Enter your Email Address to subscribe to our newsletters

Thiruvanathapuram, 27 ജനുവരി (H.S.)
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ മനോവീര്യം കെടുത്തുന്ന രീതിയില്‍ സര്‍ക്കാര്‍ പെരുമാറുന്നതായി ആരോപിച്ച് കെജിഎംസിടിഎ റിലേ നിരാഹാര സമരം ആരംഭിച്ചു. തടഞ്ഞു വച്ചിരിക്കുന്ന ശമ്പള പരിഷ്‌കരണ കുടിശ്ശിക നല്‍കുക, മെഡിക്കല്‍ കോളേജുകളിലേക്ക് യോഗ്യരായ യുവ ഡോക്ടര്‍മാര്‍ കടന്നുവന്ന് ഡോക്ടര്‍ ക്ഷാമം പരിഹരിക്കുന്നതിന് വിഘാതം ആകുന്ന പ്രവേശന തസ്തികയിലെ ശമ്പള അപാകതകള്‍ പരിഹരിക്കുക, രോഗി പരിചരണം സുഗമമാക്കുന്ന രീതിയില്‍ രോഗിബാഹുല്യത്തിന് അനുസരിച്ച് ഡോക്ടര്‍ തസ്തികകള്‍ സൃഷ്ടിക്കുക, മെഡിക്കല്‍ കോളേജുകളിലെ ചികിത്സാ സംവിധാനങ്ങളെ തകര്‍ക്കുന്ന അശാസ്ത്രീയ പുനര്‍വിന്യാസം അവസാനിപ്പിക്കുക, പ്രവേശന തസ്തികയില്‍ നിന്ന് അസോസിയേറ്റ് പ്രഫസറായുള്ള കരിയര്‍ അഡ്വാന്‍സ് മെന്റ് പ്രമോഷന്റെ കാലയളവ് എന്‍ എം സി മാനദണ്ഡപ്രകാരം ക്രമീകരിക്കുക, മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും വര്‍ദ്ധിപ്പിക്കുക, ഡി.എ. കുടിശ്ശിക നല്‍കുക, പെന്‍ഷന്‍ സീലിംഗിലെ അപാകതകള്‍ പരിഹരിക്കുക, സുരക്ഷിതമായ ജോലി സാഹചര്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു 2025 ജൂലൈ 1 മുതല്‍ കെജിഎംസിറ്റിഎ പ്രതിഷേധത്തിലാണ്.
അധികാരികളുടെ ഭാഗത്തുനിന്നും ഒരു വിധത്തിലുമുള്ള പരിഹാര നടപടികളും ഉണ്ടാകാത്തതിനാല്‍ പ്രതിഷേധം ശക്തമാക്കി റിലേ ഒ.പി. ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള പ്രത്യക്ഷ സമര പരിപാടികളിലേക്ക് പ്രവേശിച്ചിരുന്നു. ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കിയത്. പ്രസ്തുത യോഗത്തില്‍ സംഘടനയുടെ ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കുവാന്‍ വകുപ്പ് ശ്രമിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു.
നിപ്പയുടെയും കോവിഡ് മഹാമാരിയുടെയും കാലഘട്ടത്തില്‍ ഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാരും വീട്ടിലിരുന്നപ്പോള്‍ പൊതുജനങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി രാപ്പകല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ അധ്വാനിച്ച കാലയളവില്‍ ഉള്‍പ്പെടെയുള്ള ശമ്പളപരിഷ്‌കരണ കുടിശ്ശിക നല്‍കാതെ സര്‍ക്കാര്‍ വഞ്ചിക്കുന്നത് അപലപനീയമാണ് എന്നാണ് സംഘടന ആരോപിക്കുന്നത്. മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ കാലയളവില്‍ മുഴുവന്‍ ശമ്പളപരിഷ്‌കരണ കുടിശ്ശിക നല്‍കാന്‍ തീരുമാനിച്ചിട്ടും, അന്നത്തെ നിര്‍ണായക ഘട്ടങ്ങളില്‍ അക്ഷീണം സേവനം ചെയ്ത മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് കുടിശ്ശിക ഭാഗികമായി പോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ധനകാര്യ വകുപ്പ് ഈ വിഷയത്തില്‍ നീതിപൂര്‍വ്വം പെരുമാറുന്നില്ല.
എന്‍ട്രി കേഡറില്‍ ശമ്പളം പരിഷ്‌കരിച്ചപ്പോള്‍ ഗണ്യമായ കുറവുണ്ടായി. ഇത് മെഡിക്കല്‍ കോളേജ് സര്‍വ്വീസ് അനാകര്‍ഷകമാക്കിയിട്ടുണ്ട്. യുവഡോക്ടര്‍മാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നതിന് വിമുഖരാണ്. കൂടാതെ എന്‍ട്രി കേഡറിലെ കൊഴിഞ്ഞു പോക്കും വര്‍ദ്ധിച്ചിട്ടുണ്ട്. യോഗ്യരായ യുവഡോക്ടര്‍മാര്‍ പ്രവേശിക്കാതിരുന്നാല്‍ മെഡിക്കല്‍ കോളേജുകളുടെ ഭാവി അപകടത്തിലാകും. പല വിഭാഗങ്ങളിലും താത്കാലമായിപ്പോലും നിയമനം നടക്കുന്നില്ല. ഇത് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.
പുതിയതായി തുടങ്ങിയ മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിനു തസ്തികകള്‍ സൃഷ്ടിച്ചു നിയമനങ്ങള്‍ നടത്തിയിട്ടില്ല. മറ്റു മെഡിക്കല്‍ കോളേജുകളില്‍ നിന്നും താത്കാലികമായി സ്ഥലംമാറ്റിയാണ് അവ പ്രവര്‍ത്തിക്കുന്നത്. കാസര്‍കോഡ്, ഇടുക്കി, കോന്നി മെഡിക്കല്‍കോളേജുകളില്‍ മൂന്നു മാസം റൊട്ടേഷനില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. ഇത് പുതിയതായി തുടങ്ങിയ കോളേജുകള്‍ക്ക് ഗുണം ചെയ്യുന്നില്ല എന്നു മാത്രമല്ല, മറ്റു മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനവും അവതാളത്തിലാക്കുന്നു.
മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണമാകുന്ന അവസ്ഥ മാറ്റണമെന്ന് സംഘടന പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും പരിഹരിക്കുവാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. മറ്റു മാര്‍ഗ്ഗങ്ങളെല്ലാം അടഞ്ഞതിനാലാണ് സംഘടന സമരത്തിന് നിര്‍ബന്ധിതമായത്.
*സമരപരിപാടികള്‍-*
ചട്ടപ്പടി സമരവും നിസ്സഹകരണവും തുടരുന്നതിനോടൊപ്പം ജനുവരി 22 മുതല്‍ അധ്യാപന ബഹിഷ്‌കരണവും ആരംഭിച്ചിരുന്നു.
*അധികാരികളുടെ ഭാഗത്തുനിന്നും പ്രശ്‌നപരിഹാരത്തിനു ഒരു ശ്രമവും ഇല്ലാത്തതിനാല്‍ ഇന്ന് (27/01/26) കെജിഎംസിറ്റിഎയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഒപിയും അടിയന്തിരമല്ലാത്ത മറ്റു ചികിത്സാ സേവനങ്ങളും ബഹിഷ്‌കരിച്ച് സെക്രട്ടേറിയേറ്റ് ധര്‍ണ്ണ നടത്തി. ഇതോടൊപ്പം അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചു.* *ഡോക്ടര്‍ റോസ്‌നാരാ ബീഗം ടി, ഡോക്ടര്‍ ഗോപകുമാര്‍, ഡോക്ടര്‍ വിപിന്‍ ബി പള്ളത്ത് എന്നിവരാണ് ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം ഇരിക്കുന്നത്.* നാളെ മുതല്‍ നിരാഹാര വേദി തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരിക്കും.
*ഡോക്ടര്‍സ് അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ഇക്വാലിറ്റി (DASE) ജനറല്‍ സെക്രട്ടറി ഡോ. ശാന്തി ചെന്നൈയില്‍നിന്ന് സമരത്തിന് അഭിവാദ്യം അര്‍പ്പിക്കാനായി എത്തിയിരുന്നു.* *കൂടാതെ ഐഎംഎ, കെജിഎംഒഎ, കെജിഐഎംഒഎ, മെഡിക്കല്‍ സര്‍വീസസ് സെന്റര്‍, പിടിഎ, റിട്ടയേഡ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍, പിജി അസോസിയേഷന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂണിയന്‍, എസ്എഫ്‌ഐ, കെഎസ്യു എന്നീ സംഘടനകളുടെ പ്രതിനിധികള്‍ സെക്രട്ടറിയേറ്റ് ധര്‍ണ്ണയില്‍ പങ്കെടുത്ത് പിന്തുണ അറിയിച്ചു.*
സംഘടനയുടെ ന്യായമായ ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ തുടര്‍ ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സംഘടന അറിയിച്ചു.
*ഫെബ്രുവരി 2 (തിങ്കളാഴ്ച) മുതല്‍ അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണത്തോടൊപ്പം അനിശ്ചിതകാലത്തേക്ക് ഒ.പി. ബഹിഷ്‌കരിക്കുന്നു.*
*ഫെബ്രുവരി 9 (തിങ്കളാഴ്ച) അനിശ്ചിതകാല അധ്യാപനവും ഒ.പി. ബഹിഷ്‌കരണവും തുടരുന്നതിനോടൊപ്പം അനിശ്ചിതകാലത്തേക്ക് അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തുന്നു.*
*ഫെബ്രുവരി 11 (ബുധനാഴ്ച) മുതല്‍ യൂണിവേഴ്‌സിറ്റി പരീക്ഷാ ജോലികള്‍ ബഹിഷ്‌കരിക്കും.*
അവശ്യ ആരോഗ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബര്‍ റൂം, ഐ.സി.യു., ഐ.പി. ചികിത്സ, മറ്റ് അടിയന്തിര ചികിത്സകള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S