ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാർ: യൂറോപ്യൻ യൂണിയനുമായുള്ള എഫ്.ടി.എ കരാറിൽ ശക്തമായ സന്ദേശവുമായി പ്രധാനമന്ത്രി മോദി
Newdelhi , 27 ജനുവരി (H.S.) ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും (EU) തമ്മിലുള്ള നിർണ്ണായകമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർത്ഥ്യമായി. ഇന്ത്യ ഒപ്പിടുന്ന ഏറ്റവും വ
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാർ: യൂറോപ്യൻ യൂണിയനുമായുള്ള എഫ്.ടി.എ കരാറിൽ ശക്തമായ സന്ദേശവുമായി പ്രധാനമന്ത്രി മോദി


Newdelhi , 27 ജനുവരി (H.S.)

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും (EU) തമ്മിലുള്ള നിർണ്ണായകമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർത്ഥ്യമായി. ഇന്ത്യ ഒപ്പിടുന്ന ഏറ്റവും വലിയ വ്യാപാര കരാറാണിതെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഗോള സമ്പദ്‌വ്യവസ്ഥ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ഈ കരാർ ലോകത്തിന് ശക്തമായൊരു സന്ദേശമാണ് നൽകുന്നതെന്ന് വ്യക്തമാക്കി.

ഇന്ത്യ-ഇയു ബിസിനസ് ഫോറത്തിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രി കരാറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചത്. ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾ വിജയകരമായി പൂർത്തിയായതായും ഇത് കേവലം ഒരു സാമ്പത്തിക ഉടമ്പടി മാത്രമല്ല, മറിച്ച് രണ്ട് വലിയ ജനാധിപത്യ ശക്തികൾ തമ്മിലുള്ള തന്ത്രപരമായ കൂട്ടുകെട്ടിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.

കർഷകർക്കും തൊഴിലാളികൾക്കും വലിയ നേട്ടം

ഇന്ത്യയിലെ സാധാരണക്കാരായ കർഷകർക്കും തൊഴിലാളികൾക്കും ചെറുകിട വ്യവസായങ്ങൾക്കും ഈ കരാർ വലിയ ഉത്തേജനം നൽകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ടെക്സ്റ്റൈൽസ്, രത്നങ്ങൾ, ആഭരണങ്ങൾ, ഓട്ടോ ഘടകങ്ങൾ, എഞ്ചിനീയറിംഗ് സാധനങ്ങൾ തുടങ്ങിയ മേഖലകൾക്ക് യൂറോപ്യൻ വിപണിയിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കും. കൂടാതെ, പഴങ്ങൾ, പച്ചക്കറികൾ, സമുദ്രോൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി വർദ്ധിപ്പിക്കാൻ സാധിക്കുന്നത് വഴി ഇന്ത്യൻ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും നേരിട്ട് ഗുണം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐടി, സേവന മേഖലകളിൽ കുതിച്ചുചാട്ടം

സേവന മേഖലയിലും പ്രത്യേകിച്ച് ഐടി, വിദ്യാഭ്യാസം, ആയുർവേദം തുടങ്ങിയ പരമ്പരാഗത വൈദ്യശാസ്ത്രം, ബിസിനസ് സേവനങ്ങൾ എന്നിവയിൽ വലിയ അവസരങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ആഗോള കമ്പനികൾ അവരുടെ ബിസിനസ് തന്ത്രങ്ങൾ പുനർചിന്തിക്കുന്ന ഈ ഘട്ടത്തിൽ, വിശ്വസനീയമായ ഒരു പങ്കാളിയായി ഇന്ത്യ നിലകൊള്ളുന്നുവെന്ന് ഈ കരാർ തെളിയിക്കുന്നു.

ഇന്ത്യ-ഇയു ബന്ധത്തിലെ പുതിയ യുഗം

യൂറോപ്യൻ കൗൺസിൽ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റുമാർ ഇന്ത്യയുടെ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളായി എത്തിയത് ചരിത്രപരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാരം ഇരട്ടിയായി വർദ്ധിച്ച് 180 ബില്യൺ യൂറോയിൽ എത്തിനിൽക്കുകയാണ്. നിലവിൽ ആറായിരത്തിലധികം യൂറോപ്യൻ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.

ലോകത്തെ രണ്ട് വലിയ വിപണികൾ തമ്മിലുള്ള ഈ സഹകരണം വരും വർഷങ്ങളിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ആഗോള വിതരണ ശൃംഖലയെ (Global Supply Chain) കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ആഗോള വെല്ലുവിളികൾക്കിടയിലും തുറന്നതും നിയമങ്ങൾക്കനുസൃതവുമായ വ്യാപാരത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ കരാറിലൂടെ വ്യക്തമാകുന്നത്.

---------------

Hindusthan Samachar / Roshith K


Latest News