Enter your Email Address to subscribe to our newsletters

New delhi, 28 ജനുവരി (H.S.)
പാര്‍ലമെന്റ് സമ്മേളനത്തിന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളുടെ നേട്ടം രാജ്യത്തെ 95 കോടി ജനങ്ങള്‍ക്കു ലഭിക്കുന്നുണ്ടെന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. ദലിതര്‍, പിന്നാക്ക വിഭാഗക്കാര്‍, ആദിവാസി വിഭാഗക്കാര്‍, സമൂഹത്തില്‍ പിന്തള്ളപ്പെട്ടു നില്‍ക്കുന്നവര്‍ തുടങ്ങിയ എല്ലാവരെയും ഉള്‍പ്പെടുത്തിയാണു കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സബ്കാ സാത്ത്, സബ്കാ വികാസ് എന്ന ദര്‍ശനം രാജ്യത്തെ എല്ലാവര്‍ക്കും പോസിറ്റീവായ മാറ്റം സമ്മാനിക്കുന്നു. 2014ന്റെ ആരംഭത്തില്‍ രാജ്യത്തെ 25 കോടി ജനങ്ങള്‍ക്കു മാത്രമാണു സാമൂഹിക സുരക്ഷാ പദ്ധതികളുടെ നേട്ടം ലഭിച്ചിരുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമായി ഇന്നതു 95 കോടിയാണെന്നും രാഷ്ട്രപതി പറഞ്ഞു.
ആയുഷ്മാന്‍ ഭാരത് യോജനയിലൂടെ 11 കോടി സൗജന്യ വൈദ്യസഹായം ലഭ്യമാക്കിയെന്നും കഴിഞ്ഞ വര്‍ഷം മാത്രം 2.5 കോടി പാവപ്പെട്ട രോഗികള്‍ക്ക് ഇതിന്റെ നേട്ടം ലഭിച്ചുവെന്നും രാഷ്ട്രപതി വിശദീകരിച്ചു. ''അഴിമതിയും കുംഭകോണവും ഇല്ലാത്ത ഒരു ഭരണസംവിധാനം കെട്ടിപ്പടുക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു വരുന്നു. ഇതിന്റെ ഫലമായി നികുതിദായകരുടെ ഓരോ രൂപയും രാജ്യത്തിന്റെ വികസനത്തിനും ക്ഷേമത്തിനുമായി ചെലവഴിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളില്‍ ഇന്ത്യ അഭൂതപൂര്‍വമായ നിക്ഷേപം നടത്തിയിരിക്കുന്നു. ഇന്ത്യയുടെ ദ്രുതഗതിയുള്ള പുരോഗതി ഇപ്പോള്‍ ആഗോള ചര്‍ച്ചാ വിഷയമാണ്.'' - രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
പ്രതിപക്ഷ ബഹളത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു പകരമായി കൊണ്ടുവന്ന വിബി-ജി റാം ജി പദ്ധതിയെക്കുറിച്ചു രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശിച്ച ഘട്ടത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ബഹളമുയര്‍ത്തി. ഗാന്ധിജിയുടെ ചിത്രങ്ങളുമായി എഴുന്നേറ്റ കോണ്‍ഗ്രസ്, തൃണമൂല്‍, ഡിഎംകെ അംഗങ്ങള്‍ പഴയ പേരും പദ്ധതിയും മടക്കിക്കൊണ്ടുവരണമെന്ന ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ പ്രസംഗം ആരംഭിച്ച ഘട്ടത്തിലും പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയിരുന്നു.
---------------
Hindusthan Samachar / Sreejith S