Enter your Email Address to subscribe to our newsletters

Srinagar, 27 ജനുവരി (H.S.)
വീണ്ടും മഞ്ഞ് വീഴ്‌ചയ്‌ക്ക് സാക്ഷ്യം വഹിച്ച് കശ്‌മീര്‍. മഞ്ഞ് വീഴ്‌ച വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നുണ്ടെങ്കിലും മഞ്ഞ് വീഴ്‌ചയുണ്ടായ ഇടങ്ങളില്‍ നിന്നും മറ്റിടങ്ങളിലേക്കുള്ള ബന്ധം പൂര്‍ണമായും തടസപ്പെട്ടു. ദക്ഷിണ കശ്‌മീരിലെ കുല്‍ഗാമിലെ നവയുഗ് തുരങ്കത്തിനും പരിസരത്തും കനത്ത മഞ്ഞ് വീഴ്‌ച്ചയ്‌ക്കാണ് സാക്ഷ്യം വഹിച്ചത്. സംഭവത്തിന് പിന്നാലെ ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചിട്ടതായി ജമ്മു കശ്‌മീര്‍ ട്രാഫിക് പൊലീസ് അറിയിച്ചു.
കശ്‌മീരിനെ പൂഞ്ച്, രജൗരി എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന മുഗള്‍ റോഡ്, ശ്രീനഗര്‍-ലഡാക്ക് റോഡ്, കശ്‌മീരിനെ സിന്താന്‍ റോഡുമായി ബന്ധിപ്പിക്കുന്ന സിന്താന്‍ റോഡ് എന്നിവ ഇതിനോടകം അടച്ചിട്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. റോഡ് പൂര്‍ണമായും തുറന്ന് നല്‍കാതെ ഇതിലൂടെ യാത്ര ചെയ്യരുതെന്ന് പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
വിമാന സര്‍വീസ് റദ്ദാക്കി: കശ്‌മീരിലെ കനത്ത മഞ്ഞ് വീഴ്‌ചയെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. ശ്രീനഗര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള 25 സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്ന് രാവിലെ ആദ്യം 8 വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. എന്നാല്‍ അല്‍പ സമയത്തിനകം മറ്റൊരു കുറിപ്പ് കൂടി പങ്കിട്ടു. അതില്‍ സൂചിപ്പിക്കുന്നത് 16 ഇന്‍ഡിഗോ വിമാനങ്ങള്‍ അടക്കം 25 വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ്.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയതായി വിമാനത്താവളം ഡയറക്‌ടര്‍ ജവൈദ് അന്‍ജൂം പറഞ്ഞു. യാത്രക്കൊരുങ്ങും മുമ്പ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ നിന്നും പുതിയ അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കണമെന്നും അന്‍ജൂം പറഞ്ഞു.
സഞ്ചാരികള്‍ക്കിത് അത്ഭുത ലോകം: കശ്‌മീരിലെ മഞ്ഞും കൊടും തണുപ്പും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. മഞ്ഞ് മൂടി കിടക്കുന്ന റോഡുകളിലും മറ്റിടങ്ങളിലും സഞ്ചാരികളെ കാണാം. വിവിധയിടങ്ങളില്‍ നിന്നും അവര്‍ ഫോട്ടോകളും ദൃശ്യങ്ങളും പകര്‍ത്തുന്നുമുണ്ട്. 'ഇത് ആദ്യമായാണ് തങ്ങള്‍ മഞ്ഞില്‍ നില്‍ക്കുന്നത്. ഈ യാത്ര ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചത് തന്നെ മഞ്ഞ് വീഴ്‌ച ആസ്വദിക്കാനാണെന്ന്' റീഗല്‍ ചൗക്കിലെത്തിയ കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ പറഞ്ഞു.
'ഞാന്‍ മഞ്ഞ് വീഴ്‌ചയുണ്ടാകാന്‍ പ്രാര്‍ഥിച്ചൂവെന്ന് നൂര്‍ ബാഗില്‍ നിന്നുള്ള കര്‍ഷകന്‍ അജാസ് അഹമ്മദ് പറഞ്ഞു. അതിന് കാരണം ഇത് കൃഷിക്ക് അനുയോജ്യമാണെന്നത് മാത്രമല്ല. ഇപ്പോഴുണ്ടാകുന്ന മഞ്ഞ് വീഴ്‌ച കാരണം വേനല്‍ കാലത്ത് വെള്ളത്തിന് പ്രയാസപ്പെടേണ്ടി വരില്ലെന്നും' അദ്ദേഹം പറഞ്ഞു.
'മഞ്ഞ് പച്ചക്കറി കൃഷിക്ക് ഉത്തമമാണ്. മഴയുടെയും മഞ്ഞിന്‍റെ അഭാവം കൃഷിക്ക് വളരെ ദോഷം ചെയ്യും. അങ്ങനെ വന്നാല്‍ തങ്ങള്‍ ജീവിക്കാനും കൃഷി ചെയ്യാനും മറ്റിടങ്ങളിലേക്ക് ചേക്കേറേണ്ടി വരും. എന്നാല്‍ ഇന്ന് ദൈവം തങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. ഇവിടെയുള്ള മലനിരകളെല്ലാം മഞ്ഞിനാല്‍ മൂടപ്പെട്ടിരിക്കുന്നുവെന്ന്' 57കാരനായ കര്‍ഷകന്‍ അഹമ്മദ് പറഞ്ഞു.
കാലാവസ്ഥ ഇങ്ങനെ: ഇന്ന് (ജനുവരി 27) ഹിമാലയന്‍ മേഖല ഉള്‍പ്പെടുന്ന ജമ്മു കശ്‌മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവിലെ കാലാവസ്ഥ ഏതാനും ദിവസങ്ങള്‍ കൂടി തുടരും. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ചെറിയ മഴയ്‌ക്കും സാധ്യതയുണ്ട്. പൂഞ്ച്- രജൗരി, ചെനാബ് വാലി, ജമ്മു എന്നിവിടങ്ങളിലാണ് മഴയ്‌ക്ക് സാധ്യതയെന്ന് ഐഎംഡി അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR