Enter your Email Address to subscribe to our newsletters

Thiruvanathapuram, 26 ജനുവരി (H.S.)
എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം തിരുവനന്തപുരത്ത് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ ദേശീയ പതാക ഉയര്‍ത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു. രാവിലെ8.45-ഓടെ പരിപാടികള്‍ക്ക് തുടക്കമായി.8.59-ന് ഗവര്‍ണര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,ചീഫ് സെക്രട്ടറി എ ജയതിലക്,ജില്ലാ കളക്ടര്‍ അനുകുമാരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഭാരതീയ വ്യോമസേനയിലെ (ശംഖുമുഖം എയര്‍ഫോഴ്സ് സ്റ്റേഷന്‍) വിങ് കമാന്‍ഡര്‍ വികാസ് വശിഷ്ട് പരേഡ് കമാന്‍ഡറായും,മദ്രാസ് റെജിമെന്റ് രണ്ടാം ബറ്റാലിയനിലെ ക്യാപ്റ്റന്‍ അഭിഷേക് ദുബെ സെക്കന്‍ഡ്-ഇന്‍-കമാന്‍ഡറായും പരേഡിന് നേതൃത്വം നല്‍കി.
പരേഡില്‍ സായുധ വിഭാഗങ്ങളായ ഭാരതീയ കരസേന,വ്യോമസേന,ആന്ധ്രാപ്രദേശ് സ്റ്റേറ്റ് പോലീസ്,മലബാര്‍ സ്പെഷ്യല്‍ പോലീസ്,ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍,കേരള സായുധ വനിത പോലീസ് ബറ്റാലിയന്‍,റാപ്പിഡ് റെസ്പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്സ്,തിരുവനന്തപുരം സിറ്റി പോലീസ്,കേരള ജയില്‍ വകുപ്പ്,എക്സൈസ്,വനം വകുപ്പ് എന്നിവയുള്‍പ്പെടെ11പ്ലാറ്റൂണുകളും സായുധമല്ലാത്ത വിഭാഗത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്,സൈനിക സ്‌കൂള്‍,എന്‍.സി.സി (സീനിയര്‍ ഡിവിഷന്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും,നേവല്‍ യൂണിറ്റ്,എയര്‍ സ്‌ക്വാഡ്രണ്‍),എന്‍.എസ്.എസ്,സ്റ്റുഡന്റ് പോലീസ് കേഡറ്റ്,ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് തുടങ്ങി11പ്ലാറ്റൂണുകളും അണിനിരന്നു. തിരുവനന്തപുരം സിറ്റി അശ്വാരൂഢ പോലീസിന്റെ ഒരു പ്ലാറ്റൂണും പരേഡില്‍ പങ്കെടുത്തു. ഭാരതീയ കരസേന,തിരുവനന്തപുരം സിറ്റി പോലീസ്,ആംഡ് പോലീസ് ബറ്റാലിയന്‍ എന്നിവരുടെ ബാന്റ് സംഘങ്ങള്‍ പരേഡിന് അകമ്പടിയേകി.
ഭാരതം ഒരു മതരാഷ്ട്രമല്ല,മറിച്ച് എല്ലാവരെയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന റിപ്പബ്ലിക്കാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. വൈവിധ്യങ്ങളെയും വിവിധ സംസ്‌കാരങ്ങളെയും തനിമ ചോരാതെ സ്വാംശീകരിക്കുന്ന ഭാരതീയ സംസ്‌കാരത്തിന്റെ മഹത്വമാണ് നമ്മുടെ കരുത്ത്. കഴിഞ്ഞ76വര്‍ഷമായി നാം ഈ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. ലോകത്തിന് മുന്നില്‍ ജനാധിപത്യത്തിന്റെ മാതാവാണ് ഭാരതമെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങളില്‍ കേരളം കൈവരിച്ച നേട്ടത്തില്‍ ഗവര്‍ണര്‍ പ്രത്യേകം സന്തോഷം പ്രകടിപ്പിച്ചു. രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷണ്‍ ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജസ്റ്റിസ് കെ.ടി. തോമസ്,പി. നാരായണന്‍ എന്നിവര്‍ക്കും പത്മവിഭൂഷണ്‍ ലഭിച്ചത് കേരളത്തിന് വലിയ അംഗീകാരമാണ്.
കലാ-സാംസ്‌കാരിക രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് പത്മഭൂഷണ്‍ ലഭിച്ച നടന്‍ മമ്മൂട്ടി,വെള്ളാപ്പള്ളി നടേശന്‍ എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു. പത്മശ്രീ ലഭിച്ച കലാമണ്ഡലം വിമലാ മേനോന്‍,കൊല്ലകല്‍ ദേവകി അമ്മ എന്നിവരുടെ നേട്ടങ്ങള്‍ കേരളത്തിന്റെ പ്രതിഭയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്ജ്വല മന്ത്രമായ'വന്ദേമാതരം'രചിക്കപ്പെട്ടതിന്റെ150-ാംവാര്‍ഷികം ആഘോഷിക്കുന്ന വേളയാണിതെന്ന് ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു. ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച ഈ ഗാനം ധീരരായ വിപ്ലവകാരികള്‍ക്ക് തൂക്കുമരത്തെപ്പോലും പുഞ്ചിരിയോടെ നേരിടാന്‍ കരുത്ത് നല്‍കിയ ഒന്നാണെന്ന് അദ്ദേഹം അനുസ്മരിച്ചു.ആദി ശങ്കരാചാര്യര്‍ മുതല്‍ ശ്രീനാരായണ ഗുരുവും സ്വാമി ചിന്മയാനന്ദനും വരെയുള്ളവര്‍ കേരളത്തിന് നല്‍കിയ സാംസ്‌കാരിക വെളിച്ചം രാജ്യത്തിന് തന്നെ വഴികാട്ടിയാണ്. കല,കായികം,ശാസ്ത്രം,സാഹിത്യം തുടങ്ങി എല്ലാ മേഖലകളിലും മലയാളി നല്‍കുന്ന സംഭാവനകള്‍ അതുല്യമാണ്. കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ല,മറിച്ച് രാജ്യപുരോഗതിക്കായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട സഹപ്രവര്‍ത്തകരാണെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും വികസന കാര്യത്തില്‍ എല്ലാവരും ഒരേ ലക്ഷ്യത്തോടെ നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
2047-ഓടെ'വികസിത ഭാരതം'എന്ന ലക്ഷ്യം കൈവരിക്കാന്‍ ഓരോ സംസ്ഥാനവും പ്രതിജ്ഞാബദ്ധമാകണം. കേരളത്തിന്റെ വികസനത്തിലൂടെ ഭാരതത്തിന്റെ വികസനം എന്ന'സങ്കല്‍പം'നടപ്പിലാക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. വിദ്യാഭ്യാസം,ആരോഗ്യരംഗം,സാമൂഹിക മുന്നേറ്റം എന്ന് തുടങ്ങി നിരവധി മേഖലകളില്‍ കേരളം രാജ്യത്തിന് മാതൃകയാകുന്ന സംസ്ഥാനമാണ്. അതുപോലെ ഇത്തവണ എല്ലാ മലയാളികളും സമ്മതിദാന അവകാശം നിറവേറ്റി പുതിയ മാതൃക സൃഷ്ടിക്കണമെന്നും ദേശീയ വോട്ടര്‍ ദിനത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശത്തിന് ശേഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങളും വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,മന്ത്രിമാരായ വി. ശിവന്‍കുട്ടി,ജി ആര്‍ അനില്‍,എഎ റഹീം എം.പി,എം.എല്‍.എ മാരായ വി. കെ പ്രശാന്ത്,എം വിന്‍സെന്റ്,കോര്‍പ്പറേഷന്‍ മേയര്‍ വിവി രാജേഷ്,ചീഫ് സെക്രട്ടറി എ. ജയതിലക്,ജില്ലാ കളക്ടര്‍ അനുകുമാരി,സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S