കേരളത്തിൽ ചിക്കൻപോക്സ് രോഗബാധ കൂടുന്നതായി ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ.
Kozhikode, 28 ജനുവരി (H.S.) കേരളത്തിൽ ചിക്കൻപോക്സ് രോഗബാധ കൂടുന്നതായി ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ. 2026 ജനുവരി 24 വരെ 3,300 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഡിസംബറിൽ 3,050 പേർക്കായിരുന്നു രോഗബാധ. നവംബറിൽ അത് 2,537 ആയിരുന്നു. 2025-ൽ 29,05
CHICKENPOX SURGE IN KERALA


Kozhikode, 28 ജനുവരി (H.S.)

കേരളത്തിൽ ചിക്കൻപോക്സ് രോഗബാധ കൂടുന്നതായി ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ. 2026 ജനുവരി 24 വരെ 3,300 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഡിസംബറിൽ 3,050 പേർക്കായിരുന്നു രോഗബാധ. നവംബറിൽ അത് 2,537 ആയിരുന്നു. 2025-ൽ 29,055 പേർക്കായിരുന്നു രോഗം പിടിപെട്ടത്. 2024-ൽ 27,106, 2023-ൽ 26,390 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.

കോഴിക്കോട് ജില്ലയിൽ മാത്രം ഈ മാസം 430 പേർ രോഗബാധിതരായി. കഴിഞ്ഞ മാസം ഇത് 210 ആയിരുന്നു. ഇരട്ടിയിലേറെയാണ് രോഗബാധിതരുടെ വർധന. മരുതോങ്കര, നാദാപുരം ഭാഗങ്ങളിൽ സ്കൂളുകളിലടക്കം ഈ ദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൂട് വർധിക്കുമ്പോഴായിരുന്നു മുൻപ് രോഗം പടർന്നിരുന്നതെങ്കിൽ, ഇപ്പോൾ എല്ലാ സമയത്തും ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്യുന്നതായി ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. മനോജ് ഇടിവി ഭാരതിനോട് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനമാണ് എല്ലാ സീസണിലും രോഗം റിപ്പോർട്ട് ചെയ്യുന്നതിന്‍റെ പ്രധാന കാരണമായി അദ്ദേഹം വ്യക്തമാക്കുന്നത്.

വായുവിലൂടെയാണ് രോഗം പകരുക. സ്കൂളുകൾ, വിവാഹച്ചടങ്ങുകൾ, പൊതുപരിപാടികൾ എന്നിവിടങ്ങളിൽ നിന്നാണ് രോഗം കൂടുതലായും പകരുന്നത്. പനി, ദേഹത്ത് ചെറിയ കുമിളകൾ, ക്ഷീണം എന്നീ ലക്ഷണങ്ങൾ കണ്ടാൽ മുറിയിൽ ഐസൊലേഷനിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറും വ്യക്തമാക്കി. രോഗി പ്രത്യേക പാത്രങ്ങളും മറ്റും ഉപയോഗിക്കുകയും വേഗത്തിൽ ചികിത്സ തേടുകയും വേണം.

രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ മൂന്നാഴ്ച വരെയുള്ള സമയത്തിനുള്ളിലാണ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുക. ആദ്യ ഒരാഴ്ചയ്ക്കുള്ളിലാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. പ്രതിരോധശേഷി കുറഞ്ഞവരിൽ ഈ രോഗം അപൂർവമായി മരണത്തിനും ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

എന്താണ് ചിക്കൻ പോക്സ്?

വെരിസെല്ല സോസ്റ്റർ എന്ന വൈറസ് മൂലമുണ്ടാകുന്ന അതിവേഗം പടരുന്ന ഒരു പകർച്ചവ്യാധിയാണ് ചിക്കൻപോക്സ്. ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് ഒന്നോ രണ്ടോ ദിവസം മുൻപ് നേരിയ പനി അനുഭവപ്പെടാം. ചുവന്ന തടിപ്പുകളായി തുടങ്ങി പിന്നീട് ഉള്ളിൽ നീരുനിറഞ്ഞ കുമിളകളായി ഇവ മാറുന്നു. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇത് കാണപ്പെടാം. കുമിളകളുള്ള ഭാഗങ്ങളിൽ കഠിനമായ ചൊറിച്ചിൽ അനുഭവപ്പെടും. തലവേദന, വിശപ്പില്ലായ്മ, കഠിനമായ ക്ഷീണം, ദേഹവേദന എന്നിവയും ഉണ്ടാകാം.

പ്രതിവിധികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

രോഗം വരാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം ചിക്കൻ പോക്സ് പ്രതിരോധ വാക്സിൻ സ്വീകരിക്കുക എന്നതാണ്. നാഷണൽ ഹെൽത്ത് മിഷൻ കേരള വെബ്സൈറ്റിൽ പ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. രോഗി പൂർണ വിശ്രമം എടുക്കുക, മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക, ശരീരം ശുചിയായി സൂക്ഷിക്കുക എന്നിവ പ്രധാനമാണ്. ധാരാളം വെള്ളം കുടിക്കുക, എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങളും പഴവർഗങ്ങളും കഴിക്കുക.

കുമിളകളിൽ ചൊറിഞ്ഞ് പൊട്ടിക്കുന്നത് ഒഴിവാക്കണം. ചൊറിച്ചിൽ കുറയ്ക്കാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം കാലാമൈൻ ലോഷൻ പോലുള്ളവ ഉപയോഗിക്കാം. രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയംചികിത്സ ഒഴിവാക്കി ഒരു ഡോക്ടറെ സമീപിക്കുക. ഇ-സഞ്ജീവനി വഴി നിങ്ങൾക്ക് ഓൺലൈനായി ഡോക്ടറുടെ സേവനം തേടാവുന്നതാണ്. രോഗം ഭേദമായ ശേഷവും കുമിളകൾ പൂര്‍ണമായും ഉണങ്ങുംവരെ വരെ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുന്നതിലൂടെ രോഗപ്പകർച്ച തടയാൻ കഴിയും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News