വിഎസിന് ലഭിച്ച പത്മപുരസ്‌കാരം സ്വീകരിക്കുന്നത് പാര്‍ട്ടിയുമായി ആലോചിച്ച ശേഷം; മകന്‍ അരുണ്‍കുമാര്‍
Kerala, 26 ജനുവരി (H.S.) വി എസ് അച്യുതാനന്ദന് പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനം എന്ന് മകന്‍ വിഎ അരുണ്‍ കുമാര്‍. പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തില്‍ അന്തിമ തൂരുമാനമെടുത്തിട്ടില്
V A Arunkumar


Kerala, 26 ജനുവരി (H.S.)

വി എസ് അച്യുതാനന്ദന് പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനം എന്ന് മകന്‍ വിഎ അരുണ്‍ കുമാര്‍. പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തില്‍ അന്തിമ തൂരുമാനമെടുത്തിട്ടില്ല. സിപിഎം നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നുമാണ് അരുണ്‍ കുമാര്‍ പറഞ്ഞു. അച്ഛന് പത്മവിഭൂഷണ്‍ അംഗീകാരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് എല്ലാവരും. ഈ വലിയ അംഗീകാരത്തില്‍ കുടുംബത്തിന് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ജീവിതം എല്ലാവരും അറിയണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹമെന്നും അരുണ്‍കുമാര്‍ പറഞ്ഞു. വി എസിന് ലഭിക്കുന്ന എല്ലാ അംഗീകാരങ്ങളും കുടുംബം സന്തോഷത്തോടെയാണ് കാണുന്നത്. എന്നാല്‍ പുരസ്‌കാരം ഔദ്യോഗികമായി സ്വീകരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ നിലപാട് സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വി എസ് അച്യുതാനന്ദന് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ചതിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സി പി എം സ്വീകരിച്ചിട്ടുള്ളത്. മുന്‍കാലത്ത് പത്മ പുരസ്‌കാരങ്ങള്‍ നേതാക്കള്‍ നിഷേധിച്ചത് അവരുടെ നിലപാടെന്നാണ് സി പി എം വിശദീകരണം. വി എസിന് പത്മവിഭൂഷണ്‍ ലഭിച്ചത്തില്‍ പാര്‍ട്ടിക്കും കുടുംബത്തിനും സന്തോഷമെന്നും പാര്‍ട്ടി പ്രതികരിട്ടു. പാര്‍ട്ടിയുടെ നിലപാടില്‍ ആകാംക്ഷയുണ്ടായിരുന്നു. സി പി എം നേതാക്കള്‍ പുരസ്‌കാരങ്ങള്‍ നിരസിക്കുന്ന പതിവുണ്ടായിരുന്നതിനാലാണ് ആശങ്ക നിലനിന്നത്. കുടുംബം എന്ത് തീരുമാനിക്കുന്നോ അതിനൊപ്പം പാര്‍ട്ടി നില്‍ക്കുമെന്ന നേതൃത്വം നിലപാട് വ്യക്തമാക്കിയതോടെ വൈകാതെ, പാര്‍ട്ടിയുമായി കൂടിയാലോചിച്ച് അരുണ്‍ കുമാര്‍ നിലപാട് പ്രഖ്യാപിക്കുമെന്നാണ് വ്യക്തമാകുന്നത്.

വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷണ്‍ പുരസ്‌കാര ലബ്ധിയില്‍ കുടുംബത്തിനൊപ്പം പാര്‍ട്ടിക്കും വലിയ സന്തോഷമുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.മുന്‍കാലങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ ഇത്തരം ബഹുമതികള്‍ നിരസിച്ചിട്ടുണ്ടെങ്കിലും, വിഎസിന്റെ കാര്യത്തില്‍ കുടുംബത്തിന്റെ നിലപാടിനെ പാര്‍ട്ടി മാനിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

'മുമ്പ് പാര്‍ട്ടി നേതാക്കന്മാര്‍ ഓരോരുത്തരും അവരവരുടെ നിലപാടുകള്‍ അനുസരിച്ചാണ് പുരസ്‌കാരങ്ങളെ കൈകാര്യം ചെയ്തത്. എന്നാല്‍ വി.എസിന്റെ കുടുംബം ഈ അംഗീകാരത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അതില്‍ പാര്‍ട്ടിക്കും വലിയ സന്തോഷമേയുള്ളൂ, പുരസ്‌കാരം ലഭിച്ചതിനെ സ്വാഗതം ചെയ്യുന്നെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, ഭരണകൂടം നല്‍കുന്ന ബഹുമതികളോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുലര്‍ത്തുന്ന വിമുഖതയ്ക്ക് ദീര്‍ഘകാലത്തെ ചരിത്രമുണ്ട്. നരസിംഹറാവു സര്‍ക്കാരിന്റെ കാലത്താണ് രാജ്യത്തെ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടിന് പത്മവിഭൂഷണ്‍ നല്‍കാന്‍ തീരുമാനിച്ചത്.

എന്നാല്‍ പാര്‍ട്ടിയും ഇ.എം.എസും ഈ പുരസ്‌കാരം നിരസിക്കുകയാണുണ്ടായത്. 1996-ലെ ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവിന് ഭാരതരത്നം നല്‍കാന്‍ ആലോചനയുണ്ടായിരുന്നു. പുരസ്‌കാരം പ്രഖ്യാപിച്ചാല്‍ സ്വീകരിക്കുമോ എന്ന് മുന്‍കൂട്ടി ആരായവേ, പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് ബസുവും പാര്‍ട്ടിയും സ്വീകരിച്ചത്. ഇതേ സര്‍ക്കാരിന്റെ കാലത്ത് തന്നെ സി.പി.എം. നേതാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന് പത്മവിഭൂഷണ്‍ നല്‍കാന്‍ ആലോചനയുണ്ടായെങ്കിലും അദ്ദേഹവും പാര്‍ട്ടിയും അത് നിരസിച്ചു.

ഏറ്റവും ഒടുവിലായി 2022-ല്‍ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് പ്രഖ്യാപിച്ച പത്മഭൂഷണ്‍ പുരസ്‌കാരവും അദ്ദേഹം തള്ളിക്കളഞ്ഞു. കമ്മ്യൂണിസ്റ്റുകാരുടെ പൊതുപ്രവര്‍ത്തനം പുരസ്‌കാരങ്ങള്‍ക്കായല്ലെന്നും, ഭരണകൂടം നല്‍കുന്ന ബഹുമതികള്‍ രാഷ്ട്രീയ നിലപാടുകളുടെ ഭാഗമായി സ്വീകരിക്കേണ്ടതില്ലെന്നുമുള്ള രണ്ട് പ്രധാന കാരണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ഈ നിരസിക്കലുകളെല്ലാം പാര്‍ട്ടി നടത്തിയത്. 2022-ല്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ മഗ്സസെ അവാര്‍ഡ് നിരസിച്ചതും പാര്‍ട്ടിയുടെ ഈ നയപരമായ നിലപാടിനെത്തുടര്‍ന്നായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News