Enter your Email Address to subscribe to our newsletters

Kerala, 27 ജനുവരി (H.S.)
ന്യൂഡൽഹി: മുൻ മന്ത്രിയും ആർ.ജെ.ഡി നേതാവുമായ എ. നീലലോഹിതദാസൻ നാടാർക്കെതിരായ ലൈംഗികാതിക്രമ കേസിൽ നിർണ്ണായക വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി. നീലലോഹിതദാസനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ പരാതിക്കാരി നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. ഇതോടെ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ മുൻ മന്ത്രിക്ക് ആശ്വാസകരമായ വിധിയാണ് പരമോന്നത കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്.
ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ചാണ് പരാതിക്കാരിയുടെ ഹർജി പരിഗണിച്ചത്. ഹർജി ആദ്യ തവണ പരിഗണിച്ചപ്പോൾ തന്നെ കോടതി തള്ളുകയായിരുന്നു. കേസിൽ പരാതി നൽകാൻ ഉണ്ടായ അമിതമായ കാലതാമസവും പരാതിക്കാരിയുടെ വാദങ്ങളിലെ വൈരുദ്ധ്യങ്ങളുമാണ് കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
കോടതിയുടെ നിരീക്ഷണം
സംഭവം നടന്നുവെന്ന് പറയപ്പെടുന്ന തീയതിയും പരാതി നൽകിയ തീയതിയും തമ്മിൽ രണ്ടു വർഷത്തെ വലിയ ഇടവേളയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 1999-ലാണ് കേസിനാസ്പദമായ സംഭവം നടന്നതെങ്കിലും 2001-ലാണ് വനിതാ ഉദ്യോഗസ്ഥ പരാതി നൽകിയത്. ഇത്രയും കാലം പരാതി നൽകാതിരുന്നത് സംശയകരമാണെന്നും, പരാതിക്കാരിയുടെ മൊഴികളിലും വാദങ്ങളിലും കൃത്യമായ സ്ഥിരതയില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി അപ്പീൽ തള്ളിയത്.
കേസിൻ്റെ പശ്ചാത്തലം
1999-ൽ എ. നീലലോഹിതദാസൻ നാടാർ വനം വകുപ്പ് മന്ത്രിയായിരിക്കെയാണ് വിവാദമായ സംഭവം നടക്കുന്നത്. ഔദ്യോഗിക ചർച്ചയ്ക്കെന്ന പേരിൽ വനിതാ ഐ.എഫ്.എസ് ഉദ്യോഗസ്ഥയെ കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നതായിരുന്നു കേസ്. ഈ പരാതിയെത്തുടർന്ന് അന്ന് മന്ത്രിയായിരുന്ന അദ്ദേഹം രാജിവെക്കേണ്ടി വന്നിരുന്നു. 2001-ൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.
നിയമപോരാട്ടത്തിൻ്റെ വഴി
കേസിൻ്റെ തുടക്കത്തിൽ മജിസ്‌ട്രേറ്റ് കോടതി നീലലോഹിതദാസൻ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഒരു വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ അദ്ദേഹം കോഴിക്കോട് സെഷൻസ് കോടതിയെ സമീപിച്ചു. സെഷൻസ് കോടതി ശിക്ഷാ കാലാവധി മൂന്ന് മാസമായി കുറച്ചു. പിന്നീട് ഹൈക്കോടതിയെ സമീപിച്ച നാടാർക്ക് അനുകൂലമായ വിധി ലഭിക്കുകയായിരുന്നു. സംശയത്തിൻ്റെ ആനുകൂല്യം നൽകിയാണ് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.
ഹൈക്കോടതി വിധി വസ്തുതകൾ ശരിയായി പരിശോധിക്കാതെയാണെന്നും തനിക്ക് നീതി ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഐ.എഫ്.എസ് ഉദ്യോഗസ്ഥ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, ഹൈക്കോടതിയുടെ കണ്ടെത്തലുകൾ ശരിയാണെന്ന നിലപാടാണ് ഇപ്പോൾ സുപ്രീം കോടതിയും സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ഈ കേസിൽ നീലലോഹിതദാസൻ നാടാർ പൂർണ്ണമായും കുറ്റവിമുക്തനായിരിക്കുകയാണ്. രാഷ്ട്രീയ കേരളത്തിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതെളിച്ച ഒന്നായിരുന്നു ഈ ലൈംഗിക പീഡന പരാതി.
---------------
Hindusthan Samachar / Roshith K