Enter your Email Address to subscribe to our newsletters

Baramati, 29 ജനുവരി (H.S.)
വിമാനപകടത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്‌കാരം ഇന്ന് നടക്കും. ബാരാമതിയിലാകും സംസാകാര ചടങ്ങുകള്‍ നടക്കുക.അജിത് പവാറിന്റെ ഭൗതിക ശരീരം രാവിലെ ഏഴുമണിയോടെ കത്തേവാഡിയിലെ വീട്ടിലെത്തിച്ചു. ഇവിടെ ഒരു മണിക്കൂര്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ഇവിടെ നിന്ന് വിലാപയാത്രയായി സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന വിദ്യാ പ്രതിഷ്ഠാന്‍ കോളേജില്‍ എത്തിക്കും. രാവിലെ 11നാണ് സംസ്‌കാര ചടങ്ങുകള്‍.
ഇന്നലെയാണ് അജിത് പവാര്‍ സഞ്ചരിച്ചിരുന്ന വിമാനം അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ തകര്‍ന്നത്. ബാരാമതിയിലെ വിമാനത്താവളത്തിലായിരുന്നു അപകടമുണ്ടായത്. അജിത് പവാര്‍ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിച്ചു.
വിമാനത്തില്‍ അജിത് പവാറിന് പുറമെ പിഎസ്ഒയും ഒരു അറ്റന്‍ഡന്റും രണ്ട് ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. എല്ലാവരും അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അജിത് പവാര്‍ ഉള്‍പ്പെടെയുള്ളവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
രാവിലെ 8 മണിക്കാണ് അജിത് പവാര്‍ മുംബൈയില്‍ നിന്ന് പുറപ്പെട്ടത്. തുടര്‍ന്ന് 8.45 നും 9നും ഇടയിലായിരുന്നു അപകടം.അടിയന്തര ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ വിമാനം തകരുകയും പല കഷ്ണങ്ങളായി പിളരുകയുമായിരുന്നു. പിന്നാലെ തീയിപിടിച്ചു. സംബവ സ്ഥലത്തു നിന്നും പുറത്തു വന്ന ദൃശ്യങ്ങള്‍ അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. എല്‍ & എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
വിമാനാപകടത്തിന് കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ റണ്‍വേ കൃത്യമായി കാണാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് ഡി.ജി.സി.എ വ്യക്തമാക്കിയത്. ആദ്യ തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോഴും റണ്‍വേ കൃത്യമായി കണ്ടിരുന്നില്ല. തുടര്‍ന്ന് വീണ്ടും ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. വിമാനം അപകടത്തില്‍പ്പെടുന്നതിന് മുമ്പ് മെയ് ഡേ കോള്‍ വന്നിട്ടില്ലെന്നും ഡി.ജി.സി.എ വ്യക്തമാക്കി.
അപകടത്തില്‍ അന്വേഷണവും പുരോഗമിക്കുകയാണ്. വിമാനം വാടകയ്ക്ക് നല്‍കിയ വിഎസ്ആര്‍ കമ്പനി ഓഫീസില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ബാരാമതിയിലെ അപകട സ്ഥലത്ത് ഇന്നും പരിശോധന തുടരും. ഇന്നലെ ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരം സമര്‍പ്പിച്ചേക്കും.
---------------
Hindusthan Samachar / Sreejith S