Enter your Email Address to subscribe to our newsletters

Kannur, 26 ജനുവരി (H.S.)
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേരെ ഹജ്ജിനയക്കാൻ കഴിഞ്ഞത് ഈ സർക്കാരിന്റെ കാലത്താണെന്ന് സംസ്ഥാന ഹജ്ജ് വഖഫ് ന്യൂനപക്ഷ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. തളിപ്പറമ്പ് സൂര്യ ഓഡിറ്റോറിയത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി നടത്തുന്ന ഹജ്ജ് സാങ്കേതിക ക്ലാസ് രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജിന് പോകുന്നവർക്ക് പരാതിക്കിടയില്ലാത്ത വിധം സംവിധാനങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. തീർത്ഥാടകർക്കൊപ്പം പ്രത്യേകം പരിശീലനം നേടിയ 87 വളണ്ടിയർമാരും അനുഗമിക്കും. കഴിഞ്ഞ വർഷം ഉണ്ടായ പരാതികൾ പരിഗണിച്ച് ഈ വർഷം സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക താമസ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
മെയ് അഞ്ച് മുതൽ 19 വരെയുള്ള ദിവസങ്ങളിലാണ് ഹജ്ജ് സംഘങ്ങൾ പുറപ്പെടുക. മറ്റു വർഷങ്ങിൽ നിന്ന് വ്യത്യസ്തമായി കൊച്ചി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ ഹജ്ജിന് പുറപ്പെടുന്നത് കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് .
പരിപാടിയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷനായി. സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കക്കോത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന അസിസ്റ്റന്റ് ട്രെയിനിംഗ് ഓർഗനൈസർ എൻ.പി ഷാജഹാൻ, കണ്ണൂർ ജില്ലാ ട്രെയിനിംഗ് ഓർഗനൈസർമാരായ നിസാർ അതിരകം, കെ മുഹമ്മദ് സലീം, പി.വി അബ്ദുൾ നാസർ എന്നിവർ സാങ്കേതിക ക്ലാസുകൾ നയിച്ചു. തളിപ്പറമ്പ് നഗരസഭ അധ്യക്ഷൻ പി.കെ സുബൈർ, നീലേശ്വരം നഗരസഭ അധ്യക്ഷൻ പി.പി മുഹമ്മദ് റാഫി, തളിപ്പറമ്പ് നഗരസഭ അംഗം പി റഫീക്ക്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഒ.വി ജയഫർ, ഷംസുദ്ദീൻ അരിഞ്ചിറ, അഡ്വ. മൊയ്തീൻകുട്ടി, മുൻ അംഗം അസ്കർ കോറോട്, ഹജ്ജ് ഫാക്കൽറ്റി അംഗങ്ങളായ സി.കെ സുബൈർ ഹാജി, താജ്ജുദ്ദീൻ മട്ടന്നൂർ, കാസർഗോഡ് ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ മുഹമ്മദ് സലീം, കാരുണ്യ ട്രസ്റ്റ് ചെയർമാൻ സി അബ്ദുൾ കരീം എന്നിവർ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S