ഏറ്റവും കൂടുതല്‍ പത്മ അവാര്‍ഡുകള്‍ മഹാരാഷ്ട്രയ്ക്ക്; രണ്ടാമത് തമിഴ്നാട്
Newdelhi, 26 ജനുവരി (H.S.) രാജ്യം 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ നിറവിലാണ്. ഇന്നലെയാണ് ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആകെ 131 പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ഇതില്‍ അഞ്ച് പത്മവിഭൂഷണും 13 പത്മ
Pathma-Awards


Newdelhi, 26 ജനുവരി (H.S.)

രാജ്യം 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ നിറവിലാണ്. ഇന്നലെയാണ് ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ആകെ 131 പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ഇതില്‍ അഞ്ച് പത്മവിഭൂഷണും 13 പത്മഭൂഷണും 113 പത്മശ്രീയും ഉള്‍പ്പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഇത്തവണ പുരസ്‌കാര പട്ടികയില്‍ നല്‍കിയിരിക്കുന്നത്. ഭാരതരത്‌ന കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയാണ് പത്മവിഭൂഷണ്‍, തുടര്‍ന്ന് പത്മഭൂഷണും പത്മശ്രീയും.

മേഖലകള്‍ തിരിച്ച്‌ നോക്കിയാല്‍, 131 അവാര്‍ഡുകളില്‍ 40 എണ്ണവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് ലഭിച്ചത്. സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കൂടുതല്‍ പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചത്, ഒരു പത്മവിഭൂഷണ്‍ ഉള്‍പ്പെടെ 15 പുരസ്‌കാരങ്ങള്‍. തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്ത് തമിഴ്നാടാണ്. 13 അവാര്‍ഡുകളാണ് തമിഴ്നാടിന് ലഭിച്ചത്. അതില്‍ രണ്ട് പത്മ ഭൂഷണും ഉള്‍പ്പെടുന്നു. പശ്ചിമ ബംഗാളും ഉത്തര്‍പ്രദേശുമാണ് മൂന്നാം സ്ഥാനത്ത് - 11 പുരസ്‌കാരങ്ങള്‍. തൊട്ടു പിന്നിലാണ് കേരളം, നാലാം സ്ഥാനത്ത്.

അവാര്‍ഡിന്റെ മൂല്യം കണക്കാക്കിയാല്‍ കേരളം ഏറ്റവും മുന്നിലാണ്. രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ അവാര്‍ഡുകള്‍ അഞ്ചെണ്ണത്തില്‍ മൂന്ന് എണ്ണവും കേരളത്തിലേക്കാണ് എത്തിയത്. മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അന്തരിച്ച വി.എസ്. അച്യുതാനന്ദന്‍, സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്, ജന്മഭൂമിയുടെ പത്രാധിപരായിരുന്ന പി. നാരായണന്‍ എന്നിവര്‍ക്കാണ് പത്മവിഭൂഷണ്‍ ലഭിച്ചത്.

മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടി, എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായി. നേരത്തെ മോഹന്‍ലാലിനെ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡിനായി തിരഞ്ഞെടുത്തിരുന്നു. മമ്മൂട്ടിക്കും ദേശീയ അവാര്‍ഡ് ലഭിച്ചത് സിനിമാ മേഖലയില്‍ ഇരട്ടി മധുരമായി. അതേസമയം, തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് കേരളത്തിലെ ഈ പട്ടിക തയ്യാറാക്കിയതെന്ന രാഷ്ട്രീയ വിലയിരുത്തലുകളും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. കലാമണ്ഡലം വിമല മേനോന്‍, ഡോ. എഇ മുത്തുനായകം, കൊല്ലക്കല്‍ ദേവകിയമ്മ എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചു.

ദേശീയതലത്തില്‍ ബോളിവുഡ് താരം ധര്‍മ്മേന്ദ്ര, വയലിന്‍ വിദ്വാന്‍ എന്‍. രാജം എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അന്തരിച്ച ഷിബു സോറന്‍, മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ബി.എസ്. കോഷിയാരി, ഗായിക അല്‍ക യാഗ്‌നിക്, മുന്‍ ടെന്നീസ് താരം വിജയ് അമൃതരാജ് എന്നിവരാണ് പത്മഭൂഷണ്‍ ലഭിച്ച മറ്റ് പ്രമുഖര്‍. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രമുഖര്‍ക്കൊപ്പം രാഷ്ട്രീയമായ സ്വാധീനമുള്ള വ്യക്തിത്വങ്ങളെയും ഉള്‍പ്പെടുത്തിയാണ് ഇത്തവണത്തെ പത്മ പട്ടിക പുറത്തുവന്നിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News