങ്ക് നിർമ്മാണത്തിന് വലിയ സാമ്പത്തിക ചെലവുണ്ട്. ഒരു സാധാരണ റിങ്കിന് ഏകദേശം 15 കോടി രൂപ വരെയും 5,000 കാണികളെ ഉള്‍ക്കൊള്ളുന്ന അത്ര വലുതല്ലാത്തൊരു ഇൻഡോർ സ്റ്റേഡിയത്തിന് 40-50 കോടി രൂപ വരെയും ചെലവ് വരും. ഈ ഭീമമായ തുകകള്‍ക്ക് കോർപ്പറേറ്റ് പിന്തുണ അത്യാവശ്യമാണ്.

റിലയൻസ്, അദാനി, ടാറ്റ പോലുള്ള കമ്പനികള്‍ പങ്കെടുത്താല്‍ ഇന്ത്യയിലെ ഐസ് ഹോക്കി മേഖല അതിവേഗം മാറുകയും ലേയ്ക്ക് അപ്പുറം വ്യാപിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ഈ ആശയം ലാഡാക്ക് സ്കൗട്ട്‌സ് പ്രതിനിധികള്‍ തന്നെയാണ് മുന്നോട്ട് വെച്ചത്.

സൈനികരുടെ പ്രധാന കടമ അതിർത്തികള്‍ സംരക്ഷിക്കുകയാണെങ്കിലും ചിലപ്പോള്‍ അവർ തങ്ങള്‍ക്ക് നേരിട്ട് ബന്ധമില്ലാത്ത ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാറുണ്ട്. തങ്ങളുടെ കടമകള്‍ക്കും അപ്പുറം പ്രവർത്തിക്കുന്നതിന് ഐസ് ഹോക്കി ഒരു മികച്ച ഉദാഹരണമാണ്.

കഴിഞ്ഞ വർഷം ദേശീയ വനിതാ ടീമിന് ലഡാക്ക് സ്കൗട്ട്‌സ് നല്‍കിയ അവസാന നിമിഷത്തെ സാമ്പത്തിക സഹായം നിർണ്ണായകമായിരുന്നു. ഈ പിന്തുണയുടെ ഫലമായി യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നടന്ന ഐഐഎച്ച്‌എഫ് വനിതാ ഏഷ്യ കപ്പില്‍ ഇന്ത്യൻ വനിതാ ടീം തങ്ങളുടെ ആദ്യത്തെ വെങ്കല മെഡല്‍ നേടി.

'സ്നോ ലെപേർഡ്‌സ്' അല്ലെങ്കില്‍ 'സ്നോ വാരിയേഴ്സ്' എന്ന് വിളിപ്പേരുള്ള ലഡാക്ക് സ്കൗട്ട്‌സ് തങ്ങളുടെ ഈ ദൗത്യത്തില്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയെ ആഗോള ഐസ് ഹോക്കി ഭൂപടത്തിലെ ശ്രദ്ധേയമായ ഒരു ശക്തിയാക്കാൻ തങ്ങളുടെ ശ്രമങ്ങള്‍ക്ക് അധികം വൈകാതെ കഴിയുമെന്ന പ്രതീക്ഷയിലാൻവർ.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News