Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 ജനുവരി (H.S.)
കെഎസ്ആര്‍ടിസിക്ക് പ്രത്യേക കരുതല്‍ നല്‍കി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പുതിയ ബസ് വാങ്ഹുന്നതിന് ഉള്‍പ്പെടെ തുക വിലയിരുത്തി. ഒന്നാം തീയതി തന്നെ ശമ്പളം നല്‍കാന്‍ കഴിയുന്നതിലെ അഭിമാനം ധനമന്ത്രി എടുത്തു പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ നവീകരണത്തിനായി സര്‍ക്കാര്‍ നല്‍കിയ പിന്തുണയും മന്ത്രി എണ്ണിപ്പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രസംഗത്തിനിടെയാണ് 2021 മുതല്‍ 26 വരെയുള്ള കാലയളവില്‍ കേരള സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയുടെ നവീകരണത്തിനായി നല്‍കിയിട്ടുള്ള സഹായങ്ങള്‍ മന്ത്രി അറിയിച്ചത്.
2021 മുതല്‍ 26 വരെയുള്ള കാലയളവില്‍ കെഎസ്ആര്‍ടിസിക്കും സ്വിഫ്റ്റിനുമായി 662 പുതിയ ബസുകള്‍ വാങ്ങാനായെന്നാണ് മന്ത്രി അറിയിച്ചത്. ഇതില്‍ 134 എണ്ണം കെഎസ്ആര്‍ടിസിക്കും 528 എണ്ണം സ്വിഫ്റ്റിനുമായാണ് വാങ്ങിയത്. തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ ബസുകളില്‍ കാലപ്പഴക്കം ചെന്നവയെ പൊളിച്ച് നീക്കി പുതിയ ബിഎസ്6 ബസുകള്‍ വാങ്ങുന്നതിനായി നല്‍കുന്ന സര്‍ക്കാര്‍ വിഹിതം 127 കോടി രൂപയായി വര്‍ധിപ്പിക്കുകയാണെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
കെഎസ്ആര്‍ടിസിയിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും പ്രതിമാസ പ്രവര്‍ത്തന നഷ്ടം കുറയ്ക്കുന്നതിനും വലിയ ചുവടുവയ്പ്പുകളാണ് വകുപ്പില്‍ നിന്ന് ഉണ്ടാകുന്നത്. ഇവ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി മികച്ച ബസുകള്‍ എത്തിക്കുകയും വര്‍ക്ക്ഷോപ്പ്, ഡിപ്പോകള്‍ എന്നിവയുടെ ആധുനികവത്കരണത്തിനുമായി 45.72 കോടി രൂപ ബജറ്റില്‍ വകയിരുത്തുകയാണെന്ന് മന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു.
കെഎസ്ആര്‍ടിസിയെ ഇ-ഗവേണന്‍സ് പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ പരിഷ്‌കരണങ്ങള്‍ക്കായി 12 കോടി രൂപയും ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. മലപ്പുറം, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, ചങ്ങനാശ്ശേരി, കൊട്ടാരക്കര, കായംകുളം, ചെങ്ങന്നൂര്‍, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലെ കെഎസ്ആര്‍ടിസി ഡിപ്പോകളുടെ നവീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു.
---------------
Hindusthan Samachar / Sreejith S