Enter your Email Address to subscribe to our newsletters

Kannur, 26 ജനുവരി (H.S.)
കായിക മേഖലയിലെ പശ്ചാത്തല സൗകര്യവികസനത്തിന് ഉൾപ്പെടെ 4000 കോടി രൂപയുടെ വിവിധ പദ്ധതികളാണ് കഴിഞ്ഞ പത്തുവർഷം കൊണ്ട് സർക്കാർ സംസ്ഥാനത്ത് നടപ്പാക്കിയതെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. കായിക മേഖലയിൽ രാജ്യത്ത് ഏറ്റവും അധികം പണം ചെലവഴിച്ചത് കേരളമാണെന്നും മന്ത്രി പറഞ്ഞു. അഴീക്കോട് ഗ്രാമപഞ്ചായത്തിൽ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി നവീകരിച്ച പി.വി രവീന്ദ്രൻ സ്‌മാരക പഞ്ചായത്ത് ഫ്ലഡ്ലൈറ്റ് മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പത്ത് വർഷത്തിനു മുമ്പ് രണ്ട് സിന്തറ്റിക് ട്രാക്കുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് 25 ആയി വർദ്ധിപ്പിച്ചു. കണ്ണൂർ ജില്ലയിൽ ധർമ്മടം, കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിൽ പുതിയ സ്റ്റേഡിയത്തിനായി പ്രവൃത്തി ആരംഭിച്ചു. 100 കോടി രൂപയുടെ 60 പദ്ധതികളാണ് ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്നത്. കിഫ്‌ബി പദ്ധതി പ്രകാരം 125 കോടിയുടെ പത്ത് പ്രവൃത്തികൾ അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
വടക്കേ മലബാറിലെ ഏറ്റവും വലിയ സ്റ്റേഡിയം തളിപ്പറമ്പിൽ ആരംഭിക്കുകയാണ്. മട്ടന്നൂരിൽ അന്താരാഷ്ട്ര യോഗ സെന്ററിനായി എട്ടു കോടി ചെലവിൽ സ്ഥലമെടുപ്പ് പൂർത്തീകരിച്ചെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്ഥാപനതല സ്പോർട്ട് കൗൺസിലുകൾ വഴി പഞ്ചായത്ത് കളിക്കളങ്ങൾ പ്രാവർത്തികമാക്കണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സ്കൂൾതല പരിശീലനത്തിനൊപ്പം പഞ്ചായത്ത്തല പരിശീലനവും നടത്താൻ മതിയായ പരിശീലകരെ നിയമിക്കാനുള്ള പദ്ധതി നടപ്പാക്കി വരികയാണ്. ഗ്രാമീണ തലത്തിൽ കളിക്കളങ്ങൾ, ആധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഡിയങ്ങൾ, സിന്തറ്റിക് ട്രാക്കുകൾ, സ്വിമ്മിംഗ് പൂൾ, സ്പോർട്സ് ടൂറിസം പദ്ധതികൾ, ഫിറ്റ്നസ് സെൻ്ററുകൾ സ്പോർട്സ് മെഡിസിൻ സെൻ്ററുകൾ, സ്പോർട്‌സ് സയൻസ് സെൻ്ററുകൾ ആർച്ചറി അക്കാഡമി എന്നിങ്ങനെ നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
കെ. വി. സുമേഷ് എം. എൽ. എ. അധ്യക്ഷനായിരുന്നു. സംസ്ഥാനത്തെ ആദ്യത്തെ മൾട്ടിപർപ്പസ് ഫ്ലഡ് ലൈറ്റ് മഡ് ഗ്രൗണ്ടാണ് അഴീക്കോട് പഞ്ചായത്തിലെ ഈ സ്റ്റേഡിയമെന്ന് എം എൽ എ പറഞ്ഞു. സ്റ്റേഡിയത്തോട് ചേർന്ന് ഓപ്പൺ ജിം ഉടൻ നിർമ്മിക്കുമെന്നും എം എൽ എ അറിയിച്ചു. അഴീക്കോട് മണ്‌ഡലത്തിൽ കായിക വകുപ്പ് മുഖേന 13.65 കോടി രൂപയുടെ എട്ട് പ്രവൃത്തികളാണ് നടന്നു വരുന്നതെന്നും എം എൽ എ പറഞ്ഞു.
കെ.വി സുമേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും സംസ്ഥാന സർക്കാർ കായിക വകുപ്പ് മുഖേന അനുവദിച്ച 50 ലക്ഷം രൂപയും ഉൾപ്പെടെ ഒരു കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയിൽ പ്രധാനമായും ഗ്രൗണ്ട് ഡെവലപ്മെന്റ്, സ്റ്റെപ്പ് ഗ്യാലറി, ഫെൻസിംഗ്, ഡ്രെയിൻ, ഇൻ്റർ ലോക്ക് ലേയിംഗ്, കോമ്പൗണ്ട് വാൾ. ഗേറ്റ്, ഫ്ളെഡ് ലൈറ്റ് എന്നീ ഘടകങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്.
മുൻ എംഎൽഎ എം. പ്രകാശൻ മാസ്റ്റർ, ഇന്ത്യൻ ഫുട്ബോൾ മുൻ ക്യാപ്റ്റൻ കെ. വി. ധനേഷ് എന്നിവർ മുഖ്യതിഥികളായി. സ്പോർട്സ് കേരള ഫൗണ്ടേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അശ്വതി. വി. കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തൻ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സനില, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. റീന, ജില്ലാ പഞ്ചായത്ത് അംഗം കെ. വി. ഷക്കീൽ, അഴീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. സുരേശൻ, സ്ഥിരസമിതി അധ്യക്ഷരായ സി. ജസ്‌ന, സി.വി വിജയശ്രീ, എം.പി ബാബു, അംഗങ്ങളായ കെ. സജിന, കെ. വി. ശ്രീരാഗ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.എം. അഖിൽ, അഴീക്കോട് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. അജീഷ്, അഴീക്കോട് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ വി. രഘുറാം, പഞ്ചായത്ത് സെക്രട്ടറി എം. കെ. ഫാറൂഖ് വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് പി.എം. സുഗുണൻ, കെ. ഗിരീഷ് കുമാർ, ടി. എം. മോഹനൻ, പി. രഘുനാഥ്, കെ. പി. മുഹമ്മദ് ഹാരിസ്, കെ. മഹേഷ് എന്നിവർ സംസാരിച്ചു.
---------------
Hindusthan Samachar / Sreejith S