വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നടപടിയാവശ്യപ്പെട്ട് സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകി ഭരണപക്ഷം.
Thiruvananthapuram, 28 ജനുവരി (H.S.) വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നടപടിയാവശ്യപ്പെട്ട് സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകി ഭരണപക്ഷം. സതീശന്‍റെ പരാമർശങ്ങൾ പരിശോധിച്ച്
V D Satheeshan


Thiruvananthapuram, 28 ജനുവരി (H.S.)

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നടപടിയാവശ്യപ്പെട്ട് സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നൽകി ഭരണപക്ഷം. സതീശന്‍റെ പരാമർശങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വി. ജോയിയാണ് സ്പീക്കർ എ.എൻ. ഷംസീറിന് നോട്ടീസ് നൽകിയത്.

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച സമരത്തിൽ സംസാരിക്കവെ, പ്രതിപക്ഷ നേതാവ് മന്ത്രി ശിവൻകുട്ടിയെ 'അവൻ', 'ഇവൻ' എന്നീ പദങ്ങൾ ചേർത്ത് അങ്ങേയറ്റം അവഹേളനത്തോടെയാണ് സംബോധന ചെയ്തതെന്ന് സ്പീക്കർക്ക് നൽകിയ പരാതിയിൽ വി. ജോയി ചൂണ്ടിക്കാട്ടുന്നു.

പ്രതിപക്ഷ നേതാവ് എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിക്കുകയാണെന്ന് വി. ജോയി മാധ്യമങ്ങളോടു പറഞ്ഞു. ഇന്നലെ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം അങ്ങേയറ്റം തരംതാഴ്ന്നതാണ്. ഇത്തരം പ്രവൃത്തികൾ തെറ്റാണെന്ന് അദ്ദേഹത്തിനറിയാം; അത് അറിഞ്ഞുകൊണ്ട് തന്നെ പറയുന്നതാണ്. സഭയുടെ ഉന്നത പദവിയിലിരിക്കുന്ന ഒരാളിൽ നിന്നാണ് 'അവൻ', 'ഇവൻ' എന്നൊക്കെയുള്ള പദപ്രയോഗങ്ങൾ ഉണ്ടാകുന്നത്. സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് മുന്നോട്ടു പോകുന്നത്. ഇത്തരം പ്രവൃത്തികൾ ഇനി ആരിൽ നിന്നും ഉണ്ടാകരുത് എന്നതുകൊണ്ടാണ് സഭയുടെ ചരിത്രത്തിലാദ്യമായി ഒരു പ്രതിപക്ഷ നേതാവിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകേണ്ടി വന്നത്, വി. ജോയി പറഞ്ഞു.

ശബരിമല സ്വർണക്കള്ളക്കടത്ത് വിഷയത്തിൽ മന്ത്രി വി.എൻ. വാസവന്‍റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമരത്തിനിടെയായിരുന്നു സതീശന്‍റെ വിവാദ പ്രസംഗം. വിദ്യാഭ്യാസ മന്ത്രിയെ 'ഇവൻ', 'ഒരുത്തൻ' എന്നിങ്ങനെ ഏകവചനത്തിൽ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു വി.ഡി. സതീശന്‍റെ വിമർശനം.

നിയമസഭാ കൈയാങ്കളി കേസിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്, സഭയിൽ അസംബന്ധം കാണിച്ച ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്‍റെ ചരിത്രത്തിലില്ലെന്നും ഇത്തരക്കാരൻ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ടി വരുന്ന കുട്ടികളുടെ ഗതികേടിനെ ഓർത്ത് സങ്കടം തോന്നുന്നുവെന്നും സതീശൻ പറഞ്ഞു. എക്സൈസ് വകുപ്പായിരുന്നുവെങ്കിൽ ബോധമില്ല എന്ന് പറയാമായിരുന്നുവെന്നും, ഇതിപ്പോൾ കഷ്ടം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനു പിന്നാലെ സതീശനെ ‘വിനായക് ദാമോദര്‍ സതീശന്‍’ എന്നു പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടിയും രംഗത്തെത്തിയരുന്നു. സതീശന്‍റെ അതേ ഭാഷയില്‍ ഞങ്ങള്‍ തിരിച്ചു പറഞ്ഞാല്‍ സതീശന്‍ പേടിച്ച് മൂത്രമൊഴിച്ചു പോകുമെന്നും മന്ത്രി പറഞ്ഞു.

ഞാന്‍ ആര്‍എസ്എസിനെതിരെ പോരാടുമ്പോള്‍ സതീശന്‍ വള്ളിനിക്കറിട്ട് നടക്കുകയായിരുന്നു. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുന്നില്‍ നട്ടെല്ല് വളച്ച ആളിന്‍റെ പേര് ശിവന്‍കുട്ടി എന്നല്ല, അത് ‘വിനായക് ദാമോദര്‍ സതീശന്‍’ ആണെന്നും അദ്ദേഹം തിരിച്ചടിച്ചിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News