രണ്ടാം പിണറായി സര്‍ക്കാരിൻ്റെ അവസാന ബഡ്ജക്റ്റ് ജനുവരി 29 ന്
Thiruvananthapuram, 27 ജനുവരി (H.S.) രണ്ടാം പിണറായി സര്‍ക്കാരിൻ്റെ അവസാന ബജറ്റാണെങ്കിലും ലക്ഷ്യം മൂന്നാം ഇടതു സര്‍ക്കാരാണെന്നതിനാല്‍ ജനുവരി 29ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റ് പൊതുവേ മധുരം നിറച്ചതാകുമെന്ന് കരുതുന്നവരാണ് അധികവ
B N Balagopal


Thiruvananthapuram, 27 ജനുവരി (H.S.)

രണ്ടാം പിണറായി സര്‍ക്കാരിൻ്റെ അവസാന ബജറ്റാണെങ്കിലും ലക്ഷ്യം മൂന്നാം ഇടതു സര്‍ക്കാരാണെന്നതിനാല്‍ ജനുവരി 29ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റ് പൊതുവേ മധുരം നിറച്ചതാകുമെന്ന് കരുതുന്നവരാണ് അധികവും. അതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. അനുദിനം വികസിക്കുന്ന വിഴിഞ്ഞം തുറമുഖത്തിൻ്റെ അനുബന്ധ വികസനം, തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ, ക്ഷേമ പെന്‍ഷന്‍ വര്‍ധന, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷനു പകരം ഉറപ്പുള്ള പെന്‍ഷന്‍ അഥവാ അഷ്വേര്‍ഡ് പെന്‍ഷന്‍ ഇവയെല്ലാം ബജറ്റില്‍ പ്രഖ്യാപനങ്ങളായുണ്ടാകും.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോടു തുടരുന്ന സാമ്പത്തിക വിവേചനം മുറിച്ചു കടക്കാനുള്ള ബദല്‍ പ്രഖ്യാപനങ്ങളും സ്വാഭാവികമായി പ്രതീക്ഷിക്കാം. 2021 ലെ എല്‍ഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പ്രതിമാസം 2500 രൂപ ക്ഷേമ പെന്‍ഷന്‍ എന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെങ്കിലും ഒരു പക്ഷേ ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കിയേക്കുമെന്നാണ് പ്രതീക്ഷ.

തുറമുഖം വഴിയുള്ള ചരക്കു നീക്കത്തിൻ്റെ ആഗോള ഹബ്ബാകാന്‍ അതിവേഗം ഒരുങ്ങുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ അവശേഷിക്കുന്ന രണ്ടു മൂന്നും നാലും ഘട്ടങ്ങള്‍ക്കുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു. ഏകദേശം 10,000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അദാനി ഗ്രൂപ്പ് രണ്ടു വര്‍ഷം കൊണ്ടു പൂര്‍ത്തീകരിക്കുന്നതോടെ കേരളത്തിൻ്റെ സാമ്പത്തിക രംഗത്തുണ്ടാകാന്‍ പോകുന്നത് വന്‍ കുതിച്ചു ചാട്ടമായിരിക്കുമെന്നാണ് കരുതുന്നത്. ഇതു മുന്‍ കൂട്ടികണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ തിരുനേല്‍വേലിയില്‍ 2000 ഏക്കര്‍ സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. പ്രധാനമായും വഴിഞ്ഞം തുറമുഖ വികസനത്തിൻ്റെ ഭാഗമായെത്തുന്ന വ്യവസായങ്ങള്‍ക്കുള്ള സ്ഥലം എന്ന നിലയിലാണിത്.

എന്നാല്‍ കേരളത്തിനാകട്ടെ ആ നിലയില്‍ ഇതുവരെ വന്‍ മുന്നേറ്റത്തിനു തുടക്കമിടാനായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യവസായ വികസന വകുപ്പിനു കീഴിലുള്ള കിന്‍ഫ്ര 150 ഏക്കര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇതിനു പുറമേ കേരള മാരിടൈം ബോര്‍ഡ് നടത്താനുദ്ദേശിക്കുന്ന കണ്ടൈനര്‍ യാര്‍ഡ്, ഫ്രൈറ്റ് സ്റ്റേഷന്‍, എണ്ണ സംഭരണശാല എന്നിവയൊക്കെ കടലാസിലാണ്. ഇത് യാഥാര്‍ഥ്യമാക്കാനുള്ള പ്രഖ്യാപനങ്ങള്‍ സ്വാഭാവികമായി പ്രതീക്ഷിക്കാം.

വിഴിഞ്ഞം തുറമുഖത്തിൻ്റെ കണ്ടെയ്നര്‍ നീക്കത്തിൻ്റെ ഭാഗമായി സര്‍ക്കാര്‍ വിഭാവനം ചെയ്ത 63 കിലോമീറ്റര്‍ വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് പദ്ധതിക്ക് ദേശീയപാതാ അതോറിട്ടി പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തില്‍ നിന്ന് പിന്‍മാറിയതോടെ നടപടികള്‍ ഒന്നാകെ ഇപ്പോള്‍ സ്തംഭനത്തിലാണ്. ഈ പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ബദല്‍ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായേക്കും. സിംഗപ്പൂര്‍, ഡോട്ടര്‍ ഡാം ദുബായ് എന്നിവയുടെ മാതൃകയില്‍ വിഴിഞ്ഞത്തെ കയറ്റിറക്കുമതി തുറമുഖമാക്കി മാറ്റുമെന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം ഇപ്പോഴും കടലാസിലാണ്. അതിലേക്ക് പുതിയചുവടുവയ്പ് ബജറ്റ് പ്രഖ്യാപനത്തിലുണ്ടാകും. വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഗ്രോത്ത് ട്രയാങ്കിള്‍ പ്രഖാപനവും കഴിഞ്ഞ ബജറ്റിലുണ്ടായതാണ്. അതിലും മറ്റു പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ മുന്നോട്ടു പോക്കിനുള്ള പ്രഖ്യാപനത്തിനു സാധ്യതയുണ്ട്.

ഇടതു സര്‍ക്കാരിൻ്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു പകരം ഉറപ്പുള്ള പെന്‍ഷന്‍ പദ്ധതി. ഇതോടൊപ്പം ഡിഎ കുടിശിക കൊടുത്തു തീര്‍ക്കുമെന്നൊരു പ്രഖ്യാപനവുമുണ്ടാകും. കൊച്ചി മെട്രോക്കു പകരമായി തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രഖ്യാപിച്ച ലൈറ്റ് മെട്രോ പദ്ധതിയില്‍ നിര്‍ണായക ചുവടുവയ്പാകുന്ന പ്രഖ്യാപനത്തിനും സാധ്യതയേറെയാണ്.

കേരളത്തോടുള്ള കേന്ദ്രത്തിൻ്റെ സാമ്പത്തിക വിവേചനത്തിനതിരെ ജനുവരി 12 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം പാളയം രക്ത സാക്ഷി മണ്ഡപത്തില്‍ നടത്തിയിരുന്നു. ഇക്കൊല്ലം മാര്‍ച്ച് മുതല്‍ മൂന്ന് മാസക്കാലയളവില്‍ സംസ്ഥാനത്തിനു വിനിയോഗിക്കാന്‍ ലഭിക്കേണ്ട തുകയുടെ പകുതിയിലധികം കേന്ദ്രം വെട്ടിക്കുറച്ചു എന്നാണ് സംസ്ഥാനത്തിൻ്റെ പരാതി. ഈ സാമ്പത്തിക വര്‍ഷത്തിൻ്റെ അവസാനം ലഭിക്കേണ്ടിയിരുന്ന 12000 കോടി രൂപയുടെ വായ്പയില്‍ നിന്ന് 5900 കോടി രൂപ വെട്ടിക്കുറച്ചതായി സംസ്ഥാനം പറയുന്നു. പദ്ധതികളുടെ പേരില്‍ കേന്ദ്രം മേനി നടിക്കുകയും എന്നാല്‍ ആ ഇനത്തില്‍ സംസ്ഥാനത്തിനു നല്‍കേണ്ട വിഹിതം തടഞ്ഞു വയ്ക്കുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നാണ് കേരളത്തിൻ്റെ ആരോപണം. 5783.69 രൂപയാണ് ഈ ഇനത്തില്‍ മാത്രം സംസ്ഥാനത്തിനു കുടിശികയുള്ളതെന്നാണ് സംസ്ഥാനം പറയുന്നത്. ഇതു മറികടക്കാന്‍ സംസ്ഥാനത്തിനെന്തു വഴിയെന്നുള്ളത് ഒരു പക്ഷേ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. ജനുവരി 29 ന് രാവിലെ 9ന് നിയമസഭയില്‍ ധനമന്ത്രി കെ എന്‍ ബാപഗോപാല്‍ ബജറ്റ് അവതരിപ്പിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News