Enter your Email Address to subscribe to our newsletters

New delhi, 28 ജനുവരി (H.S.)
ആസിഡ് ആക്രമണ കേസിലെ പ്രതികളുടെ ശിക്ഷ കടുപ്പിക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് വൈകുന്നതിലും കോടതി വിമര്‍ശനം ഉന്നയിച്ചു. നഷ്ടപരിഹാരം നല്‍കുന്നതിനായി ആസിഡ് ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ എല്ലാ സ്വത്തുക്കളും ലേലം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ചൊവ്വാഴ്ച ചോദിച്ചു. അതിജീവിച്ചവര്‍ക്ക് ശക്തമായ സാമ്പത്തിക പുനരധിവാസം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
നിലവിലെ ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരമായ മൂന്നുലക്ഷം രൂപ, ഇരയുടെ ജീവിതാവസാനംവരെയുള്ള ചികിത്സയ്ക്കും നഷ്ടപ്പെട്ട ജീവിതം വീണ്ടെടുക്കുന്നതിനും പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാര പദ്ധതികളുടെ മെച്ചപ്പെട്ട നടപ്പാക്കല്‍ സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. ആസിഡ് ആക്രമണങ്ങള്‍ ഹീനമായ കുറ്റകൃത്യങ്ങളാണെന്നും ഇത്തരം പ്രവൃത്തികള്‍ തടയുന്നതിന് വളരെ കഠിനമായ ശിക്ഷ ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു.
2009-ല്‍ നടന്ന ആസിഡ് ആക്രമണ അതിജീവിതയും എന്‍ജിഒ ബ്രേവ് സോള്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയുമായ ഷഹീന്‍ മാലിക്കിന്റെ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു കോടതിയുടെ ഈ നിരീക്ഷണങ്ങള്‍. തന്റെ കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും ഒരു കീഴ്ക്കോടതി വെറുതെ വിട്ടതായി ഷഹീന്‍ കോടതിയെ അറിയിച്ചു. ആക്രമണം നടന്നപ്പോള്‍ തനിക്ക് 26 വയസ്സായിരുന്നു എന്നും കേസ് നടത്താന്‍ 16 വര്‍ഷം ചെലവഴിച്ചുവെന്നും ഇപ്പോള്‍ തനിക്ക് 42 വയസ്സുണ്ടെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി.
ഉന്നത കോടതിയില്‍ ഷഹീന്റെ കേസ് നടത്താന്‍ ഏറ്റവും നല്ല വക്കീലിനെ ലഭ്യമാക്കുമെന്ന് സുപ്രീം കോടതി ഉറപ്പുനല്‍കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏഴ് വര്‍ഷമായി തീര്‍പ്പാകാതെ കിടക്കുന്ന വാദം വേഗത്തിലാക്കാന്‍ കീഴ്ക്കോടതിക്ക് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതുപോലെതന്നെ, 2016-ലെ ആക്ട് അനുസരിച്ച്, ആസിഡ് ഏറില്‍ അപകടം പറ്റിയവരെ മാത്രമേ ഭിന്നശേഷിക്കാരായി പരിഗണിക്കുന്നുള്ളൂ എന്നും നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിക്കപ്പെട്ടവരെ നിയമം പരിരക്ഷിക്കുന്നില്ലെന്നും ഷഹീന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും കോടതി പ്രതികരണങ്ങള്‍ തേടിയിരുന്നു. ആസിഡ് ആക്രമണങ്ങളെക്കുറിച്ചുള്ള വര്‍ഷം തിരിച്ചുള്ള ഡാറ്റ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കുറ്റപത്രങ്ങള്‍, തീര്‍പ്പാക്കാത്ത കേസുകള്‍, ഇരകളുടെ വിദ്യാഭ്യാസം, വൈവാഹികനില, തൊഴില്‍ തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
സ്ത്രീധന മരണങ്ങള്‍ക്കുള്ള നിയമം പോലെ, തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത ഇരകളില്‍നിന്ന് പ്രതികളിലേക്ക് മാറുന്ന നിയമത്തെക്കുറിച്ച് പരിഗണിക്കണമെന്ന് കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. 2013 ജൂലൈയില്‍, ആസിഡ് വില്‍പ്പന കര്‍ശനമായി നിയന്ത്രിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സാധുവായ തിരിച്ചറിയല്‍ രേഖയോടെ മാത്രമേ ആസിഡ് വില്‍ക്കാന്‍ പാടുള്ളൂ, വാങ്ങുന്നവര്‍ ഉദ്ദേശ്യം വ്യക്തമാക്കണം, വില്‍പ്പന പോലീസിന് റിപ്പോര്‍ട്ട് ചെയ്യണം, 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ആസിഡ് വില്‍ക്കാന്‍ പാടില്ല എന്നിങ്ങനെയായിരുന്നു കോടതിയുടെ നിര്‍ദേശം.
---------------
Hindusthan Samachar / Sreejith S