Enter your Email Address to subscribe to our newsletters

Pathanamthitta, 28 ജനുവരി (H.S.)
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പ്രവാസി മലയാളി യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിഞ്ഞിരുന്ന രാഹുലിന് കർശന ഉപാധികളോടെ ജാമ്യം നൽകിയത്.
പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി ഭാഗികമായി അംഗീകരിക്കുകയായിരുന്നു. പ്രതിഭാഗം ഹാജരാക്കിയ ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ കോടതി പരിശോധിച്ചു. ഇവയുടെ ശാസ്ത്രീയ പരിശോധന വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം നിലനിൽക്കെത്തന്നെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുൽ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നുമുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (SIT) വാദം മറികടന്നാണ് കോടതി വിധി. ജനുവരി 10-ന് പാലക്കാട്ടെ ഹോട്ടലിൽ നിന്ന് നാടകീയമായാണ് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചുവെന്നും നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കിയെന്നുമായിരുന്നു പരാതി.
മൂന്നാം കേസിൽ ജാമ്യം ലഭിച്ചെങ്കിലും, നേമം പോലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ച് ഈ ഹർജിയിൽ ഇന്ന് വിശദമായ വാദം കേൾക്കും. രാഹുലിനെതിരെ അതിജീവിത കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. എന്നാൽ രണ്ടാമത്തെ പീഡനക്കേസിൽ രാഹുലിന് നേരത്തെ വിചാരണ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കർശനമായ ഉപാധികളോടെ ജാമ്യം ലഭിച്ച സാഹചര്യത്തിൽ രാഹുലിന് ഉടൻ ജയിൽ മോചിതനാകാൻ സാധിക്കും.
വിവാഹ വാഗ്ദാനം നല്‍കി തിരുവല്ലയിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചുവെന്ന പത്തനംതിട്ടക്കാരിയായ പ്രവാസി മലയാളി യുവതിയുടെ പരാതിയിലാണ് മൂന്നാമത്തെ കേസിൽ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, ഗർഭഛിദ്രം, സാമ്പത്തിക ചൂഷണം ഉള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്.
ജനുവരി 10ന് പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ നിന്ന് രാത്രി 12.30 ഓടെ മാങ്കൂട്ടത്തിലിനെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് പത്തനംതിട്ട എ ആർ ക്യാമ്പിൽ എത്തിച്ചു. വനിത പൊലീസ് ഉള്‍പ്പെടെയുള്ള സംഘം രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് എത്തിയാണ് കസ്റ്റഡിയിൽ എടുത്തത്.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ നേമം പൊലീസ് ആണ് രാഹുലിനെതിരെ ആദ്യം കേസ് രജിസ്റ്റർ ചെയ്‌തത്. ഈ യുവതി ഗർഭിണിയായപ്പോൾ രാഹുൽ നിർബന്ധിത ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചു എന്നും ഗർഭച്ഛിദ്രത്തിനായുള്ള ഗുളികകൾ സുഹൃത്ത് വഴി എത്തിച്ചു നൽകി എന്നും ആരോപണമുണ്ട്.
മറ്റൊരു യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്‌ത രണ്ടാമത്തെ പീഡനക്കേസിൽ രാഹുലിന് നേരത്തെ വിചാരണ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്നും പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തൻ്റെ ജീവന് ഭീഷണിയാകുമെന്നതുൾപ്പെടെ കാര്യങ്ങൾ കാട്ടി ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഗർഭിണിയായിരിക്കുമ്പോൾ പോലും മൃഗീയമായ പീഡനമുണ്ടായി. ആത്മഹത്യാ ഭീഷണി മുഴക്കിയാണ് ഗർഭഛിദ്രം നടത്തിച്ചത്. ഇരകളെ പീഡിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നയാളാണ് പ്രതിയെന്നും അതിജീവിത ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR